- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്യൂരിറ്റിക്കാരന്റെ കൈ തല്ലിയൊടിച്ച എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്; കേസെടുക്കാത്തത് വിദ്യാർത്ഥി സംഘടനയ്ക്ക് ധൈര്യവും അഹങ്കാരവുമായി; ഇരുമ്പു വടിയുമായി 'സിനിമാ സ്റ്റൈലിൽ' ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയത് യൂണിയൻ ചെയർമാൻ ഹാരിസ് മെഹറൂഫിന്റെ നേതൃത്വത്തിലെത്തിയ പത്തംഗ സംഘം; പിന്നെ കൂട്ടത്തല്ലും; കുസാറ്റിൽ നടന്നത് ഏകപക്ഷീയ അക്രമം; പൊലീസ് നോക്കുകുത്തിയാകുമ്പോൾ
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ(കുസാറ്റ്) എസ് എഫ് ഐ അക്രമങ്ങൾക്ക് കുടപിടിക്കുന്നത് പൊലീസ്? സെക്യൂരിറ്റിക്കാരനെ മർദ്ദിച്ച് കൈയൊടിച്ചിട്ടും നടപടികൾ എടുക്കാത്ത പൊലീസാണ് ഇന്നലെ നടന്ന സംഭവത്തിനും ഉത്തരവാദികൾ. ബിടെക് ഹോസ്റ്റലിൽ എസ്എഫ്െഎ പ്രവർത്തകരും ഹോസ്റ്റലിലെ 'സ്റ്റുഡന്റ്‌സ് കമ്യൂണിറ്റി' പ്രവർത്തകരും എറ്റുമുട്ടിയതിനെത്തുടർന്നു ഹോസ്റ്റൽ മുറിക്കു തീയിട്ടു. പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘട്ടനത്തിലും ലാത്തിച്ചാർജിലും ഒട്ടേറെ പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ 15 ബിടെക് വിദ്യാർത്ഥികൾ എറണാകുളം ഗവ. മെഡിക്കൽ കോളജിലും ആലുവ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.
ഇന്നലെ വൈകിട്ട് 4.30നു സഹാറ ഹോസ്റ്റലിലായിരുന്നു സംഭവം. സർവകലാശാല യൂണിയൻ ചെയർമാൻ ഹാരിസ് മെഹറൂഫിന്റെ നേതൃത്വത്തിലെത്തിയ പത്തംഗ എസ്എഫ്‌ഐ പ്രവർത്തകരാണു ഹോസ്റ്റലിൽ കയറി ആക്രമിച്ചതെന്നു ഹോസ്റ്റലിലെ അന്തേവാസികളായ വിദ്യാർത്ഥികൾ പറഞ്ഞു. ആക്രമണത്തിൽ മെസ് സെക്രട്ടറി ഹാനി അറ്റയ്ക്ക് തലയിൽ ഗുരുതര മുറിവേറ്റു. രാവിലെ എസ്എഫ്‌ഐ നടത്തിയ പഠിപ്പുമുടക്കു സമരത്തോടനുബന്ധിച്ചുണ്ടായ സംഘർഷമാണു വൈകിട്ടു സംഘട്ടനത്തിൽ കലാശിച്ചത്. സെക്യൂരിറ്റിക്കാരനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചതിന്റെ അഹങ്കാരമായിരുന്നു ഇതിന് കാരണം.
രണ്ടും കൽപ്പിച്ചാണ് എസ് എഫ് ഐക്കാർ എത്തിയത്. ഹോസ്റ്റലിലുള്ളവർ പ്രതിരോധം തീർക്കുകയായിരുന്നു. ഇരുമ്പുവടിയടക്കമുള്ള ആയുധങ്ങളുമായിട്ടായിരുന്നു ആക്രമണം. സംഘട്ടനത്തിൽ ഇരുവിഭാഗത്തിലുള്ളവർക്കും പരുക്കേറ്റു. പരുക്കേറ്റവരെ ഹോസ്റ്റലിനു പുറത്തെത്തിക്കുന്നതിന് ഇടയിലാണ് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് വൈശാഖിന്റെ മുറിക്കു തീയിട്ടത്. അഗ്‌നിരക്ഷാ സേനയെത്തിയാണു തീ അണച്ചത്. ലാപ്‌ടോപ്പുകളും വസ്ത്രങ്ങളും കിടക്കയുമെല്ലാം കത്തി നശിച്ചു. സ്ഥലത്തു വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നു.
