- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺ ടെലികോം ഡ്യൂട്ടി എന്ന വ്യാജ സ്റ്റിക്കർ പതിച്ച് എത്തിയ മിനിലോറി; കേബിൾ അറ്റകുറ്റപ്പണിക്കാരെന്ന വ്യാജേന റിഫ്ളക്ടർ കോട്ടു ധരിച്ച് കട്ടറുമായി യുവാക്കളും; 10 ലക്ഷം രൂപയുടെ ബി എസ് എൻ എൽ ചെമ്പ് കേബിളുകൾ മോഷ്ടിച്ച് കടത്തിയ കേസിൽ കുറ്റപത്രമായി; പ്രതിസ്ഥാനത്ത് അഞ്ച് യുവാക്കൾ
തിരുവനന്തപുരം: തലസ്ഥാന നഗര ഹൃദയത്തിൽ ഓൺ ടെലികോം ഡ്യൂട്ടി എന്ന വ്യാജ സ്റ്റിക്കർ പതിച്ച മിനി ലോറിയിൽ കേബിൾ അറ്റകുറ്റപ്പണി ചെയ്യുന്ന തൊഴിലാളികളെന്ന വ്യാജേന റിഫ്ളെക്ടർ കോട്ടും ധരിച്ച് 3 ദിവസങ്ങളിലായി 10 ലക്ഷം രൂപയോളം വില വരുന്ന ബി എസ് എൻ എൽ ചെമ്പ് കേബിളുകൾ മോഷ്ടിച്ച് കടത്തിയ കേസിൽ തലസ്ഥാന ജില്ലക്കാരായ 5 യുവാക്കൾക്കെതിരെ കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് തിരുവനന്തപുരം സിറ്റി തമ്പാനൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. അതിയന്നൂർ കല്ലുംമൂട് ജയലക്ഷ്മി നിവാസിൽ നന്ദകുമാർ (24) , തിരുമല മങ്കാട് ടിസി 8/491ചർച്ച് വ്യൂ ഹൗസിൽ വിഷ്ണുരാജ് (30) , ആറാലുംമൂട് കല്ലുംമൂട് ജയലക്ഷ്മി ഭവനിൽ സന്തോഷ് (42) , അതിയന്നൂർ നെല്ലിമൂട് തേരിവിള വീട്ടിൽ അനീഷ് (23), നെയ്യാറ്റിൻകര പാറോട്ടുകോണം മാമ്പള്ളി വീട്ടിൽ അലക്സ് (28) എന്നിവരെ 1 മുതൽ 5 വരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയുള്ളതാണ് പൊലീസ് കുറ്റപത്രം.
2022 മെയ് 24, 26, ജൂൺ 7 എന്നീ മൂന്ന് തിയതികളിലായാണ് 5 അംഗ മോഷണ സംഘം 13.5 കി.മി. നീളത്തിൽ ബിഎസ്എൻഎല്ലിന്റെ 10 ലക്ഷത്തിന്റെ ഇറക്കുമതി ചെയ്ത ചെമ്പ് കേബിളുകൾ മോഷ്ടിച്ചത്. ബി എസ് എൻ എൽ അധികൃതർ ഫോർട്ട് , വഞ്ചിയൂർ, തമ്പാനൂർ പൊലീസ് സ്റ്റേഷനുകളിൾ ഉടനുടൻ പരാതി നൽകിയിട്ടും ആദ്യ ദിവസം തന്നെ പൊലീസ് ഉണർന്ന് നഗരത്തിൽ പട്രോളിങ് ശക്തമാക്കിയിരുന്നെങ്കിൽ പിന്നാലെ നടന്ന 2 മോഷണങ്ങൾ ഒഴിവാക്കാമായിരുന്നു.
