കൊല്ലം: ചടയമംഗലത്ത് വിവാഹം കഴിഞ്ഞു ഒരുവർഷമായി യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ. മണ്ണാം പറമ്പ് പ്ലാവിള വീട്ടിൽ കിഷോറിന്റെ ഭാര്യ എൻജിനീയറിങ് ബിരുദധാരി ലക്ഷ്മി എം പിള്ളയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കും പങ്കുണ്ടെന്നാണ് ആരോപണം.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയ ശേഷം സംസ്‌ക്കരിച്ചു. വൈകുന്നേരം അടൂർ പഴ വിളയിൽ വീട്ടു വളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചു. അതേസമയം യുവതിയുടെ മരണത്തിൽ രോഷാകുലരായ ബന്ധുക്കൾ ഭർത്താവിനെതിരെ തിരിഞ്ഞ നാടകീയ സംഭവങ്ങൾക്കും ഇന്ന് സാക്ഷിയായി. ഇന്ന് വീട്ടിൽ മൃതദേഹം എത്തിച്ചപ്പോഴാണ് ഭർത്താവ് കിഷോറും ബന്ധുക്കളും എത്തിയത്.

എന്നാൽ, വീട്ടിൽ എത്തിയ കിഷോറിനെതിരെ ബന്ധുക്കൾ രോഷാകുലരായി. ലക്ഷ്മിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് കിഷോറാണെന്നാണ് ഇവർ ആരോപിച്ചത്. ഇന്നലെ ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയപ്പോൾ അവിടേക്ക് കിഷോർ തിരിഞ്ഞു നോക്കിയില്ലെന്നും പിന്നെ എന്തിനാണ് ഇപ്പോൾ ദുഃഖം കാണിക്കാൻ എത്തിയത് എന്നും ആരോപിച്ചാണ് ബന്ധുക്കൾ രോഷാകുലരായത്. ബന്ധുക്കളിൽ ചിലർ കിഷോറിനെ മർദ്ദിക്കാൻ ഓങ്ങുകയും ചെയ്തു. ഈ സമയം നാട്ടുകാരാണ് യുവാവിനെ മർദ്ദനത്തിൽ നിന്നും രക്ഷപെടുത്തിയത്.

ലക്ഷ്മിയും ഭർത്താവും തമ്മിൽ അത്ര രസത്തിലായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വിദേശത്തായിരുന്ന കിഷോർ ലക്ഷ്മിയുമായി നിരന്തരം ഫോണിൽ വാക്കേറ്റം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. മൂന്നു വർഷം മുമ്പ് ലക്ഷ്മിയുടെ അച്ഛൻ മോഹനൻ പിള്ള മരണപ്പെട്ടിരുന്നു. ഒരു വർഷം മുന്നേ ആണ് ലക്ഷ്മിയുടെ വിവാഹം നടന്നത്. ഒരു മാസം കഴിഞ്ഞ് വിദേശത്തുപോയ കിരൺ. കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വർണ്ണവും പണവും നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു.

കിഷോറിന്റെ വീട്ടിൽ അമ്മയും സഹോദരിയും ആണ് താമസിച്ചിരുന്നത്. കിഷോറും ബന്ധുക്കളും മുറിയിൽ നിൽക്കുന്നതാണ് കണ്ടത്. ലക്ഷ്മി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. ബന്ധുക്കളും പൊലീസും എത്തിയ ശേഷം മാത്രം മൃതദേഹം മാറ്റിയാൽ മതി എന്ന് പറഞ്ഞിട്ടും ആരും കേട്ടില്ല എന്നാണ് അമ്മ രമ ആരോപിക്കുന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബന്ധുക്കളിൽ നിന്ന് വിവരം ശേഖരിച്ച ചടയമംഗലം പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞദിവസം രാവിലെ ആണ് വിദേശത്തുനിന്നും ഭർത്താവ് ആയ കിഷോർ വീട്ടിലെത്തിയത്. വാതിൽ തുറക്കാത്തതിനാൽ ബന്ധുക്കളെ വിളിച്ചുവരുത്തി എന്നാണ് യുവാവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കിഷോർ ഇന്നലെ രാവിലെ 11 മണിയോടെ കൂടിയാണ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തി ഭാര്യ ലക്ഷ്മി വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരിൽ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോൾ ലക്ഷ്മി തൂങ്ങിനിൽക്കുന്ന ആണ് കാണപ്പെട്ടത്.

എൻജിനീയറിങ് ബിരുദധാരിയാണ ലക്ഷ്മി. അടൂർ പഴകുളം വൈഷ്ണവത്തിൽ പരേതനായ മോഹനന്റെയും രമയുടെയും മകളാണ്. ഒരു വർഷം മുൻപായിരുന്നു വിവാഹം. ഒരു മാസം കഴിഞ്ഞപ്പോൾ കിഷോർ അവധി കഴിഞ്ഞ് കുവൈത്തിലേക്കു മടങ്ങി. അടൂരിൽ വീട്ടിലായിരുന്ന ലക്ഷ്മി, കിഷോർ വരുന്നതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. ഗൾഫിൽ നിന്നും അവധി ആഘോഷിക്കാനാണ് ഭർത്താവ് വീട്ടിലെത്തിയത്. വീട്ടിലെത്തി ഭാര്യയെ വിളിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. മറുപടി ലഭിക്കാത്തതിനാൽ കിഷോർ വീടിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. ഈ സമയം കിടപ്പുമുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.

ഒത്തിരി നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ സംശയം തോന്നിയ കിഷോർ അടൂരിൽ നിന്നും ലക്ഷ്മിയുടെ അമ്മയെ അടക്കം വളിച്ചു വരുത്തുകയായിരുന്നു. ലക്ഷ്മിയുടെ ബന്ധുക്കൾ എത്തിയ ശേഷം വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് അവിടെ ലക്ഷ്മി തൂങ്ങി നിൽക്കുന്നത് കണ്ടത്.