മുംബൈ: ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ വാഹനം അപകടത്തിൽ പെട്ടത് അമിതവേഗത കാരണമെന്ന് പൊലീസ്. അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ തെറ്റായ ദിശയിലൂടെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്റെ ഇടതു വശത്തിലൂടെ മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ പാൽഘർ ചാരോട്ടിയിൽ വച്ചായിരുന്നു സൈറസ് മിസ്ത്രി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം. മിസ്ത്രിയോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ജെഹാംഗീർ പണ്ടോളെയും മരണപ്പെട്ടു. സുഹൃത്തായ ഡോക്ടർ അനഹിത പണ്ടോളെയാണ് വാഹനം ഓടിച്ചിരുന്നത്. ഇവരുടെ ഭർത്താവ് ഡാരിയസ് പണ്ടോളെയും കൂടെയുണ്ടായിരുന്നു. ഇയാളുടെ സഹോദരനായിരുന്നു ജെഹാംഗീർ പണ്ടോളെ. മുംബൈയിലെ പ്രശസ്തയായ ഗൈനക്കോളജിസ്റ്റാണ് അനഹിത പണ്ടോള.

മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ അനഹിത പണ്ടോളെയും ഭർത്താവും വാഹനത്തിന്റെ മുൻ സീറ്റിലായിരുന്നു. പിൻസീറ്റിലായിരുന്നു മിസ്ത്രിയും ജെഹാംഗീർ പണ്ടോളെയും ഇരുന്നിരുന്നത്. ഗുജറാത്തിലെ ഉദ്വാദയിലുള്ള പാഴ്സി ക്ഷേത്രമായ അതാഷ് ബെഹ്റാം അഗ്‌നി ക്ഷേത്രം സന്ദർശിക്കാൻ പോകുകയായിരുന്നു ഇവർ. പരുക്കേറ്റ അനഹിത പണ്ടോളെയും ഭർത്താവും വാപിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മഹാരാഷ്ട്ര സർക്കാർ നിഷ്‌കർഷിച്ചിട്ടുണ്ട്.

വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തിൽപെടുമ്പോൾ കാർ ഓടിച്ചിരുന്നത് മുംബൈയിലെ പ്രശസ്തയായ ഗൈനക്കോളജിസ്റ്റാണെന്ന് പൊലീസ്. അപകടത്തിൽ സൈറസ് മിസ്ത്രിയും സഹയാത്രികനായ മറ്റൊരാളുമാണ് മരിച്ചത്. വേഗതയിൽ വന്ന കാർ മറ്റൊരു വാഹനത്തെ ഇടതുവശത്തുകൂടെ ഓവർടേക് ചെയ്യുന്നതിനിടെയാണ് ഇടിച്ചുമറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.

'ഒരു സ്ത്രീയായിരുന്നു കാർ ഓടിച്ചിരുന്നത്. ഇടതുവശത്തുകൂടെ വേഗത്തിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് അപകടമുണ്ടായത്' -ഒരു ദൃക്‌സാക്ഷി പറയുന്നു. അപകടത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

2012 ൽ ടാറ്റ സൺസിന്റെ തലപ്പത്ത് നിന്ന് രത്തൻ ടാറ്റ പടിയിറങ്ങിയതോടെയാണ് സൈറസ് പല്ലോൺജി മിസ്ത്രി ഗ്രൂപ്പിന്റെ തലപ്പത്ത് എത്തിയത്. ടാറ്റ സൺസിന്റെ ഏറ്റവും വലിയ ഓഹരിയുടമ ഷാപ്പൂർജി പല്ലോൺജി ഗ്രൂപ്പ് പ്രതിനിധി എന്ന നിലയിലാണ് സൈറസ് മിസ്ത്രി ചെയർമാനായത്.

2006 ൽ, തന്റെ പിതാവ് പല്ലോൺജി മിസ്ത്രിയുടെ മരണത്തെ തുടർന്നാണ് ടാറ്റാ സൺസിന്റെ ബോർഡിൽ ചേർന്നത്. കെട്ടിട നിർമ്മാണ രംഗത്തെ അതികായനായിരുന്നു പല്ലോൺജി മിസ്ത്രി.

2016 ഒക്ടോബർ 24 ന് ടാറ്റ സൺസ് ബോർഡ് മിസ്ത്രിയെ ചെയർമാൻ പദവിയിൽ നിന്ന് നീക്കം ചെയ്തു. പിന്നീട്, നടരാജൻ ചന്ദ്രശേഖരനെ പുതിയ ചെയർമാനായി നിയമിച്ചു. ടാറ്റയുടെ 142 വർഷത്തെ ചരിത്രത്തിൽ കുടുംബത്തിന് പുറത്ത് നിന്ന് തലപ്പത്ത് എത്തുന്ന രണ്ടാമത്തെ വ്യക്തിയായിരുന്നു സൈറസ് മിസ്ത്രി. വെറും നാല് വർഷം മാത്രമേ ചെയർമാൻ പദവിയിൽ ഇരിക്കാൻ കഴിഞ്ഞുള്ളു.

ടാറ്റ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സൈറസ് മിസ്ത്രിയെ നീക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം ശരിവച്ച 2021ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സപൂർജി പല്ലോൻജി (എസ്‌പി) ഗ്രൂപ്പിന്റെ ഹർജി മെയ്‌ മാസത്തിൽ സുപ്രീം കോടതി തള്ളിയിരുന്നു.

1968 ജൂലൈ നാലിന് ലണ്ടനിലെ ഇമ്പീരിയൽ കോളേജ് ഓഫ് സയൻസ്, ടെക്‌നോളജി ആൻഡ് മെഡിസിനിൽ നിന്ന് സിവിൽ എഞ്ചിനീയറിങ് പാസായ സൈറസ് മിസ്ത്രി, ലണ്ടൻ ബിസിനസ് സ്‌കൂളിൽ നിന്ന് മാസ്റ്റർ ബിരുദവും നേടിയിരുന്നു.