കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണമിടപാട് കേസിൽ സിപിഎമ്മിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രതി ചേർത്തതോടെ കൂടുതൽ അറസ്റ്റിന് സാധ്യത കൂടി. കരുവന്നൂർ ബാങ്കിൽനിന്നു തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്ന് ഇ.ഡി റിപ്പോർട്ടിൽ പറയുന്നു. സിപിഎമ്മിന്റെ സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടി. സിപിഎമ്മിന്റേതും സ്വകാര്യ വ്യക്തികളുടേതും ഉൾപ്പെടെ 29 കോടിയുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്. ഇഡിയുടെ നടപടിയിൽ കരുതലോടെ മാത്രമേ സിപിഎം പ്രതികരിക്കൂ. ഇഡിക്കെതിരെ നിയമപോരാട്ടത്തിന്റെ സാധ്യതയും തേടും.

തൃശൂരിൽ ബിജെപിയുടെ സുരേഷ് ഗോപി ജയിച്ചത് കരുവന്നൂരിലെ ഒത്തുതീർപ്പിന്റെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. പുതിയ സംഭവ വികാസങ്ങളോടെ ഈ പ്രചരണത്തെ പ്രതിരോധിക്കാൻ സിപിഎമ്മിനാകും. സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്റെ പേരിലുള്ളതാണു കണ്ടുകെട്ടിയ സ്വത്തും അക്കൗണ്ടുകളും. പാർട്ടിയുടെ വിവിധ ഘടകങ്ങളുടെ 8 അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. ഇരുതല മൂർച്ചയുള്ള നടപടിയാണ് ഇതെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്.

തൃശൂർ ജില്ലാ കമ്മിറ്റിയുടെ 2 അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടും. പൊറത്തിശേരി ലോക്കൽ കമ്മിറ്റി ഓഫിസ് നിർമ്മിക്കാൻ വാങ്ങിയ ഭൂമിയും കണ്ടുകെട്ടി. സിപിഎമ്മിൽനിന്ന് മാത്രം കണ്ടുകെട്ടിയത് 70 ലക്ഷത്തിൽ അധികം രൂപയുടെ സ്വത്തുക്കളാണ്. സിപിഎമ്മിനൊപ്പം കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് അനധികൃതമായി ലോൺ സമ്പാദിച്ചവരുടെ സ്വത്താണ് കണ്ടുകെട്ടിയത്. സിപിഎമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമടക്കമാണ് ഇഡി കണ്ടുകെട്ടിയത്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വിരോധമാണ് ഇതിന് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നാംഘട്ട സ്വത്തുമരവിപ്പിക്കലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റേത്. 29 കോടിയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. കണ്ടുകെട്ടിയതിൽ അധികവും ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ്. കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപിഎം തൃശൂർ ജില്ലാ നേതൃത്വത്തിന്റെ അറിലും ഇടപാടിൽ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി സ്വത്തുക്കൾകൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എൻഫോഴ്‌സ്‌മെന്റ് കടന്നത്.

കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്ന് എൻഫോഴ്‌സ്‌മെന്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. . അതേസമയം, സ്വത്ത് മരവിപ്പിച്ചതായുള്ള ഒരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്ന് എം.എം. വർഗീസ് പ്രതികരിച്ചു. അതിനിടെ കേസിൽ കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്. ഇഡി ചോദ്യം ചെയ്ത സിപിഎം നേതാക്കൾ എല്ലാം അറസ്റ്റ് ഭീഷണിയിലാണ്.

മുൻകൂർ ജാമ്യം തേടുന്നത് അടക്കം ഇവർക്കായി സിപിഎം പരിഗണിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സിപിഎം നേരിടുന്ന വലിയ പ്രതിസന്ധിയായി കരുവന്നൂർ മാറിയേക്കും.