കോഴിക്കോട്: വ്യാജവിവാഹം നടത്തി കോഴിക്കോട് സ്വദേശിയായ ഡോക്ടറിൽ നിന്ന് പണം തട്ടിയെടുത്തുവെന്ന് പരാതി. സർവീസിൽ നിന്ന് വിരമിച്ച ഡോക്ടർ വിവാഹത്തിന് താൽപര്യം ഉണ്ടെന്ന് പത്രത്തിൽ പരസ്യം നൽകിയിരുന്നു. ഇത് മുതലെടുത്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.

ഡോക്ടറെ സമീപിച്ച സംഘം 5,60,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇവർ കൊണ്ടുവന്ന ആലോചനയിൽ വലിയ താൽപര്യം പ്രകടിപ്പിക്കാതിരുന്ന ഡോക്ടറോട് നിരന്തരം സംസാരിച്ച് കല്യാണത്തിന് സമ്മതിപ്പിച്ചു. വിവാഹത്തിനായി വധുവിനെയും ബന്ധുക്കളെയും കൊണ്ടുവരാനും മറ്റ് അനുബന്ധപരിപാടികൾ നടത്താനുമായി പലതവണയായി ഡോക്ടറിൽ നിന്ന് ഇവർ പണം കൈപ്പറ്റി. ഇത് 5,60,000 രൂപ വരും.

രണ്ടുമാസം മുൻപ് കോഴിക്കോട് ബീച്ചിനടുത്തുള്ള ലോഡ്ജിൽ വെച്ച് വിവാഹ ചടങ്ങുകൾ നടത്തി. ചടങ്ങിന് പിന്നാലെ ഡോക്ടർ മുറിയിൽ നിന്നും പുറത്തുപോയ ഉടനെ ആഭരണങ്ങളും ഡോക്ടറുടെ ബാഗും കൈക്കലാക്കി പ്രതികൾ കടന്നുകളഞ്ഞു. ഇവരെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

വധുവിന്റെ കഴുത്തിലണിയിച്ച താലിമാല മാത്രം രണ്ട് പവനുണ്ട്. അബദ്ധം മനസിലായ ഡോക്ടർ പിന്നീട് ഇവരെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഇതോടെയാണ് ഡോക്ടർ നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് കാഞ്ഞങ്ങാട് സ്വദേശികളായ ഇർഷാന, റാഫി, മജീദ്, സത്താർ എന്നിവർക്കെതിരെയാണ് പൊലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.