- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചാക്കയിലെ തട്ടിക്കൊണ്ടു പോകലിൽ ഉത്തരമില്ലാതെ ഇപ്പോഴും ചോദ്യങ്ങൾ മാത്രം
തിരുവനന്തപുരം: ഹസ്സൻകുട്ടി എങ്ങനെ, എപ്പോൾ കുട്ടിയെ ഉപേക്ഷിച്ചു കടന്നു എന്നതിന് പൊലീസിനും വ്യക്തമായ മറുപടിയില്ല. പ്രതി ഉപേക്ഷിച്ച സ്ഥലത്തുനിന്നാണോ പെൺകുഞ്ഞിനെ കണ്ടെത്തിയതെന്ന ചോദ്യത്തിനും മറുപടിയില്ല. തൈക്കാട് ശിശുക്ഷേമസമിതിയുടെ സംരക്ഷണകേന്ദ്രത്തിലാണ് കുഞ്ഞും അവളുടെ സഹോദരങ്ങളും. 12 ദിവസങ്ങൾക്ക് മുൻപാണ് അവരെ ഇങ്ങോട്ടേക്ക് മാറ്റിയത്.ആദ്യ രണ്ടുദിവസം അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നെങ്കിലും അവർ പോകണമെന്ന് പറഞ്ഞതോടെ മാറ്റി. പിന്നീട് പൊലീസിന്റെ സാന്നിധ്യത്തിൽ ഇവരെ ഭർത്താവിനൊപ്പം അയച്ചു.
ഇവർ ഗർഭിണിയുമായതിനാലാണ് ഭർത്താവിന് ഒപ്പം അയയ്ക്കാൻ ശിശുക്ഷേമസമിതി തീരുമാനിച്ചത്. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ബന്ധുക്കൾ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും രേഖകൾ ഹാജരാക്കാത്തതിനാൽ കൈമാറിയില്ല.കുട്ടിയുടെ ജനന സർട്ടിഫിക്കറ്റോ മറ്റ് രേഖകളോ മാതാപിതാക്കളുടെ പക്കൽ ഇല്ലാത്തതുകൊണ്ടാണ് ഡി.എൻ.എ. പരിശോധന നടത്താൻ തീരുമാനിച്ചതും വിട്ടുകൊടുക്കാത്തതും. പരിശോധനയിൽ അവരുടെതാണെന്ന് തെളിഞ്ഞാൽ കുഞ്ഞിനെ നടപടികൾ പൂർത്തിയാക്കി വിട്ടുനൽകും.
കുട്ടിയെ കാണാതായത് അറിഞ്ഞ് അച്ഛന്റെ ബന്ധുക്കൾ വിമാനത്തിലാണ് ബംഗ്ലൂരുവിൽ നിന്നെത്തിയത്. ഇവരുടെ വിമാനയാത്രയോടെ നാടോടികളെ കുറിച്ച് പൊലീസിനും സംശയമായി. ഈ സാഹചര്യത്തിലാണ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തത്. തേൻ ശേഖരിച്ച് വിറ്റ് ജീവിച്ച നാടോടി കുടുംബം ഇടയ്ക്കിടയ്ക്ക് കേരളത്തിൽ വരാറുണ്ട്. ഹൈദരാബാദിലാണ് ഇവരുടെ സ്ഥിര താവളം. ഈ സാഹചര്യത്തിലാണ് ഡി എൻഎ പരിശോധന നടത്തിയത്. ഈ ഫലം എതിരായാൽ നാടോടികളും പ്രതിക്കൂട്ടിലാകും.
ഡി.എൻ.എ. പരിശോധനഫലം തിങ്കളാഴ്ച ലഭിച്ചേക്കും. പ്രത്യേക പരിഗണന നൽകി വേഗം ഫലം ലഭ്യമാക്കണമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ മേധാവികൾ ഫൊറൻസിക് ലാബിലേക്ക് കത്തുനൽകിയിരുന്നു. ചാക്കയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ ഹസൻകുട്ടി നിരവധി കേസുകളിലെ പ്രതിയാണ്. അയിരൂരിൽ 2022 മാർച്ചിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ചെന്ന കേസുമുണ്ട്. മിഠായിയും പലഹാരവും വാങ്ങിക്കൊടുത്ത് 11 വയസ്സുള്ള വിദ്യാർത്ഥിനിയെ വശത്താക്കി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ബസിലാണ് സ്‌കൂളിലേക്കു വന്നിരുന്നത്. ബസ് സ്റ്റോപ്പിൽ വച്ചും മറ്റും പലഹാരങ്ങൾ വാങ്ങിനൽകിയാണ് പ്രതി കുട്ടിയെ പരിചയപ്പെട്ടത്. സ്‌കൂളിൽ പോകാൻ കുട്ടി കയറിയ ബസിൽ ഹസൻകുട്ടിയും കയറി സ്‌കൂളിനു മുന്നിലിറങ്ങി. തുടർന്ന് സമീപത്തുള്ള കടയിൽനിന്നു കുട്ടിക്കു മിഠായി വാങ്ങിക്കൊടുത്തശേഷം ലൈംഗികാതിക്രമത്തിനു ഇരയാക്കുകയായിരുന്നു. ഈ സംഭവത്തിൽ ഇയാൾ അറസ്റ്റിലായിരുന്നു. 2024 ജനുവരി 12-നാണ് ശിക്ഷ കഴിഞ്ഞ് ജയിലിൽനിന്നിറങ്ങിയത്.
അപരിചിതരുടെയും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെയും കുട്ടികളെയാണ് ഇയാൾ ലക്ഷ്യമിടുന്നത്. കല്ലമ്പലം, ചിറയിൻകീഴ്, ആലപ്പുഴ എന്നിവിടങ്ങളിൽ ഏഴ് മോഷണക്കേസുകളും ഇയാളുടെ പേരിലുണ്ട്. അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ് ഇയാൾ.