കോയമ്പത്തൂർ: കൊയമ്പത്തൂരിലെ ഉക്കടത്ത് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഉക്കടം സ്വദേശിയും എഞ്ചിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിൻ വലിയ സ്‌ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്‌ഫോടനത്തിന് പിന്നാലെ ജമേഷ മുബിന്റെ ഉക്കടത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഉഗ്ര സ്‌ഫോടക ശേഷിയുള്ള വസ്തുക്കൾ കണ്ടെത്തിയിരുന്നു.

പൊട്ടാസ്യം നൈട്രേറ്റ്, ചാർകോൾ, സൾഫർ, അലുമിനിയം പൗഡർ എന്നിവയാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. സ്‌ഫോടനം ഉണ്ടായ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ മുബിൻ തനിച്ചായിരുന്നില്ല എന്നും സിസിടിവി ദൃശ്യങ്ങളിൽ കണ്ടവർ ഇയാൾക്കൊപ്പം ഉണ്ടായിരുന്നിരിക്കാമെന്നുമാണ് നിഗമനം.

സ്‌ഫോടനം നടന്ന കാറിനകത്ത് നിന്ന് മാർബിൾ ചീളുകളും ആണികളും കണ്ടെത്തി. സ്‌ഫോടനത്തിന്റെ തീവ്രത കൂട്ടാനാകാം ഇവ നിറച്ചതെന്നാണ് സംശയിക്കുന്നത്. പാചകവാതക സിലിണ്ടറാണ് കാറിനകത്ത് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്കാത്ത നിലയിൽ ഒരു പാചകവാതക സിലിണ്ടർ കൂടി കാറിനകത്ത് കണ്ടെത്തി.

ഉക്കടത്തെ തിരക്കേറിയ ക്ഷേത്രത്തിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഇതിന് സമീപത്ത് തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ്‌പോസ്റ്റുണ്ട്. പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണോ സ്‌ഫോടനം ഉണ്ടായതെന്ന സംശയവും പൊലീസിനുണ്ട്.

എയ്ഡ്‌പോസ്റ്റ് ഒഴിവാക്കാൻ വാഹനം തിരിച്ചപ്പോൾ സ്‌ഫോടനം നടന്നതാകാമെന്നാണ് നിഗമനം. നഗരത്തിലെ ദീപാവലി ആഘോഷമാണോ മുബിൻ ലക്ഷ്യമിട്ടതെന്നാണ് നിഗമനം. ചാവേർ എന്ന് സംശയിക്കുന്ന ജമേഷ മുബിന്റെ സുഹൃത്തുക്കളെയും ഇയാളുമായി ബന്ധമുള്ളവരേയും കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

സ്ഫോടനത്തിന് പിന്നിലെ തീവ്രവാദ ബന്ധങ്ങളെക്കുറിച്ചും പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ഐ.എസുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്ന് നേരത്തെ എൻ.ഐ.എ ചോദ്യംചെയ്തയാളാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.

ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ജമേഷ മുബിനാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. സ്‌ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്.

രാത്രി 11.45ന് സിസിടിവിയിൽ റെക്കോർഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്. ഈ ദൃശ്യങ്ങളിൽ നാലു പേർ കാറിനകത്തേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുന്നത് പതിഞ്ഞിട്ടുണ്ട്. സ്‌ഫോടന സമയത്ത് പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടർ ആകാം ഇതെന്നാണ് സൂചന.

ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇവർക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മുബിനുമായി ബന്ധപ്പെട്ടവരെയും മുബിൻ സന്ദശിച്ചവരേയും തിരിച്ചറിയാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ ഏഴ് പേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

ഉക്കടത്ത് ടൗൺ ഹാളിന് സമീപം ചാവേറാക്രമണത്തിന് ഉപയോഗിച്ചു എന്ന് സംശയിക്കുന്ന കാർ 9 തവണ കൈമാറ്റം ചെയ്തതതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത മാരുതി 800 കാറാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്.

സംഭവത്തിന് പിന്നാലെ തമിഴ്‌നാട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 6 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. തമിഴ്‌നാട് ഡിജിപി സി.ശൈലേന്ദ്രബാബുവും എഡിജിപി താമരൈക്കണ്ണനും കോയമ്പത്തൂരിലെത്തി സ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു. എഡിജിപി കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുകയാണ്.

