പട്‌ന: റോബിൻഹുഡിനെയും കായംകുളം കൊച്ചുണ്ണിയെയും ഓർമ്മിപ്പിക്കുന്ന നല്ലവനായ കള്ളൻ. അതാണ് ബിഹാറിലെ സീതാമഡിക്കാർക്കു മുഹമ്മദ് ഇർഫാൻ. നാട്ടിൽ ഭാര്യയ്ക്ക് വോട്ടു പിടിക്കുന്നത് പോലും നാട്ടുകാർക്ക് കൃത്യമായി ഉറപ്പു നൽകി അത് പാലിച്ചു കൊണ്ടാണ്. ജില്ലാ പരിഷത് തിരഞ്ഞെടുപ്പിൽ ഇർഫാന്റെ ഭാര്യ ഗുൽഷൻ പർവീൺ സീതാമഡി പുപ്രി വാർഡിൽ നിന്നു വൻ ഭൂരിപക്ഷത്തിൽ ജയിച്ചതും ഇർഫാന്റെ ഉറപ്പിലാണ്. പർവീൺ ആകട്ടെ ഭാവി എംഎൽഎയായാണ് കണക്കാക്കുന്നത്. ഈ മോഹം മനസ്സിൽ കൊണ്ടു നടക്കവേയാമ് ഇർഫാൻ കേരളാ പൊലീസിന്റെ വലയിലാകുന്നത്.

സീതാമഡി ജോഗിയ ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ സംഭാവനയാണ്. തസ്‌കര സമ്പാദ്യത്തിലൊരു പങ്ക് നാട്ടിലെത്തുമെന്നതിനാൽ ഇർഫാൻ സീതാമഡിയിൽ പോപ്പുലറാണ്. അയൽവാസിയായ പെൺകുട്ടിക്ക് കാൻസർ ശസ്ത്രക്രിയയ്ക്ക് 20 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ചതോടെ ഇർഫാന്റെ ജനപ്രീതി അതുക്കും മേലെയായി. അൻപതോളം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം ഇർഫാന്റെ സഹായത്തിൽ നടന്നിട്ടുണ്ടെന്നാണു ഗുൽഷന്റെ കണക്ക്. ഇങ്ങനെ നല്ലവനായ കള്ളന്റെ ഇടപെടൽ ഈ ഗ്രാമത്തിൽ പലയിടത്തുമുണ്ട്.

മീശമാധവൻ കള്ളനായത് വെറുതേയല്ലെന്ന് പറയുന്നത് പോലെയാണ് ഇർഫാന്റെ കഥ. പെങ്ങൾക്കു സ്ത്രീധനം നൽകാൻ പതിനായിരം രൂപ കയ്യിലില്ലാതെ ഗതികെട്ടപ്പോഴാണ് ഇർഫാൻ ആദ്യമായി മോഷ്ടിക്കാനിറങ്ങിയത്. 2010ലെ ആദ്യ മോഷണം പിടികൂടാതെ പോയതോടെ ഇർഫാന് ആത്മവിശ്വാസമായി. നാട്ടുകാരായ പത്തു പന്ത്രണ്ടു ശിഷ്യന്മാരെ കൂട്ടി തസ്‌കരസംഘമുണ്ടാക്കി. ഡൽഹി, മുംബൈ, പുണെ തുടങ്ങി വൻ നഗരങ്ങളിലായിരുന്നു പിന്നീടുള്ള ഓപ്പറേഷനുകൾ. ഇടയ്ക്കിടെ ആഡംബര കാറുകളിൽ വീട്ടിലെത്തിയപ്പോൾ വൻ ബിസിനസ് എന്തോ തുടങ്ങിയെന്നാണു നാട്ടുകാർ കരുതിയത്. ഗ്രാമത്തിലെ ചെറിയ വീടിനു പകരം ബംഗ്ലാവ് ഉയർന്നു.

യുപിയിലെ ഗസ്സിയാബാദ് കവിനഗറിലെ ബംഗ്ലാവിൽ നിന്ന് ഒന്നര കോടി രൂപ കവർന്ന കേസിലാണു പിടിവീണത്. സിസിടിവി ക്യാമറകൾ ഇർഫാനെയും ശിഷ്യരെയും ചതിച്ചു. ഇർഫാനെ തപ്പി സീതാമഡിയിലെത്തിയ യുപി പൊലീസ്, ഭാര്യ ഗുൽഷനെയും തസ്‌കര സംഘത്തിലെ രണ്ടു പേരെയും പൊക്കി. ഇർഫാന്റെ ബിസിനസ് രഹസ്യം അതോടെ നാട്ടിൽ പാട്ടായി. ഭാര്യയും കേസിൽ പ്രതിയായതോടെ ഇർഫാൻ പൊലീസിനു കീഴടങ്ങി. ഇർഫാനെ യഥാവിധി ചോദ്യം ചെയ്ത യുപി പൊലീസ് വിഐപി വസതികളിലെ മോഷണക്കഥകൾ കേട്ടു നടുങ്ങി.

