റാഞ്ചി: വീട്ടുജോലിക്കാരിയായ ഗോത്രവർഗ യുവതിയെ അതിക്രൂരമായി മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ഝാർഖണ്ഡിലെ വനിതാ ബിജെപി നേതാവിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ബിജെപി ജാർഖണ്ഡ് വനിതാ വിഭാഗം ദേശീയ വർക്കിങ് കമ്മിറ്റി അംഗമായ സീമാ പാത്രയയെയാണ് പാർട്ടി സസ്പെന്റ് ചെയ്തത്. 'ബേട്ടി ബച്ചാവോ, ബേഠി പഠാവോ' ക്യംപെയിന്റെ സംസ്ഥാന കൺവീനറുമായി ഇവർ പ്രവർത്തിച്ചിരുന്നു.

ആദിവാസി വിഭാഗത്തിൽപ്പെട്ട വീട്ടുജോലിക്കാരിയെ സുനിത എന്ന യുവതിയെ അതിക്രൂരമായി സീമാ പാത്ര ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ആരോപണം. തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകൾ സുനിത വിവരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ജാർഖണ്ഡ് ബിജെപി അധ്യക്ഷൻ ദീപക് പ്രകാശ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സീമാ പാത്രയുടെ ഭർത്താവ് മഹേശ്വർ പാത്ര മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

വീട്ടുജോലിക്കാരി സുനിത എന്ന ഗോത്രവർഗ യുവതിയെ പീഡിപ്പിച്ചതിന് സീമ പാത്രയ്ക്കെതിരെ കേസെടുത്തു. റാഞ്ചിയിലെ അർഗോഡ പൊലീസ് സ്റ്റേഷനിൽ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സീമാ പാത്രയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. തന്നെ കഴിഞ്ഞ 8 വർഷമായി പീഡിപ്പിച്ചുവെന്നും ചൂടുള്ള വസ്തുക്കളുപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിച്ചുവെന്നും സുനിത ആരോപിച്ചു. സുനിതയുടെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തി.

തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകൾ സുനിത വിവരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിച്ചു. സീമാ പാത്ര തന്റെ പല്ലടിച്ച് കൊഴിച്ചതായും തറയിൽ വീണ മൂത്രം നക്കിയെടുക്കാൻ ആവശ്യപ്പെട്ടതായും സുനിത പറയുന്നു. സീമാ പാത്രയുടെ മകൻ ആയുഷ്മാനാണ് തന്നെ സഹായിച്ചതെന്നും ആയുഷ്മാൻ ഇല്ലായിരുന്നെങ്കിൽ താൻ ഇന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നുവെന്നും സുനിത പറയുന്നു. സുനിത നേരിടേണ്ടി വന്ന ക്രൂരതകൾ സഹോദരിയേയും ഭർത്താവിനേയും അറിയിച്ചിരുന്നെങ്കിലും ഏറ്റെടുക്കാൻ അവർ തയ്യാറായില്ല.

ആയുഷ്മാൻ വീട്ടിലെ സംഭവങ്ങൾ സുഹൃത്തായ വിവേക് ബാസ്‌കെയെ അറിയിച്ചു. സുനിത, വിവേകിനോട് തന്റെ ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയും അയാളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു. ആയുഷ്മാൻ അറിയിച്ചത് പ്രകാരം ഒരു സുഹൃത്ത് സുനിതയുടെ വിവരങ്ങൾ പൊലീസിനെ അറിയിക്കുകയും തുടർന്ന് പൊലീസെത്തി യുവതിയെ രക്ഷപെടുത്തുകയും ചെയ്തെന്നാണ് വിവരം. നിലയിൽ റാഞ്ചി റിംസ് ആശുപത്രിയിൽ ചികിത്സയിലാണ് സുനിത . ആരോഗ്യം വീണ്ടെടുത്താൽ പഠനം തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുനിത പറയുന്നു.

വിഷയത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മിഷൻ (എൻസിഡബ്ല്യു), ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയാണെന്നു കണ്ടെത്തിയാൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ജാർഖണ്ഡ് ഡിജിപിക്ക് കത്തുനൽകി. ഇരയ്ക്ക് ഏറ്റവും മികച്ച ചികിത്സയും സുരക്ഷിതമായ പുനരധിവാസവും ഉറപ്പാക്കാനും കമ്മിഷൻ നിർദ്ദേശിച്ചു. വിഷയത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് ഏഴു ദിവസത്തിനകം കമ്മിഷനെ അറിയിക്കണം. സീമ പാത്രയ്‌ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തി.

ആശുപത്രിക്കിടക്കയിൽ നിന്നുമാണ് ബിജെപി നേതാവിന്റെ വീട്ടിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് സുനിത വിവരിച്ചത്. എഴുന്നേറ്റ് ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സുനിതയിപ്പോൾ. നിരവധി പല്ലുകൾ നഷ്ടപ്പെട്ട നിലയിലാണ്. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുമുണ്ട്. 29കാരിയായ സുനിത 10 വർഷമായി സീമാ പാത്രയുടെ വീട്ടിലാണ് ജോലി നോക്കിയിരുന്നത്. സീമാ പാത്രയുടെ മകൾ ഡൽഹിയിലേക്ക് പോയപ്പോൾ സുനിതയേയും സഹായത്തിനായി അവിടേക്ക് അയച്ചിരുന്നു. 4 വർഷങ്ങൾക്ക് മുമ്പാണ് റാഞ്ചിയിലേക്ക് തിരികെ എത്തുന്നത്

പത്രയുടെ വീട്ടിൽ താമസിച്ച് ജോലി ചെയ്യുന്ന സുനിതയെ എട്ട് വർഷത്തോളം പീഡിപ്പിച്ചതായി 'ദലിത് വോയ്സ്' എന്ന സന്നദ്ധ സംഘടന ചൂണ്ടിക്കാട്ടി. ചൂടുള്ള തവയും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് മർദിക്കുകയും തറയിലെ മൂത്രം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ദലിത് വോയ്സ് ട്വീറ്റിൽ പറയുന്നു. ആശുപത്രി കിടക്കയിൽ കിടക്കുന്ന സുനിത സംസാരിക്കാൻ പോലുമാകാതെ പ്രയാസപ്പെടുന്ന വീഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്. പല്ലുകൾ പൊട്ടിയതും ശരീരത്തിലെ മർദനമേറ്റ ചതവുകളും വിഡിയോയിൽ കാണാം.

ഝാർഖണ്ഡിലെ ഗുംല സ്വദേശിയായ സുനിത 10 വർഷം മുമ്പാണ് പത്രയുടെ വീട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയത്. ഡൽഹിയിൽ പത്രയുടെ മകൾ വത്സലയുടെ വീട്ടിലായിരുന്നു ആദ്യ നാലുവർഷം പണിയെടുത്തിരുന്നത്. പിന്നീട് വത്സലയും സുനിതയും റാഞ്ചിയിലേക്ക് തന്നെ മടങ്ങി. ഇതിനുശേഷം തുടർച്ചയായി പീഡനമായിരുന്നുവെന്ന് സുനിത പറഞ്ഞു. എന്നാൽ, ഇതിന് എന്താണ് കാരണമെന്ന് പോലും തനിക്കറിയില്ലെന്ന് ഇവർ പറയുന്നു.