- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബിസിനസ് തുടങ്ങാൻ വന്ന യുവതിയെയും ഭർത്താവിനെയും സിപിഎം നേതാക്കൾ മർദിച്ചു
അടൂർ: മൂന്നര വർഷമായി സിപിഎം നേതാക്കൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന കടമുറി ഏറ്റെടുത്ത് സ്വന്തമായി ബിസിനസ് തുടങ്ങാൻ വന്ന യുവതിയെയും ഭർത്താവിനെയും ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് ചികിൽസയിലുള്ള ഭർതൃപിതാവിനെയും ഏരിയാ കമ്മറ്റിയംഗവും ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവും ചേർന്ന് ക്രൂരമായി മർദിച്ചു.
തെങ്ങമം കൊല്ലായ്ക്കൽ ജങ്ഷനിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഉടമ കൊല്ലം ശൂരനാട് വടക്ക് കൈലാസത്തിൽ അനിത (39) ഭർത്താവ് ലതീഷ് (45), ലതീഷിന്റെ പിതാവ് സദാശിവൻ (78) എന്നിവർക്കാണ് മർദനമേറ്റത്. രാവിലെ ഇവിടെ വന്ന കടമുറി തുറന്ന് ഇന്റർനെറ്റ് കണക്ഷൻ വലിക്കാൻ തുടങ്ങുന്നതിനിടെ സിപിഎം ഏരിയാ കമ്മറ്റിയംഗം സി.ആർ. ദിൻരാജ്, ലോക്കൽ സെക്രട്ടറിഅനുസി, വാർഡ് മെമ്പർ വിനേഷ് എന്നിവർ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.
കടയിലേക്ക് പാഞ്ഞു കയറിയ ഇവർ ആദ്യം സദാശിവനെ തലങ്ങും വിലങ്ങും തല്ലി. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് പേസ്മേക്കർ ഘടിപ്പിക്കുന്നതിന് ഡോക്ടർ ശിപാർശ ചെയ്തയാളാണ് സദാശിവൻ. സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണ് അനിതയെ മർദിച്ചത്. തടയാൻ ശ്രമിച്ച ലതീഷിനെയും ക്രൂരമായി മർദിച്ചു. ഇവരെ ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകി. മൊഴിയെടുത്ത് അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
അനിതയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് രണ്ടു നില കെട്ടിടം. ഇതിൽ ഒരു മുറി അനിതയ്ക്ക് നൽകിയിരിക്കുന്നതാണ്. ശേഷിച്ച കടമുറികളിൽ തുണിക്കട, ഫാൻസി സെന്റർ, ഫിനാൻസിയേഴ്സ് എന്നിവ പ്രവർത്തിക്കുന്നു. ഒന്നാം നിലയിൽ പൂർണമായും കെഎസ്എഫ്ഇ ശാഖാ ഓഫീസ് പ്രവർത്തിക്കുന്നു. കോവിഡ് തുടങ്ങുന്നതിന് മുൻപാണ് റൂറൽ ഫാർമേഴ്സ് സൊസൈറ്റി തുടങ്ങുന്നതിനായി സിപിഎം നേതാക്കൾ കടമുറി വാടകയ്ക്ക് ചോദിക്കുന്നത്. ചെറിയ തുക അഡ്വാൻസ് നൽകിയിരുന്നു. എന്നാൽ, കരാർ എഴുതിയിരുന്നില്ല. അതിന് ശേഷം വാടക നൽകിയിട്ടില്ല. കടമുറി പൂട്ടിക്കിടക്കുകയുമാണ്. ഇതിനിടെ പിതാവ് അനിതയ്ക്ക് ഈ മുറി എഴുതി കൊടുത്തു. ഇവിടെ സ്ഥാപനം തുടങ്ങുന്നതിന് വേണ്ടി മുറി ഒഴിയണമെന്ന് സിപിഎം നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവരുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.
തുടർന്ന് കഴിഞ്ഞ ദിവസം മുറിയുടെ മുന്നിൽ നിന്ന് ഫാർമേഴ്സ് സൊസൈറ്റിയുടെ ബോർഡ് നീക്കം ചെയ്തു. മുറി വൃത്തിയാക്കി സ്വന്തം ബിസിനസ് തുടങ്ങുന്നതിന് വേണ്ടിയാണ് ഇന്നലെ അനിതയും ബന്ധുക്കളും വന്നത്. അപ്പോഴാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. ഹൃദോഗിയായ സദാശിവനാണ് ഏറ്റവും രൂക്ഷമായ മർദനം ഏൽക്കേണ്ടി വന്നത്. ഇദ്ദേഹത്തിന്റെ മൂക്കിടിച്ച് തകർത്തിട്ടുണ്ട്. പൊലീസ് കേസെടുത്തു.