ഇടുക്കി: കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ കേരളം അടക്കമുള്ള പലയിടത്തും പ്രതിഷേധം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടിയത്. എന്നാൽ, പിഎഫ്‌ഐ ശക്തികേന്ദ്രങ്ങളിൽ പോലും അതുണ്ടായില്ല. അതേസമയം ഇടുക്കിയിലെ ഒരു ചെറു സിറ്റിയിൽ നടന്ന പ്രതിഷേധ പ്രകടനം പൊലീസിനെ ശരിക്കും ഞെട്ടിച്ചു. ഇതോട ഈ സംഭവത്തിൽ കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.

അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത്. ഇടുക്കി നെടുങ്കണ്ടത്തിന് സമീപം ബാലൻപിള്ള സിറ്റിയിലാണ് സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തിയത്. ബാലൻപിള്ളസിറ്റി ഇടത്തറമുക്ക് സ്വദേശികളായ ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെയാണ് ഇവർ പ്രകടനം നടത്തിയത്.

അനുമതിയില്ലാതെ പ്രകടനം നടത്തൽ, സംഘം ചേരൽ, പൊതുസ്ഥലത്ത് ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. നെടുങ്കണ്ടം പൊലീസാണ് കേസെടുത്തത്. പ്രകടനത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് പങ്കെടുത്തവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

അതേസമയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ കർശനനടപടികൾ നിർദേശിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും പോപ്പുലർ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ മുദ്രവയ്ക്കാനുമാണ് സർക്കാർ ഉത്തരവ്. ഓഫീസുകൾ ഇന്ന് തന്നെ പൂട്ടി സീൽ ചെയ്യും.

കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കുമാണ് നടപടികൾക്കുള്ള അധികാരം നൽകിയിരിക്കുന്നത്. ആഭ്യന്തരസെക്രട്ടറിയാണ് ഉത്തരവിറക്കിയത്. നടപടികൾ ക്രമീകരിക്കാൻ ഡിജിപി ഉടൻ സർക്കുലറും പുറത്തിറക്കും.