കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി മർദ്ദനത്തെ തുടർന്നായിരുന്നു. കേസിലെ മുഖ്യപ്രതിയായ സിൻജോ ജോൺസനാണ് അതിക്രൂരമായി സിദ്ധാർഥിനെ മർദ്ദിച്ചത്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റുനേടിയ സിൻജോ ജോൺസൻ തന്റെ കരാട്ടെ 'മികവ്' സിദ്ധാർഥിൽ പ്രയോഗിക്കുകയായിരുന്നു.

കണ്ണില്ലാ ക്രൂരതയാക്കിയപ്പോഴാണ് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥൻ മൃതപ്രായനായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമായത്. സിദ്ധാർഥനെ ആൾക്കൂട്ടവിചാരണ നടത്തുന്നതിനിടെ ചവിട്ടി താഴെയിട്ടതും വയറിനുമുകളിൽ തള്ളവിരൽപ്രയോഗം നടത്തിയതുമെല്ലാം സിൻജോയാണ്. ഇതെല്ലാം കാരണം ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത അവസ്ഥയിൽ സിദ്ധാർഥ് എത്തുകയും ചെയതു. ഒട്ടേറെത്തവണ അടിക്കുകയും മറ്റുള്ളവരെക്കൊണ്ട് നിർബന്ധിച്ച് അടിപ്പിക്കുകയുംചെയ്തത് സിൻജോയായിരുന്നു.

പോരാഞ്ഞ് സിദ്ധാർഥന്റെ കണ്ഠനാളം കൈവിരലുകൾവെച്ച് അമർത്തിപ്പിടിച്ചു. ഇതോടെയാണ് സിദ്ധാർഥൻ വെള്ളംകൊടുത്തിട്ടുപോലും ഇറക്കാൻ കഴിയാത്ത അവസ്ഥയിലായതെന്നാണ് വിദ്യാർത്ഥികൾ പൊലീസിന് മൊഴിനൽകിയത്. അവശനായ സിദ്ധാർഥൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ തങ്ങൾ എത്തിച്ചുകൊടുത്തെങ്കിലും കാര്യമുണ്ടായില്ല. ഒടുവിൽ വിശപ്പും ദാഹവും മാറാതെയാണ് സഹപാഠികളുടെ ക്രൂരതയ്ക്കിരയായ ആ വിദ്യാർത്ഥി മരിച്ചത്.

ആൾക്കൂട്ടവിചാരണ നടത്താനുള്ള പ്ലാനും സിൻജോയുടേതായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ തലയുണ്ടാവില്ലെന്ന് സിൻജോ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് സിൻജോയെ പൊലീസ് മുഖ്യപ്രതിയാക്കിയതും. ക്രൂരതകാണിച്ചതിൽ രണ്ടാമൻ കാശിനാഥനാണ്. ബെൽറ്റുകൊണ്ട് കൂടുതൽതവണ അടിച്ചത് കാശിനാഥനാണ്. ഇയാൾ മനോനില തെറ്റിയപോലെയാണ് സിദ്ധാർഥനോട് പെരുമാറിയത്. 'സൈക്കോ' എന്നാണ് അറിയപ്പെടുന്നതുപോലും.

അതിനിടെ സിദ്ധാർഥനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് വിദ്യാർത്ഥികൾ തന്നോടുപറഞ്ഞെന്ന് വെളിപ്പെടുത്തിയ വൈത്തിരി പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ എൻ.ജെ. ജ്യോതിഷ് കുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. സിദ്ധാർഥനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയശേഷം രണ്ട് എസ്.എഫ്.ഐ.ക്കാർ അകത്തുകയറി വാതിലടച്ചശേഷം, പുറത്തുനിന്ന അഞ്ചുപേർ വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നുവെന്നാണ് ജ്യോതിഷ് കുമാർ ഒരു ന്യൂസ്ചാനലിൽ പറഞ്ഞത്. കൊലപാതകമാണോ എന്ന് സംശയമുയർന്ന സാഹചര്യത്തിലാണ് മൊഴിയെടുക്കുന്നത്.

അതിനിടെ സിദ്ധാർഥിന്റെ മരണത്തിന് ശേഷം പരാതി നൽകിയ പെൺകുട്ടിക്കെതിരെ അന്വേഷണം വേണമെന്ന് സിദ്ധാർഥിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. മകന്റെ മരണത്തിൽ ആ പെൺകുട്ടി മുഖ്യകണ്ണിയാണെന്നും ഗൂഢാലോചനാ കുറ്റം ചുമത്തണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. എന്തിനാണ് മരണ ശേഷം പെൺകുട്ടി പരാതി നൽകിയതെന്ന് അറിയണമെന്നും സിദ്ധാർഥിന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു.

പെൺകുട്ടിക്കെതിരെ ഇരുവരും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. മൊഴിയെടുക്കാനായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി പി എൻ സജീവനും സംഘവുമാണ് എത്തിയത്. ഇവർക്ക് മുമ്പിലാണ് മാതാപിതാക്കൾ മൊഴി നൽകിയത്. കേസിൽ ആന്റി റാഗിങ് സെല്ലിന്റെ റിപ്പോർട്ടിൽ പേരുണ്ടായിരുന്ന അക്ഷയ് എന്ന വിദ്യാർത്ഥിക്കെതിരെയും അന്വേഷണം വേണമെന്ന് സിദ്ധാർഥിന്റെ പിതാവ് ആവശ്യപ്പെട്ടു. കേസിലെ പത്തൊമ്പതാമനാണ് അക്ഷയ് എന്നാണ് കോൺഗ്രസിന്റെ ആരോപണം. മൂന്നാറിലെ പ്ലാന്ററുടെ മകനായി ഇയാളെ സംരക്ഷിക്കുന്നത് എംഎം മണിയാണെന്ന ആരോപണവും ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി അടക്കമുള്ളവർ ആരോപണം ഉന്നയിച്ചു.