കാസർകോട്: സിപിഎം നിയന്ത്രിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുകൾക്ക് ഇനിയും അന്ത്യമില്ല. തലസ്ഥാനമായ തിരുവനന്തപുരത്ത് അടക്കം നിരവധി സഹകരണ തട്ടിപ്പുകൾ അടുത്തിടെ റിപ്പോർട്ടു ചെയത്ിരിക്കുന്നത്. ഇതിന് പിന്നാലെ ഇപ്പോൾ കാസർകോഡ് ജില്ലയിൽ നിന്നും വൻ തട്ടിപ്പു നടന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. സ്വർണപ്പണയ വായപ്പയുടെ പേരിൽ കോടികളുടെ തട്ടിപ്പു നടന്നിരിക്കുന്നത് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലാണ്.

അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പ എടുത്തെന്നാണ് പരാതി. സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ സംഘം സെക്രട്ടറി കർമംതോടിയിലെ കെ.രതീശനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളും വഞ്ചനയും അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് രതീശനെതിരെ കേസെടുത്തിരിക്കുന്നത്.

സഹകരണ സംഘം പ്രസിഡന്റ് ബെള്ളൂർ കിന്നിങ്കാറിലെ കെ.സൂപ്പി നൽകിയ പരാതിയിലാണ് നടപടി. രതീശൻ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം അന്വേഷണം സിപിഎമ്മിലേക്കും എത്തിയതോടെ തടിയൂരാനുള്ള ശ്രമം പാർട്ടിയുലും ശക്തമാണ്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ.രതീശനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

പ്രാഥമിക പരിശോധനയിൽ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വർണം ഇല്ലാതെയാണ് 7 ലക്ഷം രൂപ വരെ അനുവദിച്ചത്. ജനുവരി മുതൽ പല തവണകളായാണ് വായ്പകൾ അനുവദിച്ചത്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവരം ഭരണസമിതിയെ അറിയിക്കുകയും കേസ് ഫയൽ ചെയ്യാൻ നിർദ്ദേശം നൽകുകയുമായിരുന്നു.

ഒരാഴ്ചയ്ക്കകം മുഴുവൻ പണവും തിരിച്ചടയ്ക്കാമെന്ന് സെക്രട്ടറി ചിലരോട് പറഞ്ഞതായും സൂചനയുണ്ട്. അതേസമയം ഇത്രയും വലിയ തുകയുടെ വായ്‌പ്പാ തട്ടിപ്പ് നടന്നതിന് ഒരാൾ മാത്രമാണ് ഉത്തരവാദിയെന്ന വാദം അവിശ്വസനീയമാണ്. ക്രമക്കേടിന് കൂടുതൽ പേർക്ക് പങ്കുണ്ടാകുമെന്നാണ് നിഗമനം. പൊലീസ് ആ വിധത്തിലേക്ക് അന്വേഷണം നടത്തുമെന്നാണ് സൂചന. എന്നാൽ ഭരണപ്പാർട്ടി ഉൾപ്പെട്ട തട്ടിപ്പായതിനാൽ അന്വേഷണം എവിടെ വരെ പോകുമെന്ന സംശയവും ശക്തമാണ്.