- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹികമാധ്യമങ്ങളിലൂടെയും ഡേറ്റിങ് ആപ്പുകളിലൂടെയും അടുപ്പം സ്ഥാപിക്കും; വിശ്വാസം നേടിയെടുത്താൽ തനിച്ച് കാണാമെന്ന് വാഗ്ദാനം; കൂടിക്കാഴ്ച്ചക്കിടെ ഭക്ഷണസാധനങ്ങളിൽ മയക്കുമരുന്ന് കലർത്തി നൽകി കൊള്ളയടിക്കും; യുവതിയും യുവാവും ചേർന്നുള്ള തട്ടിപ്പിൽ വീണത് 20 ലേറെപ്പേർ; സിനിമയിൽ നിന്നാണ് തട്ടിപ്പിന് പ്രചോദനമെന്ന് സംഘം
ന്യൂഡൽഹി: ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് യുവാക്കളിൽനിന്ന് പണം തട്ടിയെടുക്കുന്ന യുവതിയും യുവാവും അറസ്റ്റിൽ. രാഖി എന്ന കാശിഷ്, സന്തോഷ് കുമാർ ഭഗത് എന്നിവരെയാണ് ഫരീദാബാദിലെ ഹോട്ടലിൽനിന്ന് പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് എട്ട് മൊബൈൽ ഫോണുകളും 15,000 രൂപയും പാൻ, ഡെബിറ്റ് കാർഡുകളും മയക്കുഗുളികകളും പിടിച്ചെടുത്തു.
ഒക്ടോബർ നാലാം തീയതി ഒരു യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് രാഖിയുടെ തട്ടിപ്പിനെക്കുറിച്ച് പുറത്തറിയുന്നത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി നേരിട്ട് കാണാൻ ആവശ്യപ്പെട്ട് നീലംചൗക്കിലേക്ക് വിളിച്ചുവരുത്തിയെന്നും പിന്നീട് ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി തന്നെ കൊള്ളയടിച്ചെന്നുമായിരുന്നു യുവാവിന്റെ പരാതി.
2005-ൽ പുറത്തിറങ്ങിയ ബണ്ടി ഓൺ ബബ്ളി എന്ന സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരം തട്ടിപ്പുകൾക്കിറങ്ങിയതെന്നാണ് പ്രതികളുടെ മൊഴി. സാമൂഹികമാധ്യമങ്ങളിലൂടെയും ഡേറ്റിങ് ആപ്പുകളിലൂടെയും രാഖിയാണ് യുവാക്കളുമായി അടുപ്പം സ്ഥാപിക്കുന്നത്. തുടർന്ന് സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തും.
ഈ സമയത്ത് ഭക്ഷണസാധനങ്ങളിൽ മയക്കുമരുന്ന് കലർത്തിനൽകി യുവാക്കളെ കൊള്ളയടിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നും ഇതുവരെ ഇരുപതിലേറെ യുവാക്കൾ ഇവരുടെ കെണിയിൽവീണിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.സമാന അനുഭവമാണ് പരാതി നൽകിയ യുവാവിനും ഉണ്ടായത്. നീലംചൗക്കിൽവെച്ച് നേരിട്ട് കണ്ടതിന് പിന്നാലെ ഇരുവരും യുവാവിന്റെ വീട്ടിലേക്ക് പോയി. ഇവിടെവെച്ച് രാഖി യുവാവിന് ശീതളപാനീയം നൽകി.
ഇത് കുടിച്ചതോടെ താൻ ബോധരഹിതനായെന്നും പിന്നീട് ബോധം വീണ്ടെടുത്തപ്പോളാണ് കവർച്ച നടന്നത് മനസിലായതെന്നും പരാതിയിൽ പറഞ്ഞിരുന്നു. മൊബൈൽഫോൺ, പണം, സ്വർണം, വെള്ളി ആഭരണങ്ങൾ തുടങ്ങിയവയാണ് യുവതി മോഷ്ടിച്ചത്. യുവാവിന്റെ ഫോണിൽനിന്ന് ഒരുലക്ഷം രൂപയുടെ ഓൺലൈൻ ഇടപാടുകളും നടത്തിയിരുന്നു. സംഭവത്തിന് പിന്നാലെ രാഖിയെ വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച രാഖി ഹരിയാണയിലാണുള്ളതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഫരീദാബാദിലെ ഹോട്ടലിൽനിന്ന് രണ്ടുപ്രതികളെയും പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