ഡൽഹിയിലെ ഒരു ജഡ്ജിയുടെ വസതിയിൽ നിന്ന് 65 ലക്ഷം രൂപ മോഷ്ടിച്ചെന്ന ഇർഫാന്റെ മൊഴിയനുസരിച്ചാണു യുപി പൊലീസ് ജഡ്ജിയെ ചെന്നു കണ്ടത്. കേസൊന്നും വേണ്ടെന്നു പറഞ്ഞു ജഡ്ജി പൊലീസിനെ തിരിച്ചയച്ചു. കള്ളപ്പണ കേസിൽ പ്രതിയാകുമെന്ന ഭയത്തിൽ ഇർഫാനോടു ക്ഷമിച്ച സന്മനസ്സുള്ള പണക്കാർ വേറെയുമുണ്ടായി. തസ്‌കര ജീവിതം ഊർജിതമായി തുടരാൻ ഇർഫാനു പ്രോത്സാഹനം പകരുന്നതായിരുന്നു വിഐപി വസതികളിലെ മോഷണാനുഭവങ്ങൾ. ആഡംബര കാറുകളിൽ മോഷണ മുതലുമായി ഗമയിൽ മുങ്ങുന്ന ഇർഫാന്റെ വാഹനം തടഞ്ഞു പരിശോധിക്കാൻ സാധാരണ പൊലീസുകാർക്കും ധൈര്യമുണ്ടാകാറില്ല.

രാജ്യത്തെ 'കുപ്രസിദ്ധ മോഷ്ടാവായ' ഭർത്താവിന്റെ പേരിൽ വോട്ട് ചോദിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയം കരസ്ഥമാക്കിയ ഗുൽഷാന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എംഎൽഎ ആകണമെന്ന മോഹം. ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ ഭർത്താവ് മുഹമ്മദ് ഇർഫാൻ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നായിരുന്നു തന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഗുൽഷാൻ പ്രതികരിച്ചത്.

താൻ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുമെന്ന് ഭർത്താവ് തന്നോട് പറഞ്ഞതായും മൂന്നുവർഷങ്ങൾക്ക് മുൻപ് ഗുൽഷാൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഭാര്യയോട് പറഞ്ഞ വാക്ക് മുഹമ്മദ് ഇർഫാൻ പാലിച്ചില്ല. ഭാര്യ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചിട്ടും 'ബിഹാർ റോബിൻഹുഡ്' എന്ന് വിളിക്കുന്ന മുഹമ്മദ് ഇർഫാൻ രാജ്യത്തെ പലഭാഗങ്ങളിലായി മോഷണം തുടർന്നു. പലതവണ പിടിക്കപ്പെട്ടു. പക്ഷേ, ജാമ്യത്തിലിറങ്ങിയാൽ വീണ്ടും എല്ലാം പഴയപടിതന്നെ. ഒടുവിൽ കൊച്ചിയിൽ ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിലും ഇർഫാൻ മോഷ്ടിക്കാൻ കയറി.

ഒരുകോടിയോളം രൂപയുടെ സ്വർണ-വജ്രാഭരണങ്ങളുമായി കടന്നുകളഞ്ഞു. എന്നാൽ, മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ 'ബിഹാർ റോബിൻഹുഡി'നെ കേരള പൊലീസും കർണാടക പൊലീസും ചേർന്ന് പൂട്ടി. മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ 'റോബിൻഹുഡ്' ഉഡുപ്പിയിൽവെച്ച് കർണാടക പൊലീസിന്റെ പിടിയിലായി.

