- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തൽ; മൃതദേഹം പുറത്തെടുത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന്; ആത്മഹത്യയായി ചിത്രീകരിച്ച ഡെൻസി ആന്റണിയുടെ മരണത്തിലെ ദുരൂഹത നീക്കി പ്രാഥമിക റിപ്പോർട്ട്; അന്വേഷണം തുടരുന്നു
ചാലക്കുടി: രണ്ടരവർഷം മുമ്പ് അബുദാബിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ നോർത്ത് ചാലക്കുടി സ്വദേശിനി ഡെൻസി ആന്റണിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. കൂടുതൽ സ്ഥിരീകരണത്തിന് പോസ്റ്റ്‌മോർട്ടത്തിന്റെ പൂർണ റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്.
2020 മാർച്ച് അഞ്ചിനാണ് ഡെൻസി അബുദാബിയിൽ കൊല്ലപ്പെട്ടത്. കോഴിക്കോട് സ്വദേശി ഹാരിസിനെയും ഡെൻസിയെയും ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അബുദാബിയിലെ പൊലീസിന്റെ റിപ്പോർട്ടും കേരള പൊലീസിന്റെ നിഗമനത്തെ ശരിവയ്ക്കുന്നതാണ്. വ്യാഴാഴ്ചയാണ് ഡെൻസിയുടെ മൃതദേഹം പരിശോധനയ്ക്കായി കല്ലറയിൽനിന്ന് പുറത്തെടുത്തത്. തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തി, വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ച ശേഷം സെമിത്തേരിയിൽ കൊണ്ടുവന്ന് സംസ്‌കരിച്ചിരുന്നു.
നോർത്ത് ചാലക്കുടി സെയ്ന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തിരുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് പുറത്തെടുത്തത്. ഡെൻസിയുടെ മരണം കൊലപാതകമാണെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. നിലമ്പൂരിൽ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് ഡെൻസിയുടെ മരണത്തിലും വെളിപ്പെടുത്തലുണ്ടായത്.
പാരമ്പര്യ വൈദ്യൻ ഷാബാഷരീഫിന്റെ വധവുമായി ബന്ധപ്പെട്ട് പിടിയിലായ കൂട്ടുപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡെൻസിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിയത്. ഷാബാഷരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ നിർദേശ പ്രകാരം അബുദാബിയിൽ ഡെൻസിയെയും ഹാരിസിനെയും കൊലപ്പെടുത്തി എന്നായിരുന്നു കൂട്ടുപ്രതികളുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് റീ പോസ്റ്റ്മോർട്ടം നടത്തിയത്.
2019 ഡിസംബറിലാണ് ഡെൻസി ജോലി തേടി വിസിറ്റിങ് വിസയിൽ വിദേശത്തേക്ക് പോയത്. ഹാരിസിന്റെ സ്ഥാപനത്തിൽ മാനേജരായി ജോലി ശരിയായെന്നും മാർച്ച് 20-ന് നാട്ടിലെത്തുമെന്നും വിസ അടിച്ചശേഷം തിരിച്ചു പോകുമെന്നും വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ മാർച്ച് അഞ്ചിന് മരണവാർത്തയാണ് എത്തിയത്. കൃത്യമായ ആസൂത്രണത്തിലൂടെ ഇരുവരെയും കൊലപ്പെടുത്തിയ പ്രതികൾ, സംഭവം ആത്മഹത്യയായി ചിത്രീകരിക്കുകയായിരുന്നു.
പിന്നീട് നാട്ടുവൈദ്യന്റെ കൊലപാതകവിവരം പുറത്തറിഞ്ഞ സമയത്താണ് അബുദാബിയിലെ കൊലപാതകം ആസൂത്രണം ചെയ്ത വിവരങ്ങളും പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഹാരിസിന്റെ മൃതദേഹവും പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഡെൻസിയുടെ മൃതദേഹവും പുറത്തെടുത്ത് പരിശോധിക്കാൻ തീരുമാനിച്ചത്.
മറുനാടന് മലയാളി ബ്യൂറോ