- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണവുമായി ബന്ധപ്പെട്ട് വിശദ അന്വേഷണത്തിന് പൊലീസ്. പിടിയിലായ മുഹമ്മദ് ഇർഫാനെപ്പറ്റി സമഗ്ര അന്വേഷണം നടത്തും. ഇയാൾക്ക് ജാമ്യം കിട്ടുന്നില്ലെന്ന് ഉറപ്പിക്കാൻ അതിശക്തമായ വകുപ്പുകളും ചുമത്തും. 'ബിഹാർ റോബിൻഹുഡ്' എന്നു വിളിപ്പേരുള്ള ഇർഫാൻ മോഷണ മുതലുകളും അതു വിറ്റുകിട്ടുന്ന പണവും കൈകാര്യം ചെയ്തിരുന്ന രീതിയും അന്വേഷണ വിധേയമാക്കും. ഇർഫാന്റെ ഭാര്യയും ബിഹാർ സിതാമഡിയിലെ ജില്ലാ പരിഷത് അംഗവുമായ ഗുൽഷൻ പർവീണിനേയും പൊലീസ് ചോദ്യം ചെയ്യും. ഭാര്യയുടെ പിന്തുണയോടെയാണ് മോഷണമെന്ന വിലയിരുത്തൽ സജീവമാണ്.
ഈ മാസം പതിനാറിനാണു സീതാമഡിയിൽ നിന്നു മുഹമ്മദ് ഇർഫാൻ കൊച്ചിയിലേക്കു പുറപ്പെട്ടതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യാത്രയ്ക്കിടെ കർണാടകയിലെ ഒരു ധാബയിൽ ഒരു രാത്രി താമസിച്ചു. ഇവിടേയും മോഷണ ശ്രമം നടത്തിയെന്ന് സൂചനയുണ്ട്.. മുംബൈയിൽ ഒരു ബന്ധുവിന്റെ സ്ഥാപനത്തിൽ ഇർഫാൻ ജോലി നോക്കിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നാണ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഉപയോഗിച്ച കാർ വാങ്ങിയത്. പണം നൽകിയെങ്കിലും രേഖകൾ തന്റെ പേരിലേക്കു മാറ്റിയിരുന്നില്ല. മുംബൈയിൽ നിന്നു ബിഹാറിലേക്കു പോകും മുൻപ് അവിടെ ഒരു വീട്ടിൽ പ്രതി മോഷണശ്രമം നടത്തി. ഇതെല്ലാം അന്വേഷണ വിധേയമാക്കും.
മുന്ര് കസ്റ്റഡി അപേക്ഷയുമായി ഗോവയിലെത്തിയ മ്യൂസിയം പൊലീസിന്റെ കയ്യിൽനിന്നു മുഹമ്മദ് ഇർഫാൻ വഴുതിപ്പോയതു കോവിഡ് മൂലം. കവടിയാറിൽ രാജ്ഭവനു സമീപം ഭീമ ജൂവലറി ഉടമ ബി.ഗോവിന്ദന്റെ വീട്ടിൽ മോഷണം നടത്തിയതു മുഹമ്മദ് ഇർഫാനാണെന്നു പൊലീസ് തിരിച്ചറിഞ്ഞിരുന്നു. 2021 ഏപ്രിൽ 14 വിഷു ദിവസം പുലർച്ചെ 1.30നും 3.30നും ഇടയിലായിരുന്നു മോഷണം. 2.30 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയുമാണു നഷ്ടമായത്. ആന്ധ്ര പൊലീസാണു മോഷ്ടാവു ബിഹാറിലുള്ള ഇർഫാനാണെന്നു തിരിച്ചറിഞ്ഞത്. ഇതിനിടെ ഗോവയിലെ മോഷണക്കേസിൽ പനാജി പൊലീസ് ഇർഫാനെ അറസ്റ്റ് ചെയ്തു.
കോവിഡ് കണക്കിലെടുത്ത് ജയിലിലെ തടവുകാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചതോടെ ഗോവയിലെ കേസിൽ ഇർഫാനു കോടതി ജാമ്യം നൽകി. എല്ലാ ആഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന പ്രധാന ഉപാധി ലംഘിച്ച് ഇർഫാൻ മുങ്ങി. ഇതോടെ അന്ന് കേരളാ പൊലീസിന് ഇർഫാനെ കിട്ടിയില്ല. ഈ സാഹചര്യത്തിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചത് അടക്കം കോടതിക്ക് മുമ്പിൽ പൊലീസ് എത്തിക്കും. കൊടും മോഷ്ടാവിനെ സ്ഥിരമായി കേരളത്തിലെ ജയിലിൽ തളയ്ക്കാനാണ് നീക്കം. ഇതിന് വേണ്ടിയാണ് ബീഹാറിലെ തെളിവെടുപ്പും. ഇപ്പോൾ പ്രതിയെ പിടികൂടിയത് കേരള പൊലീസിന്റെ തന്ത്രപൂർവമായ ഓപ്പറേഷനിലൂടെ ആണ്.
