- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാവേർ ആക്രമണത്തിന് സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് അടക്കം തെളിവുകൾ; പ്രതിയുടെ ഐ എസ് ബന്ധത്തിനും സ്ഥിരീകരണം; കോയമ്പത്തൂർ സ്ഫോടനത്തിലെ വേരുകൾ കണ്ടെത്താൻ എൻഐഎ അന്വേഷണം; ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കോയമ്പത്തൂർ: കോയമ്പത്തൂരിലെ സ്‌ഫോടന കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കും. എൻഐഎ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. കേസിന്റെ ഗൗരവം വിശദീകരിച്ച് തമിഴ്‌നാട് സർക്കാർ എൻഐഎ അന്വേഷണത്തിന് ശുപാർശ നൽകിയിരുന്നു. കോയമ്പത്തൂരിലേത് ചാവേർ ആക്രമണമെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തിയിന് പിന്നാലെയാണ് അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇത് സംബന്ധിച്ച ശുപാർശ കേന്ദ്രസർക്കാരിന് നൽകിയത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ ചാവേർ ആണെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ പുറത്തുവന്നതോടെ കേസിന്റെ ഗൗരവം കണക്കിലെടുത്തായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ നീക്കം. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ടെററിസം ആൻഡ് കൗണ്ടർ റാഡിക്കലൈസേഷൻ (സിടിസിആർ) വിഭാഗം എൻഐഎ അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിറക്കി.
പ്രതികളിൽ ഒരാളുടെ ഐ എസ് ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാർശ നൽകിയത്. എൻഐഎ സംഘം ഇന്നലെ തന്നെ കോയമ്പത്തൂരെത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെയും എൻഐഎ ചോദ്യം ചെയ്തിരുന്നു.
ഒക്ടോബർ 23-ന് കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിലായിരുന്നു കാർ സ്ഫോടനം നടന്നത്. സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു സ്ഫോടനം. സംഭവത്തിൽ ആറ് പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബിന്റെ ബന്ധു അഫ്സർ ഖാനാണ് ഏറ്റവുമൊടുവിൽ അറസ്റ്റിലായത്.
ഓൺലൈനായി സ്‌ഫോടനക്കൂട്ടുകൾ ഓർഡർ ചെയ്‌തെന്ന് സംശയിക്കുന്ന ലാപ്‌ടോപ് പൊലിസ് അഫ്‌സ്ഖർ ഖാന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ അറസ്റ്റ്. ചാവേറാക്രമണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലാപ്ടോപ്പിൽ ഉണ്ടെന്നാണ് വിവരം.
ജമേഷ മുബീന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത എഴുപത്തിയാറര കിലോ സ്‌ഫോടകവസ്തു ചേരുവ ഓൺലൈനായി വാങ്ങി എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇവ പലപ്പോഴായി വാങ്ങി സൂക്ഷിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ. വിശദവിവരം അറിയാൻ, ഇ കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്‌ളിപ്കാർട്ട് എന്നിവയ്ക്ക് പൊലീസ് കത്തെഴുതി.
രണ്ട് വർഷത്തിനിടെ കോയമ്പത്തൂരിൽ വിറ്റ സ്‌ഫോടക വസ്തുക്കളുടെ വിവരമാണ് ആവശ്യപ്പെട്ടത്. ആരാണ് ഓർഡർ ചെയ്തത്, പണം നൽകിയ രീതി, എവിടെയാണ് ഡെലിവറി ചെയ്തത് എന്നും പൊലീസ് പരിശോധിക്കുന്നു. മുക്കാൽ ക്വിന്റൽ സ്‌ഫോടക ശേഖരം സൂക്ഷിച്ചത് കൂടുതൽ ആക്രമണങ്ങൾക്ക് വേണ്ടിയാണ് എന്നാണ് പൊലീസ് സംശയം.
ഇന്ന് അറസ്റ്റിലായ അഫ്‌സ്ഖറിന്റെ വീട്ടിലാണ് പൊട്ടിത്തെറിച്ച കാർ പാർക്ക് ചെയ്യാറുള്ളത് എന്നും പൊലീസ് കണ്ടെത്തി. നഗരത്തിൽ സംശയം തോന്നുന്ന എല്ലാ വാഹനവും പൊലീസ് പരിശോധിക്കുന്നുണ്ട്. ക്രമസമാധാന സാഹചര്യം വിലയിരുത്താൻ കോയമ്പത്തൂരിൽ പ്രത്യേക യോഗം ചേർന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കോയമ്പത്തൂർ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപം കാറിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫിറോസ് ഇസ്മായിൽ, നവാസ് ഇസ്മായിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് പിടിയിലായത്. ജി.എം നഗർ, ഉക്കടം സ്വദേശികളാണ് ഇവർ. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമീഷ മുബിനുമായി അടുത്ത ബന്ധം ഉള്ളവരായിരുന്നു അഞ്ചുപേരും.
അറസ്റ്റിലായ 5 പേർക്കെതിരെ തമിഴ്‌നാട് പൊലീസ് യുഎപിഎ ചുമത്തിയിരുന്നു. ഞായർ പുലർച്ചെ ടൗൺ ഹാളിനു സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിലുണ്ടായ സ്‌ഫോടനത്തിൽ ഉക്കടം എച്ച്എംപിആർ സ്ട്രീറ്റിലെ ജമേഷ മുബിൻ (29) ആണു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ജമേഷ മുബിനെയും പ്രതികളിൽ ചിലരെയും 2019ൽ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടത്തിയ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സഹ്‌റൻ ഹാഷിമുമായി സമ്പർക്കം പുലർത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
മറുനാടന് മലയാളി ബ്യൂറോ