- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോയമ്പത്തൂരിൽ കാർബോംബ് സ്ഫോടനം നടത്തിയ ജമേഷ മുബീൻ ഐഎസ് ചാവേർ; സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച കണ്ണികളെ തിരഞ്ഞ് എൻഐഎയുടെ റെയ്ഡ് തമിഴ്നാടിന് പുറമേ പാലക്കാട്ടും; അറസ്റ്റിലായ റിയാസ് അബൂബക്കറിന്റെ ബന്ധുവിന്റെ മുതലമടയിലെ വീട്ടിൽ പരിശോധന; ചെന്നൈയിൽ ജമേഷ മുബീന് കാർ വിറ്റയാളെ കണ്ടെത്തിയെന്നും സൂചന
കോയമ്പത്തൂർ: കോയമ്പത്തൂർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്നാടിന് പുറമേ പാലക്കാടും ദേശീയ അന്വഷണ ഏജൻസിയുടെ റെയ്ഡ്. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് എൻഐഎ സംഘം ഇന്ന് പുലർച്ചയെത്തി പരിശോധന നടത്തിയത്. ഐഎസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറിന്റെ ബന്ധുവിന്റെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. സംഭവത്തിൽ ജമേഷ മുബീൻ ഐഎസ് ചാവേറാണെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.
പ്രത്യേക മതവിഭാഗത്തിലെ ആരാധനാലയങ്ങളെയാണ് ലക്ഷ്യമിട്ടത്.മുതലമടയിൽ താമസിക്കുന്ന കോയമ്പത്തൂർ സ്വദേശി ഷെയ്ക്ക് മുസ്തഫയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം, ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു. ഐഎസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറിന്റെ ബന്ധുവാണ് മുസ്തഫ. ഇയാൾക്ക് ഏതെങ്കിലും രീതിയിൽ സ്ഫോടനവുമായി ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. പാലക്കാട്ടെ റെയ്ഡ് മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.
ഇന്ന് എട്ടിടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. തമിഴ്നാട്ടിലെ ഏഴ് ജില്ലകളിലും പാലക്കാടും റെയ്ഡ് തുടരുകയാണ്. കോയമ്പത്തൂർ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ തമിഴ്നാട്ടിലും വ്യാപകമായി എൻഐഎ റെയ്ഡ് നടത്തിയിരുന്നു. കോയമ്പത്തൂരടക്കം 45 സ്ഥലങ്ങളിലാണ് പുലർച്ചെ മുതൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. അന്വേഷണം ഏറ്റെടുത്ത ശേഷം എൻഐഎ നടത്തുന്ന ഏറ്റവും വലിയ പരിശോധനയാണിത്.കോയമ്പത്തൂരിലെ 33 ഇടങ്ങളിലും ചെന്നൈയിലെ അഞ്ച് ഇടങ്ങളിലും പരിശോധന നടത്തിയെന്നും ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയെന്നും സൂചനയുണ്ട്.
ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിന്റേയും കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പരിശോധന തുടരുന്നത്. കോയമ്പത്തൂരിൽ മാത്രം 20 ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഉക്കടം, കോട്ടൈമേട്, പോത്തന്നൂർ, കുനിയംമുത്തുർ, സെൽവപുരം എന്നീ സ്ഥലങ്ങളിലാണ് കോയമ്പത്തൂർ നഗരത്തിലെ റെയ്ഡ്. ഐഎസ് അനുകൂലികൾ എന്ന് സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. കോയമ്പത്തൂരിൽ സ്ഫോടനം നടന്ന ഉക്കടത്തിന് അടുത്തുള്ള പുല്ലുകാടിൽ നിരവധി വീടുകൾ പരിശോധിച്ചു. കോടൈമേട്, കണിയാമുത്തൂർ, സെൽവപുരം എന്നിവിടങ്ങളിലും റെയ്ഡ് ഉണ്ടായി. സംസ്ഥാന സായുധ പൊലീസ് സംഘം റെയ്ഡ് നടന്ന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയൊരുക്കി.
ചെന്നൈയിൽ പെരമ്പൂർ, പുതുപ്പേട്ടൈ, മണ്ണടി അടക്കം അഞ്ചിടങ്ങളിലായിരുന്നു റെയ്ഡ്. ചെന്നൈയിൽ നിന്ന് ഒരാളെ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന് കാർ വിറ്റയാളാണ് ഇതെന്നാണ് സൂചന. ഉടമസ്ഥത കൈമാറാതെ 10 പേരുടെ കൈമറിഞ്ഞാണ് സ്ഫോടനത്തിന് ഉപയോഗിച്ച കാർ ജമേഷ മുബീന്റെ പക്കൽ എത്തിയതെന്ന് നേരത്തേ പൊലീസ് അന്വേഷണത്തിൽ വെളിവായിരുന്നു.
സ്ഫോടകവസ്തുക്കളുടെ അസംസ്കൃത പദാർത്ഥങ്ങൾ സംഘടിപ്പിച്ചതിൽ പങ്കുണ്ടെന്ന് കരുതുന്നവരുടേയും സംഘത്തിന് സാമ്പത്തിക സഹായം നൽകിയതായി സംശയിക്കുന്നവരുടേയും വീടുകളിൽ പരിശോധന നടന്നു. സ്ഫോടനത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് എൻ.ഐ.എ പരിശോധിക്കുന്നത്. അന്താരാഷ്ട്ര സഹായം സ്ഫോടനത്തിന് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഒക്ടോബർ 23നാണ് കോയമ്പത്തൂരിൽ കാർ പൊട്ടിത്തെറിച്ചത്. ഇത് ഒരു ചാവേർ ആക്രമണമായിരുന്നുവെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.
കാർ സ്ഫോടനക്കേസിൽ ചാവേറായ ജമേഷ മുബീൻ വീട്ടിൽ സ്ഫോടക വസ്തുക്കൾ ശേഖരിച്ചതു ഭാര്യയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച പെട്ടികളിൽ പഴയ തുണിത്തരങ്ങൾ ആണെന്നായിരുന്നു ബധിരയും മൂകയുമായ ഭാര്യ നസ്റത്തിനെ ജമേഷ മുബീൻ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. സ്ഥലത്തുനിന്നു കണ്ടെടുത്ത ഇയാളുടെ ശരീരം ഷേവ് ചെയ്ത നിലയിലായിരുന്നു. ചാവേർ ആക്രമണത്തിനു തീരുമാനിച്ചവർ ഇങ്ങനെ ചെയ്യാറുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