ഞായറാഴ്ച പുലർച്ചെ ഉക്കടം കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് സിലിൻഡറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ കാർ രണ്ടായി പിളരുകയും പൂർണമായി കത്തിനശിക്കുകയും ചെയ്തു.

രണ്ട് ഗ്യാസ് സിലിഡറുകളും തുറന്നിട്ടാണ് ജമീഷ മുബിൻ ക്ഷേത്രത്തിന് സമീപത്തേക്ക് കാറോടിച്ച് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്.

എൻജിനീയറിങ് ബിരുദധാരിയായ ജമീഷ മുബിനെ ഐ.എസ്. ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് 2019-ൽ എൻ.ഐ.എ. ചോദ്യംചെയ്തത്. എന്നാൽ ഇയാൾക്കെതിരേ ഇതുവരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മറ്റു നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ദീപാവലി ആഘോഷത്തിനിടെയുണ്ടായ സ്ഫോടനം അതീവഗൗരവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. സംഭവത്തിൽ അന്വേഷണത്തിനായി പൊലീസിന്റെ ആറ് സംഘങ്ങളും രൂപവത്കരിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പൊലീസ് സുരക്ഷയും വർധിപ്പിച്ചു.

കോയമ്പത്തൂർ: ദീപാവലി ആഘോഷിക്കാൻ ജനങ്ങൾ ഒരുങ്ങുന്നതിനിടെ ഉക്കടത്തുണ്ടായ സ്ഫോടനം കോയമ്പത്തൂർ നഗരത്തെ ഭീതിയിലാഴ്‌ത്തി. വർഷങ്ങൾക്കുമുമ്പ് നടന്ന ബോംബ് സ്ഫോടനങ്ങൾക്കുശേഷം അതിസുരക്ഷാമേഖലയായാണ് നഗരത്തെ പരിഗണിക്കുന്നത്. അന്നുമുതൽ സ്പെഷ്യൽ കമാൻഡോകളുടെ സുരക്ഷ എല്ലായിടത്തും ഉണ്ട്.

അടുത്തിടെ പോപ്പുലർഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിനെത്തുടർന്ന് നഗരത്തിൽ പലേടത്തും പെട്രോൾബോംബ് എറിഞ്ഞതോടെ വീണ്ടും സുരക്ഷ ശക്തമാക്കിയിരുന്നു. പൊലീസിനുപുറമേ പട്ടാളത്തിന്റെ ദ്രുതകർമസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. അന്ന് ഏറ്റവും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായത് കോയമ്പത്തൂർ ജില്ലയിലായിരുന്നു. ഇതോടെ നഗരം വീണ്ടും പൊലീസ് വലയത്തിലായി.

ഇതിനിടയിലാണ് വീണ്ടും സ്ഫോടനംനടന്നത്. ഉക്കടത്തിനുസമീപം കോട്ടമേട് ഭാഗത്ത് ഈശ്വരൻക്ഷേത്രത്തിനുമുന്നിൽ കാറിലുണ്ടായ സ്ഫോടനം പൊലീസിനെ മുൾമുനയിൽ നിർത്തുന്നതാണ്. ഓടുന്നകാറിലുണ്ടായിരുന്ന ഒരു സിലിൻഡറാണ് പൊട്ടിത്തെറിച്ചത്. ഏറ്റവും തിരക്കേറിയ ജനവാസമേഖലയാണ് കോട്ടമേട്.

വീതികുറഞ്ഞ റോഡുകളും ഇരുവശവും നിറയെ കടകളുമുള്ള തെരുവ്. സ്ഫോടനത്തിൽ കാർ രണ്ടായി പിളർന്ന് നിശ്ശേഷം തകർന്നു. തീ കൂടുതൽ ദൂരത്തേക്ക് പടർന്നിരുന്നെങ്കിൽ വലിയ നാശനഷ്ടം ഉണ്ടാവുമായിരുന്നു. കാറിലെ രണ്ടാമത്തെ സിലിൻഡറിന് ഒന്നും സംഭവിക്കാത്തത് അപകടങ്ങൾ കുറച്ചു.