- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ട്രെയിൻ പോയ ശേഷം 'അത്ഭുതം'; ചാക്കയിൽ കുട്ടിയെ കണ്ടെത്തിയ കഥ
തിരുവനന്തപുരം: ചാക്കയിൽ കാണാതായ കുട്ടിയെ കണ്ടെത്താൻ സഹായിച്ചത് ഡ്രോൺ ഉപയോഗിച്ചുള്ള അന്വേഷണം. കുട്ടിയെ എങ്ങനെ കണ്ടെത്തിയെന്നതിൽ വലിയ ദരൂഹതകളും സംശയങ്ങളും ഉയർന്നിരുന്നു. ബ്രഹ്‌മോസിന് പിൻഭാഗത്തായി ആരും ശ്രദ്ധിക്കാത്ത, റെയിൽവേ ട്രാക്കിന് സമീപത്തായുള്ള ഓട കണ്ടെത്തിയത് ഡ്രോൺ പരിശോധനയിലാണ്. കുട്ടി ആ പ്രദേശത്ത് തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് ഡ്രോൺ പരിശോധന നടത്തിയത്.
നാടോടി സംഘത്തിൽനിന്ന് കുട്ടിയെ കാണാതായ വിവരമറിഞ്ഞയുടൻ ഡിസിപി നിധിൻരാജിന്റെ നേതൃത്വത്തിൽ പൊലീസ് സജീവമായി. അച്ഛനമ്മമാരെയും കുട്ടിയുടെ സഹോദരങ്ങളെയും പേട്ട സ്റ്റേഷനിൽ എത്തിച്ച് മൊഴിയെടുത്തു. ഒപ്പം തിരച്ചിലും. നാല് അസി. കമീഷണർമാരെയും ആറ് സിഐമാരെയും ആറ് എസ്ഐമാരെയും തിരച്ചിലിന് ചുമതലപ്പെടുത്തി സിറ്റി പൊലീസ് മേധാവി സി എച്ച് നാഗരാജുവിന്റെ നിർദ്ദേശമെത്തി. തിങ്കളാഴ്ച രാവിലെ അന്വേഷണം ആരംഭിക്കുമ്പോൾ 'കുട്ടിയെ കണ്ടെത്തുക എന്നതിനാണ് പ്രഥമ പരിഗണന' എന്നാണ് സിറ്റി പൊലീസ് കമീഷണർ പറഞ്ഞത്. ഇത് സംഭവിക്കുകയും ചെയ്തു.
സൈബർ ടീമിന്റെ അഞ്ച് ടീമുകൾ സിസിടിവി പരിശോധിച്ചു. അഞ്ച് ടീമുകൾ ഫോൺ ടവറുകൾ കേന്ദ്രീകരിച്ച് പരിശോധനയും നടത്തി. മറ്റ് നാടോടി സംഘങ്ങൾക്കിടയിലും ഭിക്ഷാടകർക്കിടയിലുമായിരുന്നു പ്രധാനമായും അന്വേഷണം. പ്രദേശത്തെ കുറ്റിക്കാടുകളും മറ്റും പരിശോധിക്കാനായി രണ്ട് സംഘത്തെയും നിയോഗിച്ചു. വൈകുന്നേരത്തോടെ ഡ്രോൺ വിഭാഗം തിരച്ചിലാരംഭിച്ചു. ഇതാണ് നിർണായകമായത്. ഈ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത് എന്നാണ് സൂചന. അന്വേഷണം ശാസ്ത്രീയ രീതിയിൽ മുന്നോട്ട് കൊണ്ടുപോയതാണ് രാത്രി ഏഴരയാകുമ്പോഴേക്ക് കുട്ടിയെ അമ്മയ്ക്ക് അരികിലെത്തിക്കാൻ പൊലീസിന് സഹായകരമായതെന്നാണ് ഔദ്യോഗിക ഭാഷ്യം.
കാണാതായ സ്ഥലവും കുട്ടിയെ കിട്ടിയ പ്രദേശവും തമ്മിൽ ഒന്നേകാൽ കിലോമീറ്റർ ദൂരമുണ്ട്. റെയിൽവേ ട്രാക്കിലൂടെ രാത്രി കുഞ്ഞ് ഇത്ര ദൂരം നടക്കാനുള്ള സാധ്യത വിരളമാണെന്ന് പൊലീസ് പറയുന്നു. ഇത്രദൂരം നടന്നെത്താൻ കുഞ്ഞിന് ഒരു മണിക്കൂറിന് മുകളിൽ സമയം വേണം. പാതിരാത്രി കുട്ടി ഒറ്റയ്ക്ക് അത്രദൂരം പോകാനുള്ള സാധ്യത പൊലീസ് തള്ളുന്നു. തട്ടിക്കൊണ്ടുപോയതാകാമെന്നും പരിശോധന അറിഞ്ഞ് ഓടയിൽ ഒളിപ്പിച്ചതാകാമെന്നുമാണ് പ്രാഥമിക നിഗമനം.
കാണാതായ മകളെ കണ്ടെത്തിയ കേരള പൊലീസിന് കണ്ണീരിൽ കുതിർന്ന നന്ദി അറിയിച്ച് രണ്ടു വയസ്സുകാരിയുടെ പിതാവും രംഗത്തു വന്നു. അതിനിടെ കുട്ടി എങ്ങനെയാണു കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടയിലെത്തിയത് എന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ ആരോ കൊണ്ട് നിർത്തിയതെന്നാണ് സംശയിക്കുന്നത്. പകലൊന്നും കുട്ടിയെ അവിടെ കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
"ഇന്നലെ രാത്രി മുതൽ പൊലീസുകാർ ഈ പ്രദേശമാകെ അരിച്ചുപെറുക്കിയിരുന്നു. വൈകുന്നേരവും വന്നു നോക്കി. ഒരു ട്രെയിൻ പോയതിനു ശേഷം അവരു നോക്കിയപ്പോഴാണ് കണ്ടത്. ആരോ കൊണ്ടുവച്ചതാണ്. കാടുപിടിച്ച സ്ഥലത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്." നാട്ടുകാരിൽ ഒരാൾ മാധ്യമങ്ങളോടു പറഞ്ഞു. റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന നാടോടികളായ ദമ്പതികളുടെ മകളെയാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
ഓൾ സെയിന്റ്‌സ് കോളജിനു സമീപത്തുനിന്നാണു കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.