കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ അക്കൗണ്ടുകളിൽ തിരിമാറിയിൽ മാനേജർക്ക് അപ്പുറത്തേക്കും അന്വേഷണം. സംഭവത്തിൽ വിശദപരിശോധന നടത്തുമെന്ന് മേയർ ബീന ഫിലിപ്പ് വ്യക്തമാക്കി. തിരിമറി മാനേജറിൽ മാത്രം ഒതുങ്ങില്ല. കോഴിക്കോട് കോർപറേഷന്റെ 15.24 കോടി രൂപ ബാങ്ക് തട്ടിച്ചു. ബാങ്കിൽ കൃത്രിമ സ്റ്റേറ്റ്‌മെന്റുകൾ ചമച്ചു. ഏറെനാളായി പണമിടപാട് നടക്കാത്ത അക്കൗണ്ടുകളിലാണ് തട്ടിപ്പുനടന്നത്. കോർപറേഷൻ ജീവനക്കാർക്ക് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും മേയർ പ്രതികരിച്ചു.

കേസ് അന്വേഷണം അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. തട്ടിപ്പിന്റ വ്യാപ്തി കൂടിയ സാഹചര്യത്തിലാണ് അന്വേഷണം ടൗൺ പൊലീസിൽനിന്നു മാറ്റിയത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ബാങ്കിലേക്ക് മാർച്ച് നടത്തി. ബാങ്കിൽ നിന്ന് പണം പോയതിന്റെ പേരിൽ കോർപറേഷൻ ഭരണ സമിതിയുടെ പിടലിക്ക് കയറാൻ ആരും നോക്കേണ്ടന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. അതേസമയം, കോർപറേഷന് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് ഡപ്യൂട്ടി മേയർ മുസാഫിറും വ്യക്തമാക്കി.

ഇതിനിടെ കോഴിക്കോട് കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുത്ത പഞ്ചാബ് നാഷനൽ ബാങ്ക് മുൻ മാനേജർ എംപി.റിജിൽ, പണം ചെലവാക്കിയത് ഓൺലൈൻ ഗെയിം കളിക്കാനാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഓഹരികളിലും പണം നിക്ഷേപിച്ചു. 8 കോടിയോളം രൂപയാണ് ഇത്തരത്തിൽ ചെലവാക്കിയത്. സീനിയർ മാനേജരായിരുന്ന എംപി.റിജിൽ അധികാരം ദുർവിനിയോഗിച്ചെന്നും കണ്ടെത്തി. ക്രമക്കേട് പുറത്താകാതിരിക്കാൻ ബാങ്ക് രേഖകളിൽ കൃത്രിമം കാണിച്ചതായും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കോർപറേഷന്റെ അക്കൗണ്ടിലെ പണം റിജിലിന്റെ അച്ഛന്റെ അക്കൗണ്ടിലേക്കാണ് ആദ്യം മാറ്റിയത്. ചെറിയ തുകകളായി മാറ്റിയ ശേഷം റിജിലിന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഇതിൽ നിന്നാണ് ഓൺലൈൻ ഗെയിമുകൾക്കായി പണം ചെലവഴിച്ചത്. കോർപറേഷന്റെ അക്കൗണ്ടിലെ പണം അച്ഛന്റെ അക്കൗണ്ടിലേക്ക് മാറ്റുമ്പോൾ കൃത്രിമം കാണിച്ചിരുന്നു. അച്ഛന്റെ അക്കൗണ്ടിലേക്ക് പണം എവിടെനിന്ന് വന്നു എന്നു രേഖപ്പെടുത്തേണ്ട ഭാഗം ഒഴിച്ചിട്ടു. സീനിയർ മാനേജർക്ക് മാത്രമുള്ള അധികാരമാണ് ഇതിലൂടെ ദുർവിനിയോഗിച്ചത്. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

കുടുംബശ്രീ അക്കൗണ്ടിൽ നിന്ന് മാത്രം 10.5 കോടി രൂപയാണ് കാണാതായത്. കോർപറേഷന്റ 2.5 കോടി രൂപ മുൻ മാനേജർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു ആദ്യ കണ്ടെത്തൽ. ഈ തുക കോർപറേഷന് ബാങ്ക് തിരിച്ചു നൽകുകയും ചെയ്തു. എന്നാൽ ഇതേ ശാഖയിലുള്ള മറ്റു 12 അക്കൗണ്ടുകളിലെ ഇടപാടുകൾ കോർപറേഷൻ പരിശോധിച്ചപ്പോഴാണ് കൂടുതൽ തട്ടിപ്പ് കണ്ടെത്തിയത്.

98 ലക്ഷം രൂപ കവർന്നെന്നായിരുന്നു ബാങ്കിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ, 2.53 കോടി രൂപ നഷ്ടപ്പെട്ടെന്ന നിലപാടിൽ കോർപറേഷൻ ഉറച്ചുനിന്നു. തുടർന്ന് ബാങ്ക് നടത്തിയ ആഭ്യന്തര ഓഡിറ്റിലാണ് 2.5 കോടിയോളം രൂപ എംപി.റിജിൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് നഷ്ടമായ മുഴുവൻ തുകയും തിരിച്ചുനൽകിയത്. തുടർന്ന് റിജിലിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. അതേസമയം, പഞ്ചാബ് നാഷണൽ ബാങ്കിന്റെ ചെന്നൈ സോണൽ ഓഫിസിൽ നിന്നുള്ള ഓഡിറ്റിങ്ങ് വിഭാഗം കോഴിക്കോട് എത്തിയിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടിയേക്കുമെന്നുമാണ് സൂചന.