- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചേലക്കരയിൽ സംഭവിച്ചത് എന്ത്?
തൃശൂർ: തൃശൂർ ചേലക്കരയിൽ പെരുന്നാൾ തലേന്ന് വീട്ടിലെത്തിയ മരുമകനെ ഭാര്യയുടെ വീട്ടുകാർ മർദിച്ചതെന്ന പരാതിയിൽ ട്വിസ്റ്റ്. പുതിയ ആരോപണങ്ങളുമായി ഭാര്യ വീട്ടുകാർ രംഗത്തു വന്നു. പൊലീസിനെതിരേയും ആക്ഷേപങ്ങളുന്നയിച്ചു. ഭാര്യയുടെ അമ്മയുടെ തലയിലെ മുറിവ് അവരുടെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ്.
ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന ചേലക്കര സ്വദേശി സുലൈമാനെ ഭാര്യാ പിതാവും മാതാവും ചേർന്ന് തല്ലുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ സുലൈമാനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ റസീനയും മാതാവ് സെഫിയയും രംഗത്തെത്തി. സുലൈമാൻ ചുറ്റിക കൊണ്ട് തലക്കടിച്ചതിനെത്തുടർന്നാണ് തിരിച്ചടിച്ചതെന്ന് ഭാര്യാ മാതാവ് സെഫിയ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ സെഫിയ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് മരുമകനും ഭാര്യയുടെ വീട്ടുകാരും തമ്മിൽ കയ്യാങ്കളിയുണ്ടായത്. വീട്ടിൽ കയറി സുലൈമാൻ ആക്രമണം നടത്തുകയായിരുന്നുവെന്നും ഇതിനുപിന്നാലെയാണ് ജീവരക്ഷാർത്ഥം സുലൈമാനെ തിരിച്ചടിച്ചതെന്നുമാണ് ഭാര്യാ വീട്ടുകാർ പറയുന്നത്. എന്നാൽ, സുലൈമാനെ ഭാര്യാ വീട്ടുകാർ തിരിച്ചു തല്ലുന്ന സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് പുറത്തുവന്നതെന്നും ഇവർ പറയുന്നു. ചേലക്കര സ്വദേശിനി റസീനയും ഭർത്താവ് സുലൈമാനും തമ്മിൽ അകന്നു കഴിയുകയായിരുന്നു.
റസീനയ്ക്ക് കുടുംബം നൽകിയ എട്ടു സെന്റ് സ്ഥലത്തായിരുന്നു റസീന താമസിച്ചിരുന്നത്. സ്വത്തിന്റെ പേരിൽ മകളെ ഉപദ്രവിക്കാറുണ്ടായിരുന്നു സുലൈമാൻ. സുലൈമാൻ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുന്നെന്ന് മകൾ വിളിച്ചറിയിച്ചതിനെത്തുടർന്നാണ് അവിടേക്ക് വന്നതെന്ന് മാതാവ് സെഫിയ പറഞ്ഞു. മകൾ റസീനയെ കൊല്ലാനാണ് സുലൈമാൻ അവിടെ എത്തിയതെന്നും ജീവരക്ഷാർത്ഥമാണ് തിരിച്ചടിച്ചതെന്നും സെഫിയ പറഞ്ഞു. തുടർന്ന് സുലൈമാൻ ചുറ്റിക ഉപയോഗിച്ച് തലയ്ക്കും തോളിനും അടിച്ചുവെന്നും സെഫിയ പറഞ്ഞു.
ഇതിനിടയിൽ ഭാര്യയെ മരുമകൻ ആക്രമിക്കുന്നത് കണ്ട് അവിടേക്കു വന്ന മൊയ്തു മരുമകനെ തല്ലി ഓടിക്കുകയായിരുന്നു. ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായ സുലൈമാന്റെ പരാതിയിൽ മൊയ്തുവിനെ പൊലീസ് കസ്റ്റഡിലിലെടുത്തിട്ടുണ്ട്. എന്നാൽ, വീടു കയറി സ്ത്രീകളെ ഉപദ്രവിച്ച സുലൈമാനെതിരെ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ഭാര്യ റസീന ആരോപിച്ചു.