കുസാറ്റിൽ എസ്എഫ്ഐ പ്രവർത്തകരുണ്ടാക്കിയ സംഘർഷത്തിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഹരിപ്പാട് നങ്ങ്യാർകുളങ്ങര ഐശ്വര്യയിൽ എം.സോമന്റെ (51) വലതു കൈ ഒടിഞ്ഞുവെങ്കിലും സർവ്വകലാശാല പരാതി പോലും നൽകിയിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. സെക്യൂരിറ്റിക്കാന്റെ കൈയൊടിഞ്ഞ് 2 ദിവസം കഴിഞ്ഞിട്ടും സർവകലാശാല പൊലീസിൽ പരാതി നൽകിയിട്ടില്ല. സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് സർവകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. കുട്ടിസഖാക്കളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇത് എസ് എഫ് ഐക്കാർക്ക് ധൈര്യമായി. ഇതിന്റെ തുടർച്ചയായിരുന്നു ഹോസ്റ്റലിലെ അക്രമം.
ചാൻസലർ കൂടിയായ ഗവർണ്ണർ ഇടപെടേണ്ട സാധ്യത ഇവിടെ ഏറെയാണ്. സെക്യൂരിറ്റിക്കാരനെതിരെ അതിരൂക്ഷ ആക്രമണമാണ് നടന്നത്. പൊലീസാണ് സോമനെ ആശുപത്രിയിൽ എത്തിച്ചത്. എന്നിട്ടും കേസെടുക്കുന്നില്ലെന്നതാണ് വസ്തുത. അവധി ദിവസമായ തിങ്കളാഴ്ച രാവിലെ10.15നാണ് കുസാറ്റ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വൈസ്ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ രാജിവയ്ക്കണമെന്ന ഗവർണറുടെ നിർദേശത്തിനെതിരെ കോടതിയെ സമീപിക്കുന്നതിനുള്ള രേഖകൾ തയാറാക്കുന്നതിന് വിസിയും പ്രോ വൈസ്ചാൻസലർ ഡോ.പി.ജി.ശങ്കരനും ഓഫിസിലെത്തിയിരുന്നു. പത്തോളം ജീവനക്കാരും എത്തി. ഇരുവരും ഓഫിസിൽ നിന്നു പുറത്തിറങ്ങിയ ശേഷം എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ 4 എസ്എഫ്ഐ നേതാക്കൾ അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസിലെത്തി. സെക്യൂരിറ്റി ജീവനക്കാർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും വിസി പറഞ്ഞിട്ടു വന്നതാണെന്ന് അറിയിച്ച് ഇവർ അകത്തു കയറി.
അൽപസമയം കഴിഞ്ഞപ്പോൾ കൂടുതൽ എസ്എഫ്ഐ പ്രവർത്തകർ കൊടികളുമായി കവാടത്തിലെത്തി. ഗേറ്റ് അടച്ചു സെക്യൂരിറ്റി വിഭാഗം പ്രതിരോധിച്ചെങ്കിലും ഇവരെല്ലാം മതിൽ ചാടി അകത്തു കയറി. കെട്ടിടത്തിലേക്കു പ്രവേശിക്കാതിരിക്കാൻ ഗ്രില്ലുകൊണ്ടുള്ള കവാടം അടയ്ക്കാനുള്ള ശ്രമത്തിനിടയിലാണു സോമന്റെ കൈ തിരിച്ചൊടിച്ചത്. പ്രജിത്ത് ബാബുവാണ് കൈ പിടിച്ചു തിരിച്ചതെന്നും തള്ളിയതെന്നും സോമൻ നൽകിയ ഡ്യൂട്ടി റിപ്പോർട്ടിൽ പറയുന്നു. സംഭവം നടക്കുമ്പോൾ 6 സെക്യൂരിറ്റി ജീവനക്കാർ മാത്രമേ ഡ്യൂട്ടിക്കുണ്ടായിരുന്നുള്ളൂ. വിവരമറിഞ്ഞു പൊലീസെത്തിയാണു സോമനെ ആശുപത്രിയിൽ എത്തിച്ചത്. സോമൻ നേരിട്ടു സ്റ്റേഷനിലെത്തി ഇന്നലെ മൊഴി നൽകിയെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല. ഇതാണ് കേരളം.
സർവ്വകലാശാലകൾക്ക് സുരക്ഷ ആവശ്യപ്പെട്ട് ചാൻസലറായ ഗവർണ്ണർ പൊലീസിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗൂഢാലോചനും ആരോപിച്ചു. എന്നാൽ സുരക്ഷ അനിവാര്യമാണെന്ന് തെളിയിക്കുന്നതാണ് കുസാറ്റിലെ എസ് എഫ് ഐ അക്രമം.
മറുനാടന് മലയാളി ബ്യൂറോ