തിരുവനന്തപുരം: ചതിക്കുഴികളുടെ ലോകമാണ് ഇന്റർനെറ്റും സോഷ്യൽ മീഡിയയും. പണം തട്ടിപ്പും പ്രണയക്കുരുക്കും ലൈംഗിക ചൂഷണവും ഒക്കെ പതിയിരിക്കുന്ന അപകട ലോകം. ഇന്റർനെറ്റിലെ തട്ടിപ്പുകളെക്കുറിച്ച് ധാരാളം മുന്നറിയിപ്പുകൾ വന്നിട്ടുള്ളതാണ്. എങ്കിലും ഈ തട്ടിപ്പുകൾക്ക് ഇപ്പോഴും ഇരകളാകുന്നത് നിരവധി പേരാണ്. സൗഹൃദവും പ്രണയവുമൊക്കെ നടിച്ചാണ് ഇന്റർനെറ്റിലെ ചതികൾ പലതും അരങ്ങേറുന്നത്. ക്യാറ്റ് ഫിഷിങ് എന്നറിയപ്പെടുന്ന ഈ തട്ടിപ്പുകൾ വർധിച്ചു വരികയാണെന്നും കരുതിയിരിക്കണമെന്നുമാണ് പൊലീസിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്.

ഇരയുടെ വിശ്വാസം നേടിയെടുക്കലാണ് തട്ടിപ്പുകാരുടെ ആദ്യ ലക്ഷ്യം. പല മാർഗ്ഗങ്ങൾ ഇതിനായി അവർ ഉപയോഗിക്കുന്നു. താൻ നിഷ്‌കളങ്കനാണെന്നു വരുത്തി സൗഹൃദം സ്ഥാപിക്കലാണ് ആദ്യ രീതി. ഇതിനായി പല മാർഗ്ഗങ്ങൾ ഉപയോഗിക്കും. പരിചയപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ഇവർ ഇരയുമായി ആഴത്തിലുള്ള സൗഹൃദം സ്ഥാപിക്കും. ചിലർ പ്രണയത്തിലാണെന്നു നടിക്കും' ഇരയോട് മറക്കാനാവാത്ത വിധം ആഴത്തിലുള്ള പ്രണയമായി എന്നാണ് ചതിയന്മാർ ഇരയെ ബോധ്യപെടുത്തുക. തന്റെ സ്വകാര്യ രഹസ്യങ്ങൾ എന്ന പേരിൽ നിരവധി വിവരങ്ങൾ ഇരയുമായി പങ്കു വയ്ക്കും.

പിന്നെ പതിയെ പതിയെ ഇരയുടെ സ്വകാര്യതയിലേക്ക് കടക്കും. വ്യക്തിഗത വിവരങ്ങളും സ്വകാര്യ ഫോട്ടോകളും മറ്റും കൈക്കലാക്കാനുള്ള തന്ത്രമാണിത്. ഫോൺ നമ്പർ വാങ്ങി ബന്ധം ഫോൺ വിളിയിലേക്ക് തിരിയും' ഇരയുടെ സ്വകാര്യവും വ്യക്തിപരവുമായ ഫോട്ടോകളും വീഡിയോയും കൈക്കലാക്കിയാൽ പിന്നെ ഭീഷണിയിലൂടെ ക്യാറ്റ് ഫിഷിങ് ആരംഭിക്കും. വിവരങ്ങൾ ദുരുപയോഗപ്പെടുത്തി പണം തട്ടിപ്പിനും ലൈംഗിക ചൂഷണത്തിനും മുതിരുന്നു.

