- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൊലപാതക കുറ്റം ഡ്രൈവറുടെ തലയിൽ കെട്ടിവയ്ക്കാൻ നോക്കി
ബെംഗളൂരു: കൊല ചെയ്തിട്ട് പാവപ്പെട്ടവരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാൻ നോക്കുക. കന്നഡ നടൻ ദർശനും, കാമുകി പവിത്ര ഗൗഡയും ഉൾപ്പെട്ട കൊലപാതക കേസിൽ, കുറ്റം ഏറ്റെടുക്കാൻ ടാക്‌സി ഡ്രൈവറെ വരെ നിർബ്ബന്ധിച്ചു. എന്നാൽ, ഡ്രൈവറായ രവിശങ്കർ അതിന് വിസമ്മതിച്ച് ടാക്‌സി വാടകയും വാങ്ങി ജീവനും കൊണ്ടോടി.
രവി പറയുന്നത് അനുസരിച്ച് കൊല്ലപ്പെട്ട രേണുക സ്വാമി കാറിൽ കയറിയപ്പോൾ, തന്നെ കാത്തിരിക്കുന്നത് ദുരന്തമാണെന്ന് പ്രതീക്ഷിച്ചതേയില്ല. സ്വാമിയെ ബലമായല്ല കാറിൽ കയറ്റി കണ്ടുവന്നത്. മറ്റുള്ളവർ തങ്ങൾക്കൊപ്പം ചേരാൻ സ്വാമിയെ വഴിപ്പെടുത്തുകയായിരുന്നു. ദർശന്റെ കാമുകിയും നടിയുമായ പവിത്ര ഗൗഡയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ ഇട്ട കമന്റുകൾക്ക് മാപ്പ് പറയാൻ എന്ന വ്യാജേനയാണ് ദർശന്റെ അടുത്തേക്ക് സ്വാമിയെ കൂട്ടിക്കൊണ്ടുപോയത്.
ദർശനും, പവിത്ര ഗൗഡയും മറ്റ് 11 പേരും പൊലീസ് കസ്റ്റഡിയിലാണ്. തനിക്കെതിരായ പോസ്റ്റുകളുടെ പേരിൽ രേണുകസ്വാമിയെ ശിക്ഷിക്കാൻ പവിത്രയാണ് ദർശനെ പ്രേരിപ്പിച്ചതെന്നാണ് കേസ്.
ഡ്രൈവർ രവിശങ്കർ ചിത്രദുർഗയിൽ നിന്ന് ബെംഗളൂരു വരെ (200 കിലോമീറ്റർ) രേണുക സ്വാമിയെ എത്തിച്ചതുകൊണ്ട് കേസിൽ പെട്ടു. ആദ്യം രവി ഒളിവിൽ പോയെങ്കിലും, പിന്നീട് ചിത്രദുർഗ ടാക്‌സി അസോസിയേഷന്റെ നിർദ്ദേശപ്രകാരം കീഴടങ്ങുകയായിരുന്നു. രവി കീഴടങ്ങിയതോടെ പൊലീസിന് പല പുതിയ വിവരങ്ങളും കിട്ടി. ദർശന് വേണ്ടി ചിത്രദുർഗയിൽ ഫാൻ ക്ലബ്ബ് നടത്തിയിരുന്ന രഘു എന്ന രാഘവേന്ദ്രയാണ് രവി ഓടിച്ച ടാക്‌സി കാർ ഏർപ്പാടാക്കിയത്. ജൂൺ 8 നാണ് രഘുവും കൂട്ടരും സൗഹൃദ ഭാവേന രേണുകസ്വാമിയെ ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയത്.
സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് നടൻ ദർശനും നടി പവിത്രയും കൊലക്കേസിൽ അറസ്റ്റിലായത് രവിശങ്കർ അറിഞ്ഞത്. കേസിൽ താനും പ്രതിയാണെന്ന വിവരവും മാധ്യമങ്ങളിലൂടെയാണ് ഇയാൾ അറിഞ്ഞത്. കൃത്യം നടന്ന ദിവസം രാവിലെ ദർശൻ ഫാൻസ് അസോസിയേഷൻ ഭാരവാഹിയായ ജഗദീഷ് എന്നയാളാണ് രവിശങ്കറിന്റെ ടാക്സി ഓട്ടത്തിനായി വിളിച്ചതെന്നാണ് മറ്റുഡ്രൈവർമാർ പറയുന്നത്. ബെംഗളൂരുവിലേക്ക് പോകാനായി ചിത്രദുർഗയിലെ ടാക്സി ഡ്രൈവറായ സുരേഷിനെയാണ് ഇയാൾ ആദ്യം സമീപിച്ചത്. എന്നാൽ, ചിക്കമഗളൂരുവിലേക്ക് നേരത്തെ ബുക്ക്ചെയ്ത ഓട്ടംപോകേണ്ടതിനാൽ സുരേഷാണ് രവിശങ്കറിനെ ബന്ധപ്പെടുത്തിയത്. തുടർന്ന് രവിശങ്കർ ജഗദീഷിനെ വിളിക്കുകയും ഇയാൾ പറഞ്ഞതനുസരിച്ച് ഒരു പെട്രോൾ പമ്പിന് സമീപത്തുനിന്ന് നാലുപേരെ വാഹനത്തിൽ കയറ്റുകയുംചെയ്തു.
