കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിലെ പ്രതിയായ രാഹുൽ മുമ്പും വിവാഹം കഴിച്ചിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ഇയാൾ വിവാഹ തട്ടിപ്പുവീരനാണെന്ന സൂചനകളും പുറത്തുവരുന്നത്. ഇതോടെ സംഭവത്തിൽ കൂടുതൽ അന്വേഷണം വേണ്ടി വരും. രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബഹുഭാര്യത്വം ചൂണ്ടിക്കാണിച്ചാണ് പരാതിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

കോട്ടയത്തും എറണാകുളത്തും രാഹുൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം. വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയാണ് പരാതി. ഒടുവിൽ രജിസ്റ്റർ ചെയ്ത യുവതി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നടന്നത്. ഇതോടെ തിരക്കിട്ടു നടത്തിയ വിവാഹത്തിന് പിന്നിലെ ചതിയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.

മുൻ വിവാഹങ്ങളുടെ വിവരം രാഹുലിന്റെ കുടുംബം മറച്ചുവെച്ചെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. ഇതിനിടെ ഗാർഹിക പീഡനക്കേസിൽ യുവതിയുടെ കുടുംബം വനിത കമ്മീഷനും ആലുവ റൂറൽ എസ്‌പിക്കും പരാതി നൽകി. രാഹുലിന്റെ അമ്മക്ക് എതിരെയും കേസെടുക്കണം എന്ന് യുവതിയുടെ ആവശ്യപ്പെട്ടു. രാഹുലിന്റെ അമ്മയും കേസിലെ പ്രധാന കണ്ണി. വീണ്ടും മൊഴി എടുക്കാൻ എത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ എത്തിയിട്ടില്ല. പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുത് ഒരുക്കുകയാണ് പൊലീസ് എന്നും മാതാവ് പറഞ്ഞു.

പന്തീരങ്കാവ് സിഐ തന്നോട് പെരുമാറിയത് നല്ല രീതിയിൽ അല്ലെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. അത്തരം പെരുമാറ്റം പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. പൊലീസ് സംരക്ഷിക്കേണ്ടത് ഇരയായവരെയാണ്. നേരത്തെ രണ്ടു തവണ രാഹുലിന് വിവാഹ നിശ്ചയം നടന്നിരുന്നു. പക്ഷേ, പിന്നീട് വിവാഹത്തിൽ നിന്ന് പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറുകയായിരുന്നു. ഇക്കാര്യങ്ങൾ മകളുടെ വിവാഹ ശേഷമാണ് താൻ അറിഞ്ഞത്. വിവാഹം പെട്ടന്ന് നടത്തണം എന്ന് രാഹുലിന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. നീതി ലഭിക്കും വരെയും നിയമ പോരാട്ടം തുടരുമെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

രാഹുലിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. രാഹുൽ ഒളിവിൽ പോയെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പെൺകുട്ടി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ പൊലീസിനെതിരെ കേസെടുത്തു. സംഭവത്തിൽ പരാതിപ്പെട്ടിട്ടും യഥാസമയം കേസെടുക്കാത്ത പന്തീരാങ്കാവ് പൊലീസിനെതിരെയാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.

ഇതിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിക്കണം. സംഭവം വിവാദമായതോടെ പൊലീസിനെരിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. വിവാദമായതോടെയാണ് സംഭവത്തിൽ ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തത്. നേരത്തെ ഗാർഹിക പീഡനത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. കേസെടുക്കാൻ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് വൈകിയ സാഹചര്യം ഉൾപ്പെടെ ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് പെൺകുട്ടിയുടെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് സ്വദേശിയായ രാഹുൽ മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. രാഹുലിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഭർത്തൃവീട്ടിൽ വിവാഹത്തിന്റെ ആറാംനാളിലാണ് മാല്യങ്കര സ്വദേശിനിക്ക് മർദനമേറ്റത്. 70 പവനിലേറെ സ്വർണം നൽകിയാണ് ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനിയറായ രാഹുലുമായി എം.ടെക്. ബിരുദധാരിയായ പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. കൂടുതൽ സ്ത്രീധനവും കാറും ആവശ്യപ്പെട്ട് മർദിച്ചതായാണ് പരാതി. പരാതിയുമായി ചെന്നപ്പോൾ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ തങ്ങളെക്കാൾ പരിഗണന പ്രതിയായ രാഹുലിന് ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. വീടുകളിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെന്നും രമ്യതയിൽ പറഞ്ഞുതീർക്കണമെന്നുമാണ് പൊലീസുകാർ നിർദ്ദേശിച്ചതെന്ന് പരാതിയിലുണ്ട്.