തലശേരി: കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വീണ്ടും ബോംബുനിർമ്മാണം വ്യാപകമാകുന്നു. വഴിയിൽ ഉപേക്ഷിക്കപ്പെട്ട സ്റ്റീൽ ബോംബു പൊട്ടി ആസാം സ്വദേശികളായ രണ്ടു ആക്രിതൊഴിലാളികൾ കൊല്ലപ്പെട്ടതിന്റെ ചോരമണം മായുംമുൻപെയാണ് ഓണനാളുകളിൽ വിവിധയിടങ്ങളിലുണ്ടായ ബോംബ്സ്ഫോടനങ്ങൾ നാടിനെ വീണ്ടും നടുക്കിയിരിക്കുന്നത്. ആർ. എസ്. എസ് - എസ്.ഡി.പി. ഐ സംഘർഷം നിലനിൽക്കുന്ന ചാവേശരിയിൽ ആർ. എസ്. എസ് പ്രവർത്തകന്റെ വീടിനു സമീപം ബോംബ് സ്ഫോടനം നടന്നതിനു പിന്നാലെ കണ്ണവം പതിനേഴാം മൈലിൽ ബോംബ് സ്ഫോടനം നടന്നു.

ഇന്ന് പുലർച്ചെ ഒരുമണിയോടു കൂടിയാണ് ഉഗ്രസ്ഫോടനമുണ്ടായത്. ഒരു തവണയാണ് സ്ഫോടനമുണ്ടായതെന്നും നാടൻ ബോംബാണ് പൊട്ടിയതെന്നും കണ്ണവം പൊലിസ് അറിയിച്ചു. പരിശോധനയ്ക്കായി കണ്ണൂരിൽ നിന്നും ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബിന്റെ സാമ്പിളുകൾ ശേഖരിച്ചു. വ്യാഴാഴ്‌ച്ച രാത്രി പത്തുമണിയോടെയാണ് ചാവശേരി മണ്ണോറയിൽ റോഡിൽ ബോംബ് സ്ഫോടനമുണ്ടായത്. ആർ. എസ്. എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുൻപിലുള്ള റോഡിലാണ് സ്ഫോടനമുണ്ടായത്.

മട്ടന്നൂർ പൊലിസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഉഗ്രസ്ഫോടനത്തിന് ശേഷം ഒരാൾ ഓടിപ്പോകുന്നതായി കണ്ടതായി പ്രദേശവാസികൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ, കൂത്തുപറമ്പ് എ.സി. പി പ്രദീപൻ കണ്ണിപൊയിൽ, മട്ടന്നൂർ സി. ഐ എം.കൃഷ്ണൻ, എസ്. ഐ റെജി സ്‌കറിയ എന്നിവരുടെ നേതൃത്വത്തിൽ വൻപൊലിസ് സംഘം തന്നെ സ്ഥലത്തെത്തിയിരുന്നു. കണ്ണൂരിൽ നിന്നും ഫോറൻസിക് വിഭാഗവും ബോംബ്സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്തുവരികയാണ്.

രണ്ടാഴ്‌ച്ച മുൻപ് ചാവശേരിയിൽ ആർ. എസ്. എസ്- എസ്.ഡി. പി. ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറുവീടുകളും ഒരു കാറും തകർത്തിരുന്നു.സംഘർഷവുമായി ബന്ധപ്പെട്ട് ആർ. എസ്. എസ്, എസ്. ഡി. പി. ഐ പ്രവർത്തകരായ ആറുപേരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് ചാവശേരി ടൗണിൽ പൊലിസ് കാവൽ തുടരുന്നുണ്ട്. ഇതിനിടെയിലാണ് വീണ്ടും ചാവശേരിയിൽ ബോംബ് സ്ഫോടനമുണ്ടായത്. പ്രദേശത്ത് ബോംബിനും ആയുധങ്ങൾക്കുമായി പൊലിസ് വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്.