കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ നഴ്‌സിനെ അക്രമിച്ച യുവാവ് മുങ്ങി. സുഹൃത്തുക്കൾ ചേർന്ന് രക്ഷപ്പെടുത്തിയ യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ചെറുകുന്ന് സെന്റ് മാർട്ടിൻ ഡി.പോറസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചു കയറി നഴ്‌സിനെ അക്രമിച്ച യുവാവിനായി തിരച്ചിൽ തുടരുകയാണ്. ചെറുകുന്ന് പൂങ്കാവിലെ ജിജിൻ ഫെലിക്‌സാണ്( 36) കേസിലെ പ്രതി.

ശനിയാഴ്ച (08-06-2024) വൈകുന്നേരം 5 മണിക്കുശേഷം ജിജിൻ ഫെലിക്സ് കൈയിൽ ചെറിയ മുറിവുമായി സുഹൃത്തുക്കളോടൊപ്പം ആശുപത്രിയിലെ, അടിയന്തര ചികിത്സാ വിഭാഗത്തിൽ എത്തി. ഡോക്ടറും, ഡ്യൂട്ടി നഴ്‌സുമാരും ചേർന്ന് പ്രാഥമിക ചികിത്സ നൽകുന്നതിന് ഇടയിൽ ഇയാൾ പ്രകോപനമൊന്നുമില്ലാതെ, അസഭ്യവർഷത്തോടെ ഷൂ ധരിച്ച കാലുകൊണ്ട് നഴ്‌സിന്റെ കഴുത്തിന് ആഞ്ഞു ചവിട്ടുകയായിരുന്നു.

ചവിട്ടിന്റെ ആഘാതത്തിൽ ബോധരഹിതയായ നഴ്‌സിന് അടിയന്തര ചികിത്സ നൽകി. സി ടി സ്‌കാൻ ഉൾപ്പടെയുള്ള പരിശോധനകൾ നടത്തി. നഴ്‌സ് ഇപ്പോഴും ചികിത്സയിലാണ്. ആക്രമണം നടത്തിയ ശേഷം യുവാവ് കൂടുതൽ പ്രകോപിതനായി ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് ആശുപത്രി അധികൃതർ കണ്ണപുരം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയതിനു ശേഷവും യുവാവ് പ്രകോപിതനായി.

അതിനിടെ, പൊലീസിന്റെ കണ്മുമ്പിൽ വച്ച്, പ്രതിക്ക് ചികിത്സ നൽകുവാൻ കൊണ്ടുപോകുന്നു എന്ന വ്യാജേന ഏതാനും സുഹൃത്തുക്കൾ ചേർന്ന് സ്വന്തം കാറിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം.