തിരുവനന്തപുരം: കാമുകന് കഷായത്തിൽ വിഷം ചേർത്തുനൽകി കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞെട്ടിക്കവേ സമാനരീതിയിലുള്ള പരാതിയുമായി കെഎസ്ആർടിസി ഡ്രൈവർ രംഗത്ത്.ഭാര്യ തനിക്ക് ഹോർലിക്‌സിൽ വെഷം ചേർത്തു നൽകിയെന്നും അത് പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നുമാണ് ആക്ഷേപം.

പാറശാല സ്വദേശിയായ സുധീർ ആണ് പാറശാല പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.ആറുമാസം മുമ്പ് പരാതി നൽകിയിട്ടും സംഭവത്തിൽ പൊലീസ് കേസെടുക്കാൻ തയാറായിട്ടില്ലെന്ന് സുധീർ പറയുന്നു. ശിവകാശി സ്വദേശിനിയായ ഭാര്യ, ആൺസുഹൃത്തിനൊപ്പം ചേർന്ന് ഹോർലിക്സിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പരാതി.

തനിക്ക് ഇടയ്ക്കിടയ്ക്ക് തലവേദന അനുഭവപ്പെടുമായിരുന്നു. അപ്പോഴെല്ലാം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഒരിക്കൽ വീട്ടിൽ നിന്ന് ഹോർലിളിക്‌സ് കഴിച്ചശേഷം തലവേദനയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതായി സുധീർ പറയുന്നു. തുടർന്ന് പാറശാല ആശുപത്രിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചതായും പരാതിക്കാരൻ പറയുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൂന്നു ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞെന്നും സുധീർ പറയുന്നു. പിന്നീട് ഭാര്യ പിണങ്ങിപ്പോയി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് വീട്ടിൽ നിന്നും സിറിഞ്ചും അലുമിനിയം ഫോസ്ഫെയ്ഡും കണ്ടെത്തിയത്. വിഷം തമിഴ്‌നാട്ടിൽ നിന്ന് കൊറിയറായി അയച്ചതാണെന്നാണ് സുധീർ പറയുന്നത്. അതിന് തന്റെ പക്കൽ തെളിവുണ്ടെന്നും സുധീർ പറയുന്നു.

അലൂമിനിയം ഫോസ്‌ഫെയ്ഡ് ഉള്ളിൽ ചെന്നാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ തന്നെയാണ് ഉണ്ടായിരുന്നതെന്ന് മെഡിക്കൽ റിപ്പോർട്ടുകളിൽ വ്യക്തമാണെന്ന് സുധീർ കൂട്ടിച്ചേർത്തു. തന്റെ പരാതിയോ കൈവശമുള്ള തെളിവോ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്നും സുധീർ ആരോപിക്കുന്നു.