15 മണിക്കൂറിനകമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയുടെ ദൃശ്യങ്ങൾ ജോഷിയുടെ വീട്ടിലെ സിസിടിവികളിൽ നിന്നു ലഭിച്ചെങ്കിലും സമീപത്തെ സിസിടിവികളിൽ നിന്നു ലഭിച്ച ദൃശ്യങ്ങളിൽ വ്യക്തത ഇല്ലാത്തത് ആദ്യഘട്ടത്തിൽ തിരിച്ചടിയായിരുന്നു. തുടർന്ന് പ്രദേശത്തെ എല്ലാ മൊബൈൽ ഫോണുകളുടെയും സിഡിആർ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇതിൽ നിന്നും പ്രതി മുഹമ്മദ് ഇർഫാന്റെ സഞ്ചാര പഥം കണ്ടെത്തി. ഇയാൾ കാറിലാണ് സഞ്ചരിക്കുന്നതെന്നും, കാറിന്റെ പ്രത്യേകതകളും വഴിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തി. മഹാരാഷ്ട്ര രജിസ്റ്റ്രേഷനുള്ള കാറിൽ ബിഹാർ സീതാമർഹി ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ എന്ന ചുവന്ന ബോർഡ് വച്ചായിരുന്നു യാത്ര. കൊച്ചി പൊലീസിൽ നിന്നു വിവരം ലഭിച്ചതോടെ മംഗലാപുരം, ഉഡുപ്പി മേഖലയിൽ കർണാടക പൊലീസ് വ്യാപക പരിശോധന ആരംഭിച്ചു.
ഇർഫാന് ഉജാല എന്നും വിളിപ്പേരുണ്ട്. വില കൂടിയ കാറുകളിൽ സഞ്ചരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. 2500 ലേറെ കിലോമീറ്റർ കാറോടിച്ചാണ് ഇയാൾ കൊച്ചിയിൽ മോഷണത്തിനെത്തിയത്. പന്ത്രണ്ടു നഗരങ്ങളിലായി 40 ലേറെ കവർച്ചകൾ ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മോഷ്ടിച്ച പണംകൊണ്ട് പാവപ്പെട്ടവരെ സഹായിക്കുന്നതിനാലാണ് ഇങ്ങനെയൊരു വിളിപ്പേര് ലഭിച്ചത്. മോഷണമുതലുകൾ വിറ്റു കിട്ടുന്ന പണത്തിന്റെ 20% വരെ നാട്ടിലെ സാധുക്കളുടെ ചികിത്സാച്ചെലവ്, വിവാഹച്ചെലവ് എന്നിവയ്ക്കും റോഡ് നിർമ്മാണത്തിനും മറ്റും വീതിച്ചു നൽകുന്നതാണു ഇർഫാന്റെ രീതി. ബിഹാറിലെ 7 ഗ്രാമങ്ങൾക്ക് കോൺക്രീറ്റ് റോഡുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട് ഇയാൾ. ദാനത്തിനു ശേഷം ബാക്കിയുള്ള പണം ആഡംബര ജീവിതത്തിനായി ചെലവിടും.
കഴിഞ്ഞവർഷം മാർച്ചിൽ പുനെയിലെ ആഡംബര പാർപ്പിട സമുച്ചയമേഖലയിൽ നടത്തിയ മോഷണത്തിന്റെ മുതലിൽ നിന്ന് 1.20 കോടി രൂപ ചെലവിട്ട് സീതാമർഹി ജില്ലയിൽപ്പെടുന്ന ജോഗിയ പഞ്ചായത്തിലെ ഏഴ് ഗ്രാമങ്ങളിൽ കോൺക്രീറ്റ് റോഡുകൾ ഇർഫാൻ പണിതു നൽകി. കൂടാതെ, നിർധന പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. സീതാമർഹിയിലെ പുപ്രി ഗ്രാമം കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഇർഫാന്റെ ഭാര്യ ജില്ലാ പരിഷത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. ഈ സാഹചര്യം മനസ്സിലാക്കാൻ കൂടി വേണ്ടിയാണ് കേരളാ പൊലീസിന്റെ ബീഹാർ യാത്ര.