നഗരത്തിലെ ഒരു മേഖല കേന്ദ്രീകരിച്ച് 3 ദിവസം കൊണ്ട് കേബിൾ മോഷണം നടന്നിട്ടും പൊലീസ് അറിഞ്ഞില്ല. രാത്രി 3 മണിക്കൂറോളം സമയമെടുത്ത് വാഹനങ്ങൾ തടഞ്ഞു നിർത്തിയായിരുന്നു കേബിൾ മുറിക്കലും കടത്തലും നടന്നത്. മെയ് 24 ന് പവർഹൗസ് റോഡിൽ ലോറി ഗാരേജ് സമീപം ബി എസ് എൻ എൽ ടവർ - ചാല മാർക്കറ്റിനുള്ളിലൂടെ പത്മനാഭാ തീയറ്റർ വരെ 2.5 കി.മി ദൂരത്തിൽ കേബിൾ മുറിച്ചു കടത്തിയായിരുന്നു ആദ്യ മോഹഷണം. രണ്ടാം തവണ മെയ് 26 ന് പവർഹൗസ് റോഡ് - ചെന്തിട്ട ഗ്രാമം - കിള്ളിപ്പാലം വരെ 10 കി.മി.ദൂരത്തിൽ 2 കേബിളുകൾ മോഷ്ടിച്ചു കടത്തി. പിന്നാലെ മൂന്നാം തവണ ജൂൺ 7 ന് ശ്രീകണ്ഠേശ്വരം - തകരപ്പറമ്പ് വരെ 1 കി. മി.ദൂരത്തിൽ കേബിൾ മോഷ്ടിച്ചു.
ജൂൺ 11 ന് മോഷണ സിസിറ്റിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് ജാഗരൂകരായ പൊലീസ് പിറ്റേന്ന് 12 ന് പ്രതികളെ പിടികൂടിയത്. നാലാം തവണ 2022 ജൂൺ 12 രാത്രി സംഘം റിലയൻസ് കേബിൾ മോഷ്ടിക്കവേയാണ് കൃത്യ സ്ഥലത്ത് വച്ച് സ്പോട്ട് അറസ്റ്റിലായത്. പവർഹൗസ് റോഡിൽ പാർത്ഥാസിന് സമീപത്തെ പോസ്റ്റിൽ ഏണി ചാരി കട്ടർ കൊണ്ട് കേബിൾ മുറിച്ച് വാഹനത്തിലേയ്ക്കു മാറ്റുന്നതു കണ്ട് സംശയം തോന്നിയ തമ്പാനൂർ നൈറ്റ് പട്രോൾ ഡ്യൂട്ടി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണശ്രമം വെളിവായത്.
ഒരു വർഷം മുൻപ് റോഡ് പണിക്കിടെ ഭൂമിക്കടിയിലൂടെയുള്ള വലിയ കേബിൾ മുറിഞ്ഞതിനെ തുടർന്ന് താൽക്കാലികമായി സ്വന്തം പോസ്റ്റുകളിലൂടെയും കെഎസ്ഇബിയുടെ പോസ്റ്റുകളിലൂടെയും ബിഎസ്എൻഎൽ വലിച്ചതായിരുന്നു ഇറക്കുമതി ചെയ്ത ചെമ്പു കേബിളുകൾ. ചാല കമ്പോളത്തിലെ ലാൻഡ്ഫോൺ, ബ്രോഡ്ബാൻഡ് കണക്ഷനുകളെല്ലാം ഈ കേബിൾ ശൃംഖലയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. കേബിൾ മോഷണം പോയതോടെ മുന്നൂറോളം കണക്ഷനുകൾ നിശ്ചലമായി. 128 കണക്ഷനുകൾ നൽകാൻ ശേഷിയുള്ള കേബിളാണ് മോഷ്ടിക്കപ്പെട്ടത്.
കേബിളുകൾ അനധികൃതമായി മുറിച്ചെടുത്ത് ബാലരാമപുരം രാമപുരത്ത് എത്തിച്ച് ഉരുക്കി പ്ലാസ്റ്റിക്കിൽ നിന്നും ചെമ്പുകമ്പികൾ വേർതിരിച്ചെടുത്ത് തമിഴ്നാട്ടിലെത്തിച്ച് വിൽക്കുന്നന്നതാണ് സംഘത്തിന്റെ രീതി. തുടക്കത്തിൽ മോഷ്ടിക്കപ്പെട്ടത് പൂട്ടിപ്പോയ കമ്പനിയുടെ കേബിളുകളും സെറ്റ് അപ്പ് ബോക്സ് , 2 ജി ലൈൻ കേബിളുകളും ആയതിനാൽ ആരും പരാതിപ്പെട്ടിരുന്നില്ല. എന്നാൽ ബിഎസ്എൻഎല്ലിന്റെ കേബിളുകൾ കൂടി മുറിച്ചതോടെയാണ് പൊലീസിന് പരാതി ലഭിച്ചതും പവർ ഹൗസ് റോഡ് കേന്ദ്രീകരിച്ച് തമ്പാനൂർ പൊലീസ് പട്രോളിങ്ങ് ശക്തമാക്കിയതും.