ചാലക്കുടി: തൃശ്ശൂർ ആളൂർ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ടു അഞ്ച് ദിവസം. പൊലീസ് അന്വേഷണം എങ്ങുമെത്താതെ നീങ്ങുന്നു. തൃശ്ശൂർ ആളൂർ സ്റ്റേഷനിലെ സിപിഒ സലേഷ് പി എയെ ആണ് കാണാതായത്. കഴിഞ്ഞ എട്ടാം തീയതി ജോലിക്ക് പോയ അതിന് സലേഷ് അതിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല. സംഭവത്തിൽ ചാലക്കുടി പൊലീസിനാണ് അന്വേഷണ ചുമതല.

ഇടയ്ക്ക് യാത്ര പോകുന്ന സ്വഭാവമുള്ള ആളാണ് സലേഷെന്നാണ് ബന്ധുക്കൾ വിശദമാക്കുന്നത്. അതിനാൽ തന്നെ മാറി നിൽക്കാനുള്ള സാധ്യത ബന്ധുക്കൾ തള്ളി ക്കളഞ്ഞിട്ടില്ല. ചാലക്കുടി ബസ് സ്റ്റാന്റിൽ സലേഷിന്റെ ബൈക്ക് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. അതിനാൽ മുൻപ് ദീർഘയാത്ര പോയത് പോലെ പോയിരിക്കാമെന്ന പ്രതീക്ഷയിലാണ് കുടുംബവും.

സലേഷ് വേളങ്കണ്ണിയിലേക്ക് പോയിരിക്കാമെന്ന നിരീക്ഷണത്തിൽ ബന്ധുക്കൾ വേളാങ്കണ്ണിയിലേക്ക് പോയിട്ടുണ്ട്. അതേസമയം സലേഷ് ആരോടും പറയാതെ ഇങ്ങനെ ഒളിച്ചുപോകാൻ കാരണമെന്തെന്ന ചോദ്യവും ഉയരുന്നുണ്ട്. കുടുംബ പ്രശ്‌നമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം ജോലി സംബന്ധമായ സമ്മർദ്ദമുണ്ടെന്ന വിവരമാണ് സുഹൃത്തുക്കൾ നൽകുന്നത്.

എട്ടാം തിയതി രാവിലെയോടെയാണ് സലേഷിനെ കാണാതായത്. മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാൽ മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിൽ അവ്യക്തതയാണ് ഉള്ളത്. അടുത്തിലെ പൊലീസുകാർ കടുത്ത സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങൾ താങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്ത സംഭവങ്ങൾ വരെ നിരവധിയുണ്ട്. കാസർകോട് എഎസ്‌ഐയുടെ മരണവും ഇത്തരം ആക്ഷേപങ്ങൾ ഉയർത്തിയിരുന്നു.

അതിതിടെ കേരള പൊലീസിൽ സ്വയം വിരമിക്കൽ അപേക്ഷ നൽകി കാത്തിരിക്കുന്നത് 826 പൊലീസ് ഉദ്യോഗസ്ഥരാണെന്ന വാർത്തകളും അടിത്തിടെ പുറത്തുവന്നിരുന്നു. സി.പി.ഒ.മുതൽ എസ്‌ഐ.മാർ വരെയുള്ളവരാണ് സർവീസ് കാലാവധിക്കുമുമ്പ് സേവനം അവസാനിപ്പിക്കാൻ തയ്യാറായിരിക്കുന്നത്. ജോലി സമ്മർദം താങ്ങാനാകാതെയാണ് 75 ശതമാനത്തിലേറെപ്പേരും പണി ഉപേക്ഷിക്കുന്നതെന്നാണ് ഉന്നതോദ്യോഗസ്ഥർ പറയുന്നത്.

രോഗത്തെ തുടർന്ന് അവധി ആവശ്യപ്പെട്ടിട്ട് കിട്ടാത്തവർ, ദിവസം 18 മണിക്കൂറിലേറെ ജോലിചെയ്യേണ്ടിവരുന്നവർ, ചെയ്യാത്ത കുറ്റത്തിന് അച്ചടക്കനടപടിയുണ്ടാകുമെന്ന് ഭയപ്പെടുന്നവർ എന്നിങ്ങനെ ഒട്ടേറെപ്പേർ ഇക്കൂട്ടത്തിലുണ്ട്. പൊലീസ് സേനയിൽ ഇത്രയേറെ സ്വയം വിരമിക്കൽ അപേക്ഷകൾ വരുന്നത് ആദ്യമാണെന്നാണ് വിവരം. വിദേശ ജോലി, ഉന്നത വിദ്യാഭ്യാസം എന്നിവതേടിയും സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും സ്വയം വിരമിക്കലിന് അപേക്ഷ നൽകിയവരുണ്ട്.

പൊലീസുകാരെ ജോലി ഉപേക്ഷിക്കാൻ മാത്രമുള്ള സമ്മർദത്തിലേക്ക് നയിക്കുന്ന പ്രധാന പ്രശ്‌നം പൊലീസ് സേനയിലെ അംഗബലത്തിന്റെ കുറവാണ്. സംസ്ഥാനത്താകെ 484 പൊലീസ് സ്റ്റേഷനുകളിലായി 21,592 പൊലീസ് ഉദ്യോഗസ്ഥരേയുള്ളൂ. സ്റ്റേഷൻ ഹൗസ് ഓഫീസർ മുതൽ സിവിൽ പൊലീസ് ഓഫീസർമാർ വരെയുള്ളവരുടെ കണക്കാണിത്. ജി.ഡി.ചാർജ്, സ്റ്റേഷൻ സെക്യൂരിറ്റി, ജീപ്പ് പട്രോളിങ്, ബൈക്ക് പട്രോളിങ്, കംപ്യൂട്ടർ ഓപ്പറേറ്റർ, കോടതി ഡ്യൂട്ടി, ബീറ്റ് ഡ്യൂട്ടി, തപാൽ ഡ്യൂട്ടി, എസ്‌കോർട്ട് തുടങ്ങി ഒരു പൊലീസ് സ്റ്റേഷനിലെ ജോലികൾ നിർവഹിക്കാൻ കുറഞ്ഞത് 60 ഉദ്യോഗസ്ഥന്മാർ വേണം. എന്നാൽത്തന്നെ പലരും 18 മണിക്കൂർ ജോലിചെയ്യേണ്ടിവരും. സംസ്ഥാനത്തെ പകുതിയിലേറെ പൊലീസ് സ്റ്റേഷനുകളിലും 35 പേരിൽ താഴെ ഉദ്യോഗസ്ഥരേയുള്ളൂ.

ഈ എണ്ണക്കുറവാണ് ജോലി സമ്മർദങ്ങളിലേക്ക് നയിക്കുന്നതെന്ന് കേരള പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. പൊലീസ് സ്റ്റേഷനുകളിലെ ജോലിഘടന നിശ്ചയിക്കാത്തതും പ്രശ്‌നമാണ്. ഓരോരുത്തരുടെയും ഉത്തരവാദിത്വങ്ങൾ വ്യക്തമായി രേഖപ്പെടുത്താത്തതാണ് പ്രധാന പ്രശ്‌നം.