നഗരങ്ങളിൽ സമ്പന്നർ താമസിക്കുന്ന കോളനികളും പാർപ്പിച്ച സമുച്ചയങ്ങളുമാണ് ഇർഫാൻ മോഷണത്തിനായി തിരഞ്ഞെടുക്കാറുള്ളത്. വെറും ഒരു സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് പോലും ഇയാൾ വീടിന്റെ ജനലോ വാതിലോ തകർത്ത് അകത്തുകയറും. പുലർച്ചെ ഒരുമണിക്കും മൂന്നുമണിക്കും ഇടയിലുള്ള സമയമാണ് മോഷണത്തിനായി തിരഞ്ഞെടുക്കാറുള്ളത്. ഗസ്സിയാബാദിലെ ഒരുവീട്ടിൽനിന്ന് ഏകദേശം ഒന്നരക്കോടിയുടെ വസ്തുക്കളാണ് ഇർഫാൻ മോഷ്ടിച്ചത്. ഡൽഹിയിലെ ഒരു ജഡ്ജിയുടെ വീട്ടിൽനിന്ന് 65 ലക്ഷം രൂപയും കവർന്നിരുന്നു. 2016-ൽ നോട്ട് നിരോധനത്തിന്റെ ഏതാനുംദിവസങ്ങൾക്ക് മുൻപായിരുന്നു ഈ കവർച്ച.

ആഡംബരകാറുകളിൽ സഞ്ചരിച്ച് ആഡംബരവീടുകൾ കൊള്ളയടിക്കുന്നതാണ് പ്രതിയുടെ രീതി. നേരത്തെ സ്ഥിരമായി 'ജാഗ്വാർ' കാറിലായിരുന്നു ഇയാളുടെ യാത്ര. ഏറ്റവും ഒടുവിൽ കൊച്ചിയിൽ എത്തിയപ്പോൾ അത് 'ഹോണ്ട അക്കോർഡി'ലായി. ഈ കാറിൽ 'ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സീതാമർഹി' എന്ന ചുവന്ന ബോർഡും ഘടിപ്പിച്ചിരുന്നു.

തന്റെ ഭർത്താവ് ഈ കുറ്റകൃത്യങ്ങൾ ചെയ്തത് ഒരിക്കലും തന്റെ കുടുംബത്തിന് വേണ്ടിയല്ലെന്നായിരുന്നു 2021-ൽ ഇർഫാന്റെ ഭാര്യ ഗുൽഷാൽ പർവീൺ മാധ്യമങ്ങളോട് പറഞ്ഞത്. "അദ്ദേഹം ആരെയും വെറുംകൈയോടെ പറഞ്ഞയക്കില്ല. ഒരിക്കലും കുടുംബത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. സഹായം ആവശ്യമുള്ളവർക്കും പാവപ്പെട്ടവർക്കും വേണ്ടിയാണ് എല്ലാംചെയ്തത്', ഗുൽഷാൻ പറഞ്ഞു.

മോഷണമുതലിൽനിന്ന് ഒരുവിഹിതം ഉപയോഗിച്ച് ഗ്രാമത്തിലെ പാവപ്പെട്ടവരെ സഹായിക്കുന്നതായിരുന്നു ഇർഫാന്റെ രീതിയെന്ന് വിവിധ ദേശീയമാധ്യമങ്ങളെല്ലാം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വന്തം ഗ്രാമമായ ജോഗിയയിലും സമീപപ്രദേശങ്ങളിലുമായി ഒരു കോടി രൂപ ചെലവാക്കി ഏഴ് റോഡുകളാണ് മോഷ്ടാവ് നിർമ്മിച്ചുനൽകിയത്. ഇതിനുപുറമേ ഒട്ടേറെ പെൺകുട്ടികളുടെ വിവാഹത്തിനും രോഗികളുടെ ചികിത്സയ്ക്കും ഇയാൾ പണംനൽകി സഹായിച്ചിരുന്നു. ഇതുകൊണ്ടുതന്നെ 2021-ൽ ഗുൽഷാൻ പർവീൺ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഇർഫാന്റെ പേരിലാണ് വോട്ട് ചോദിച്ചത്. ഗുൽഷാന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലും രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ഭർത്താവിന്റെ ചിത്രമുണ്ടായിരുന്നു.

ഗ്രാമത്തിലെ ജനങ്ങൾ വോട്ട് ചെയ്തത് തനിക്കല്ല, തന്റെ ഭർത്താവിനാണെന്നായിരുന്നു തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഗുൽഷാന്റെ പ്രതികരണം. രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ അതിന്റെ മുഴുവൻ 'ക്രെഡിറ്റും' ഭർത്താവിനാണെന്നായിരുന്നു ഗുൽഷാൻ പറഞ്ഞിരുന്നത്. ഒരിക്കൽ മോഷണത്തിന് ഭർത്താവിനെ സഹായിച്ചെന്ന കുറ്റത്തിന് ഗുൽഷാനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.