- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും യുവതിയുടെ ചിത്രം അശ്ലീല വെബ്സൈറ്റിൽ; ഫോണിൽ തുരുതുരാ സന്ദേശങ്ങൾ; യുവതികളും സർക്കാർ ജീവനക്കാരും അടക്കം പ്രതികൾ; സൈബർ സെൽ അന്വേഷണം തുടങ്ങി; കാട്ടാക്കട പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: സഹപാഠികളുടെ ഗ്രൂപ്പിൽ നിന്നും വീട്ടമ്മയുടെ ചിത്രം അശ്ലീല വെബ്സൈറ്റിൽ എത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. സർക്കാർ ജീവനക്കാർ അടക്കം കേസിൽ പ്രതികളാണ്. വീട്ടമ്മ റൂറൽ എസ്‌പിക്ക് നൽകിയ പരാതിയിലാണ് കാട്ടാക്കട പൊലീസ് കേസെടുത്തത്. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചയാളെന്ന് സംശയിക്കുന്ന യുവാവിനെയും മറ്റ് ഏഴുപേരെയുമാണ് കേസിൽ പ്രതികളാക്കിയിട്ടുള്ളത്. വീട്ടമ്മയുടെ പത്താംക്ലാസിലെ സഹപാഠികളായ 207 പേരുള്ള വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മുറിച്ചെടുത്ത ചിത്രമാണ് അശ്ലീല വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്.
ജനുവരി 25നാണ് യുവതിയുടെ ഫോട്ടോയും പേരും ഫോൺനമ്പറും അടക്കം അശ്ലീല സൈറ്റിൽ പ്രദർശിപ്പിക്കപ്പെട്ടത്. തുടർന്ന് യുവതിയുടെ ഫോണിലേക്ക് വിദേശങ്ങളിൽ നിന്നടക്കം പല നമ്പരുകളിൽ നിന്നും അശ്ലീല സന്ദേശങ്ങൾ വന്നു. ഇതേത്തുടർന്ന് വിദേശത്തുള്ള ഭർത്താവിനെ വിവരം അറിയിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഫോട്ടോ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയത്.
സൈബർ സെല്ലാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ പരാതി നൽകിയപ്പോൾ കാട്ടാക്കട എസ്എച്ച്ഒ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് യുവതി എസ്‌പിക്ക് പരാതി നൽകിയിരുന്നു. എന്നാൽ പരാതി അന്വേഷിക്കാൻ ഇതേ ഉദ്യോഗസ്ഥനെ തന്നെ നിയമിച്ചതോടെ, യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്താൻ പൊലീസ് ആസ്ഥാനത്തെ സ്പെഷൻ സെൽ എസ്‌പിക്ക് ഡിജിപി നിർദ്ദേശം നൽകി. ഒന്നാം തീയതി നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസ് ചൊവ്വാഴ്ച യുവതിയുടെ മൊഴി രേഖപ്പെടുത്തി.
സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് എടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ക്രോപ്പ് ചെയ്ത ചിത്രമാണ് അശ്ലീല വെബ്‌സൈറ്റിൽ പ്രചരിച്ചത്. എട്ട് പേരുള്ള ചിത്രത്തിൽ നിന്ന് വീട്ടമ്മയുടെ മുഖം മാത്രം ക്രോപ്പ് ചെയ്യുകയായിരുന്നു. ഇതോടെ പത്താം ക്ലാസിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ചിത്രമെടുത്തതെന്നും വ്യക്തമായി. കൂടാതെ ഇതിൽ ഒരാളെ കൂടുതൽ സംശയമുണ്ടെന്നും അറിയിച്ചു.
ഇതിനിടെ പ്രതിയും കുടുംബവും പരാതിക്കാരിയുടെ വീട്ടിലെത്തി മാപ്പ് ചോദിച്ചു. കുറ്റസമ്മതം നടത്തിയ പ്രതി കേസ് പിൻവലിക്കണമെന്നും വീട്ടമ്മയോട് ആവശ്യപ്പെട്ടു. പൊലീസിന്റെയും പ്രതിയുടെയും ഒത്തുതീർപ്പ് ശ്രമത്തിന് വഴങ്ങാൻ വീട്ടമ്മ ഒരുക്കമല്ലായിരുന്നു. ഇതോടെ കേസിൽ ഗുരുതര വീഴ്ച വരുത്തിയ പൊലീസിനെതിരെ റൂറൽ എസ്‌പിക്ക് പരാതി നൽകുകയായിരുന്നു. അതേസമയം പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് ആരോപണവിധേയരുടെ വാദം. തനിക്ക് 16 വയസുള്ള മകളുണ്ടെന്നും ഇത് മകളുടെ ഭാവിയെ ബാധിക്കുമെന്ന് ഭയമുണ്ടെന്നും യുവതി പറയുന്നു.