രേണുകാസ്വാമി, ദർശൻ ഫാൻസ് ഭാരവാഹികളായ രാഘവേന്ദ്ര, ജഗദീഷ്, അനുകുമാർ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. മാപ്പപേക്ഷയ്ക്ക് പോകുന്നതുകൊണ്ട് യാത്രയ്ക്കിടെയും രേണുകാസ്വാമിക്ക് ഭയം ഉണ്ടായിരുന്നില്ല. ഇതിനിടെ രേണുകാസ്വാമിയെയും കൂട്ടി ഇവർ ഉച്ചഭക്ഷണവും കഴിച്ചു. തുമകുരു ടോൾബൂത്തിന് സമീപത്തെ ഹോട്ടലിൽ നിന്നാണ് രേണുകാസ്വാമി അടക്കമുള്ളവർ ഭക്ഷണം കഴിച്ചത്. യാത്രയ്ക്കിടെ പവിത്ര ഗൗഡക്കെതിരേ കമന്റിട്ടത് സംബന്ധിച്ച് മറ്റുള്ളവർ രേണുകാസ്വാമിയോട് ചോദിച്ചിരുന്നു. താൻ മോശമായ രീതിയിൽ കമന്റ് ചെയ്തിട്ടില്ലെന്നാണ് കടുത്ത ദർശൻ ആരാധകനായ രേണുകാസ്വാമി വാദിച്ചത്.
ബെംഗളൂരു നൈസ് റോഡിൽ എത്തിയപ്പോളാണ് കാറിലുണ്ടായിരുന്നവരുടെ മൊബൈലിലേക്ക് ഒരു ലൊക്കേഷൻ മാപ്പ് അയച്ചുകിട്ടിയത്. തുടർന്ന് വാഹനം പട്ടണഗരെയിലെ ഷെഡ്ഡിലേക്ക് തിരിച്ചു. ഇവിടെ വച്ചാണ് രേണുകാസ്വാമിയെ പ്രതികൾ കൊലപ്പെടുത്തിയത്. ജൂൺ എട്ടിന് വൈകിട്ട് മൂന്നുമണിയോടെ രവിശങ്കറിന്റെ വാഹനം എത്തുമ്പോൾ ഏകദേശം മുപ്പതോളം പേർ ഇവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. തുടർന്ന് ഇവരിൽ ചിലർ മടങ്ങിപ്പോയി.
ഇതിന് പിന്നാലെ രേണുകാസ്വാമിയെ മർദിക്കാൻ തുടങ്ങി. രാത്രി വൈകും വരെ ടാക്സി ഡ്രൈവറായ രവിശങ്കർ ഷെഡ്ഡിന് പുറത്ത് കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെ, പലരും ഷെഡ്ഡിനുള്ളിലേക്ക് വരികയും പോവുകയും ചെയ്തു. പിന്നാലെ ഷെഡ്ഡിൽ നിന്ന് പല ശബ്ദങ്ങളും കേട്ടു. അകത്ത് എന്താണെന്ന് നടക്കുന്നതറിയാതെ പുറത്തുനിന്ന രവിശങ്കർ എത്രയും വേഗം ടാക്സി കൂലിയും വാങ്ങി സ്ഥലത്തുനിന്ന് മടങ്ങാനാണ് വിചാരിച്ചത്. എന്നാൽ, വാടക കിട്ടാനായി അർധരാത്രി വരെ കാത്തിരിക്കേണ്ടിവന്നു. ഇതിനിടെ, കൊലയാളിസംഘത്തിൽപ്പെട്ട ഒരാൾ കൊലക്കുറ്റം ഏറ്റെടുത്താൽ പാരിതോഷികം തരാമെന്ന് വാഗ്ദാനംചെയ്തു. എന്നാൽ, രവിശങ്കർ ഇതിന് തയ്യാറായില്ല. തുടർന്ന് ടാക്സി കൂലിയായ 4000 രൂപയും വാങ്ങി രവിശങ്കർ അവിടെ നിന്ന് മടങ്ങുകയായിരുന്നു. നേരത്തെ 3 പേർക്ക് 5 ലക്ഷം വീതം പാരിതോഷികം നൽകി കുറ്റം അവരുടെ തലയിൽ കെട്ടി വയ്ക്കാനും ദർശൻ ആസൂത്രണം ചെയ്തതായി പൊലീസ് പറയുന്നു.
ദർശൻ രേണുക സ്വാമിയെ ബെൽറ്റ് കൊണ്ട് അടിച്ചപ്പോൾ, കൂട്ടാളികൾ വടി കൊണ്ട് അടിച്ചു. ബോധം പോകും വരെയുള്ള അടിയിൽ സ്വാമിയുടെ ദേഹത്തിൽ നിരവധി ഒടിവുകളും മുറിവുകളും ഉണ്ടായി. മൃതദേഹം ഓടയിൽ നായ്ക്കൾ കടിക്കുന്ന രീതിയിൽ ഒരു ഫുഡ് ഡെലിവറി ബോയി കണ്ടെത്തുകയായിരുന്നു. കേസിൽ പവിത്ര ഗൗഡ ഒന്നാം പ്രതിയും, ദർശൻ രണ്ടാം പ്രതിയുമാണ്.