കൊച്ചി: പ്രണയം കൊഴിയുമ്പോൾ ഉണ്ടാകുന്ന അകൽച്ച പകയായി മാറി കൊലപാതകങ്ങളിൽ എത്തുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. എറണാകുളം -കളമശേരി റോഡിൽ ഇന്നുരാവിലെ നടുറോഡിൽ വച്ച് യുവാവ് യുവതിയെ കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഗുരുതരമായി പരിക്കേറ്റ നീനു (26) ആശുപത്രിയിൽ ചികിത്സയിലാണ്.

നീനുവിന്റെ ഭർത്താവ് അഷലാണ് ആക്രമിച്ചത്. ഇയാൾ പൊടുന്നനെ യുവതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ നീനുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഒരുവർഷമായി അഷൽ ഇടയ്ക്ക് നീനുവിന്റെ വീട്ടിലെത്തി വഴക്ക് ഉണ്ടാക്കിയിരുന്നുവെന്നാണ് വിവരം.

ഇടപ്പള്ളി ടോൾ എകെജി റോഡ് അക്ഷയ സെന്ററിന് സമീപത്തുവച്ച് ഇന്ന് രാവിലെ 9.15ന് ജോലി സ്ഥലത്തേക്ക് പോകാനായി ഇറങ്ങിയ നീനുവിന് നേരെ ആക്രമണം ഉണ്ടായത്. പിറകിലൂടെ വണ്ടി ഓടിച്ച് വന്നായിരുന്നു അഷലിന്റെ ആക്രമണം.നീനുവിനെ ആക്രമിച്ച ശേഷം പിന്നാലെ പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടു. കഴുത്തിൽ നല്ല ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്.

'അഷൽ ഒന്നുരണ്ടു തവണ നീനുവിന്റെ വീട്ടിലെത്തി ബഹളം വയ്ക്കുകയും വഴക്ക് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഇന്നത്തെ സംഭവം എന്നാണ് മനസ്സിലാക്കുന്നത്. പെട്ടെന്നുള്ള ആക്രമണമായിരുന്നു. പിന്നാലെ അവൻ വണ്ടി ഓടിച്ചു പോയി. കുട്ടി രക്ഷിക്കണേയെന്ന് നിലവിളിച്ചപ്പോൾ ആളുകൾ ഓടിക്കൂടുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചു. കഴുത്തിൽ നല്ല ആഴത്തിലുള്ള മുറിവാണ്. കിൻഡർ ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം അമൃത ആശുപത്രിയിലേക്കു മാറ്റി"ദൃക്്‌സാക്ഷിയായ മനോജ് പറഞ്ഞു.

റോഡിൽ ഉൾപ്പെടെ രക്തം ചിന്തിയ നിലയിലാണുള്ളത്. സംഭവത്തിനു പിന്നാലെ നീനുവിന്റെ ഭർത്താവ് കോമ്പാറ സ്വദേശി അഷൽ കളമശേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ഒരുവർഷമായി ഇരുവരും അകന്നു കഴിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. എട്ടു വർഷം മുൻപാണ് ഇരുവരും പ്രേമിച്ച് വിവാഹിതരായത്. ഈ ബന്ധത്തിൽ 7 വയസുള്ള ഒരാൺകുട്ടിയുണ്ട്. വീടിനടുത്തുള്ള ഹാർഡ് വെയർ കടയിൽ ജോലിക്ക് പോകാനായി ഇറങ്ങിയ നീനുവിനെ, വഴിയിൽ കാത്തുനിന്ന അഷൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അഷലിന് നിലവിൽ ജോലിയൊന്നുമില്ല. മുൻപ് രണ്ടു തവണ ഇയാൾ ആത്മഹത്യാശ്രമം നടത്തിയതായി വിവരമുണ്ട്. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.