- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിയാഴ്ച കുട്ടികളെ വീടുകളിലാക്കി വൈകിട്ട് 6.45ന് പാർക്ക് ചെയ്ത വാൻ; ഓപ്പൺ എയർ ഓഡിറ്റോറിയത്തിന് സമീപത്തെ തീ ആദ്യം കണ്ടത് ലേഡീസ് ഹോസ്റ്റലിലുള്ളവർ; വാൻ കത്തിച്ചവരെ രക്ഷിക്കാൻ പ്രചരിപ്പിക്കുന്നത് ഷോർട്ട് സർക്യൂട്ട് കഥ; സത്യം തെളിയാൻ സിസിടിവിയും ഇല്ല; ആ മുഖംമൂടികൾ ഇപ്പോഴും സ്‌കൂളിൽ? കോട്ടൺഹിൽ വാൻ കത്തലിൽ വേണ്ടത് ശക്തമായ അന്വേഷണം
തിരുവനന്തപരും: വിവാദങ്ങളിലൂടെ സഞ്ചരിക്കുന്ന തിരുവനന്തപുരത്തെ കോട്ടൺഹിൽ സ്‌കൂളിലെ വാഹനം പൂർണ്ണമായും കത്തിനശിച്ചതിൽ വൻ ദുരൂഹത. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വാഹനം കത്തിയത്. മ്യൂസിയം പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. എന്നാൽ ബസ് കത്തലിൽ വിശദ അന്വേഷണം ഉണ്ടാകില്ല. ഇൻഷുറൻസ് തുക കിട്ടുക എന്നതിന് അപ്പുറത്തേക്കുള്ള ഇടപെടൽ മാത്രമേ പൊലീസ് നടത്തൂ.
ജ്യോതിഷ് എന്ന അദ്ധ്യാപകന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പിടിഎയ്ക്ക് സ്വന്തമായുള്ള വാഹനമാണ് കത്തിയത്. പുലർച്ചെ മൂന്നരയ്ക്ക് പൂർണ്ണമായും വാൻ കത്തിനശിച്ചുവെന്നാണ് എഫ് ഐ ആർ. പതിനാല് ലക്ഷം രൂപ വിലയുള്ള മഞ്ഞ വാനാണ് കത്തിയതെന്നും കോമ്പൗണ്ടിലാണ് വാൻ പാർക്ക് ചെയ്തതെന്നും എഫ് ആറിൽ പറയുന്നു. പിടിഎയുടേതാണ് വണ്ടിയെങ്കിലും വാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത് പ്രിൻസിപ്പലിന്റെ പേരിലാണ്. എന്നിട്ടും പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയില്ലെന്നതും ശ്രദ്ധേയമാണ്. കെ എൽ 01 ബിആർ 8482 എന്ന വാനാണ് നശിച്ചത്.
അതിനിടെ ഷോർട്ട് സർക്യൂട്ട് കാരണമാണ് ബസ് കത്തിയതെന്ന പ്രചരണം സ്‌കൂളിലെ ചില അദ്ധ്യാപകർ സജീവമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച കുട്ടികളെ വീടുകളിലാക്കി വൈകിട്ട് 6.45നാണ് ബസ് പാർക്ക് ചെയ്തത്. ഇത്തരമൊരു ബസിൽ പുലർച്ച മൂന്ന് മണിക്ക് ഷോർട്ട് സർക്യൂട്ടിൽ തീപിടിച്ചെന്ന ന്യായം സംശയങ്ങൾക്ക് ഇടനൽകുന്നു. മാധ്യമങ്ങളിൽ പോലും അത്തരത്തിലാണ് വാർത്ത നൽകിയത്. കോട്ടൺഹിൽ സ്‌കൂളിലെ സാമൂഹ്യ വിരുദ്ധ ഇടപെടലുകൾ പലതും പുറത്തു വന്നിരുന്നു.
സ്‌കൂൾ അതിക്രമിച്ച് കയറി കുട്ടികളെ വിരട്ടിയ മുഖമൂടി സംഘത്തേയും കണ്ടെത്താനായില്ല. ഇതിനിടെയാണ് സ്‌കൂളിനുള്ളിലെ ബസ് കത്തിക്കൽ. കഞ്ചാവും മറ്റ് മയക്കുമരുന്നു മാഫിയയും സ്‌കൂളിൽ സജീവമാണെന്ന പരാതിയുമായി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ തന്നെ രംഗത്തു വന്നിരുന്നു. ഇത് പൊതുസമൂഹം ഗൗരവത്തോടെ ചർച്ച നടത്തി. എന്നാൽ പരാതി പറഞ്ഞവരെ കളിയക്കാനായിരുന്നു സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി ശ്രമിച്ചത്. കള്ളപ്പരാതിയാണെന്നും ആരോപിച്ചു. ഇതിനിടെ അന്ന് സൂകളിലുണ്ടായിരുന്ന പ്രിൻസിപ്പൽ വാറ്റ് കേസിലെ പ്രതിയാണെന്നും തെളിഞ്ഞു. ഈ പ്രിൻസിപ്പലിനെ മാറ്റുകയും ചെയ്തു. അപ്പോഴും സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെ ആക്രമിച്ചവരെ കണ്ടെത്താൻ വേണ്ട നടപടികളൊന്നും സ്‌കൂൾ അധികൃതരെടുത്തില്ല.