സ്വന്തം ഐഡന്റിറ്റി മറച്ചുവച്ച് ആണ് തട്ടിപ്പുകാർ രംഗത്തിറങ്ങുന്നത്. മറ്റുള്ളവരുടെ വിലാസവും ഐഡിയും ഉപയോഗിച്ചായിരിക്കും ഇരയുമായി ബന്ധം സ്ഥാപിക്കുക. ഇരയാകുന്നവരുടെ ഇഷ്ടങ്ങൾ കണ്ടെത്തി അതിലൂടെ ഇരയെ വളച്ചെടുക്കും. താൽപര്യങ്ങൾ ഒന്നാണെന്ന് തിരിച്ചറിയുമ്പോൾ അറിയാതെ ഇര വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും അകന്ന് ക്യാറ്റ് ഫിഷിംഗിന് വിധേയരാകും. വ്യക്തിഗത വിവരങ്ങൾ വച്ച് പണം തട്ടിപ്പ് നടത്തുന്ന ഫിഷിങ് അറ്റാക്കുകളും കൂടി വരികയാണെന്ന് പൊലീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. പാസ് വേഡ് , യൂസർ നെയിം, ക്രഡിറ്റ് കാർഡ് വിവരങ്ങൾ ഇവയൊക്കെ അനുനയത്തിൽ കൈക്കലാക്കിയാണ് പണം തട്ടിപ്പ് നടത്തുക.

ഒരു യഥാർത്ഥ സുഹൃത്ത് ഒരിക്കലും സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ചോദിക്കില്ല എന്ന് തിരിച്ചറിയണം. പരസ്പരം അറിയാവുന്നവരെ മാത്രമേ സോഷ്യൽ മീഡിയയിൽ സുഹൃത്തായി തെരഞ്ഞടുക്കാവൂ. സോഷ്യൽ മീഡിയ, ഇ മെയിൽ പാസ് വേഡുകൾ ഇടയ്ക്കിടെ മാറ്റുക . പാസ് വേഡ് ആരുമായും പങ്കു വയ്ക്കരുത്. ക്യാറ്റ് ഫിഷർ മാരെന്നു തോന്നുന്നവരുടെ ഫോൺ നമ്പറും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുക. പല പ്രണയ ബന്ധങ്ങളും തുടങ്ങുന്നത് സോഷ്യൽ മീഡിയ വഴിയാണ്. ഇങ്ങനെ മുന്നോട്ടു പോകുന്ന പ്രണയങ്ങളുടെ വൈകാരിക പരിസരം തീവ്രമായിരിക്കും. സംസ്ഥാനത്ത് നടന്ന പല പ്രണയ ക്കൊലപാതകങ്ങളിലും പ്രണയികൾ പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണ്.

കഴിഞ്ഞ നാല് വർഷങ്ങൾക്കിടയിൽ പ്രണയ പകയിൽ സംസ്ഥാനത്തുകൊല്ലപ്പെട്ട 10 വനിതകളാണ്. പ്രണയ ബന്ധങ്ങളുടെ പേരിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ ആത്മഹത്യ ചെയ്തത് 340 വനിതകളാണ്. പ്രണയ പക കൊലപാതകങ്ങളിൽ വേണ്ടത് ശക്തമായ ബോധവത്കരണമാണ്. വീണ ജോർജിന്റെ വനിത ശിശു വികസന വകുപ്പോ, ചിന്ത ജെറോം ചെയർ പേഴ്‌സൺ ആയ യുവജന കമ്മീഷനോ ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടലുകൾ നടത്തുന്നില്ല. പ്രണയ പക കൊലപാതകം നടക്കുമ്പോൾ വാർത്തയാകുന്നു, എല്ലാവരും അതിനെതിരെ പ്രതികരിക്കുന്നു എന്ന സ്വാഭാവിക സർക്കസ് മാത്രം ആണ് നാട്ടിൽ നടക്കുന്നത്. നഷ്ടപ്പെടുന്നത് മാതാപിതാക്കൾക്ക് മാത്രം.

പ്രണയ പക, കൊലപാതകങ്ങൾ: 2017 ൽ 3, 2019 ൽ 5, 2020 ൽ 2 ; ആത്മഹത്യകൾ 2017 ൽ 80, 2018 ൽ 76 , 2019 ൽ 88 , 2020 ൽ 96