കേരളത്തിലെ ഏറ്റവും വലിയ സർക്കാർ സ്‌കൂളുകളിൽ ഒന്നാണ് കോട്ടൺഹിൽ. ഈ സ്‌കൂളിലാണ് സ്‌കൂൾ വാൻ പൂർണ്ണമായും കത്തി നശിച്ചത്. മതിൽ ചാടിയെത്തുന്ന മുഖംമൂടി സംഘമുണ്ടെന്ന് കുട്ടികൾ തന്നെ പരാതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഇരുട്ടിന്റെ മറവിലെ വാൻ കത്തിക്കലിന് ദുരൂഹത ഏറെയാണ്. രാത്രികാലത്ത് മാഫിയാ സംഘങ്ങൾ സ്‌കൂളിൽ തമ്പടിക്കുന്നുവോ എന്ന സംശയം ശക്തമാക്കുന്നതാണ് ഈ സംഭവം. എന്നാൽ അതിന്റെ ഗൗരവത്തിൽ കാണാതെ ബസ് കത്തിയത് ഷോർട്ട് സർക്യൂട്ടായി ചിത്രീകരിക്കാനാണ് സ്‌കൂൾ അധികൃതരുടെ ശ്രമം. ബസ് കിടന്ന ഭാഗത്ത് സിസിടിവിയും സ്ഥാപിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കത്തിച്ചതാണെങ്കിലും കണ്ടെത്താനാകില്ല.
ഒഴിവായത് വൻദുരന്തമാണ്. ശനിയാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. സമീപത്തെ ലേഡീസ് ഹോസ്റ്റൽ അന്തേവാസികളാണ് സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിക്കുന്നത്. ഇവർ ഉടൻ അഗ്‌നിശമനസേനയെ വിവരമറിയിച്ചു. സേന എത്തുമ്പോഴേക്കും ബസിൽ പൂർണമായും തീ പടർന്നനിലയിലായിരുന്നു. സമീപം ആറ് ബസുണ്ടായിരുന്നു. കോട്ടൺഹിൽ എച്ച്എസ്എസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു തീപിടിച്ച എട്ടാം നമ്പർ ബസ് നിർത്തിയിട്ടിരുന്നത്. ബസിൽനിന്ന് തീപടർന്ന് ഷെഡിന്റെ മുകൾഭാഗവും കത്തി. ഈ ഭാഗത്ത് സിസിടിവി ഇല്ലെന്നതും ശ്രദ്ധേയമാണ്.
ഡീസൽ ടാങ്കിലേക്ക് തീപടരാതിരിക്കാൻ ലക്ഷ്യമിട്ട് വെള്ളം ചീറ്റി. ടാങ്ക് പൊട്ടിത്തെറിച്ചാൽ വൻദുരന്തത്തിന് വഴിവയ്ക്കുമെന്നത് കണക്കിലെടുത്തായിരുന്നു ഇത്. സമീപത്തായി നിർത്തിയിട്ടിരുന്ന മറ്റ് ബസുകളുടെ മുകളിലേക്കും വെള്ളം ചീറ്റി. രണ്ട് യൂണിറ്റ് മുക്കാൽ മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബസ് പൂർണമായി കത്തിനശിച്ചു. സമീപത്തെ മറ്റൊരു ബസിന് നിസാര കേടുപാടുണ്ടായി. മറ്റുബസുകൾ ഡ്രൈവർമാരെത്തി മാറ്റി.
വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിൽ എംഎൽഎ ഫണ്ട് വിനിയോഗിച്ച് സിസിടിവി കാമറ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചിരുന്നു. സ്‌കൂളിൽ റാഗിങ് നടന്നുവെന്ന പരാതിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ആവശ്യമെങ്കിൽ സ്‌കൂൾ അധികൃതരുമായും പിടിഎയുമായും ചർച്ച ചെയ്യും. എന്നാൽ തന്റെ എംഎൽഎ ഫണ്ടിൽനിന്ന് തുക വകയിരുത്തി ഉടൻ സിസിടിവി സ്ഥാപിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും സംഭവിച്ചില്ലെന്നാണ് ലഭിക്കുന്ന സൂചന.
മറുനാടന് മലയാളി ബ്യൂറോ