കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയെത്തിയെ യുവതി മരുന്ന് മാറി കുത്തിവച്ചതിനെത്തുടർന്ന് മരിച്ചതായി പരാതി ഉയർന്നിരുന്നു. കൂടരഞ്ഞി ചളറപ്പാറ കൂളിപ്പാറ സ്വദേശി കെ.ടി.സിന്ധു  (45) ആണ് മരിച്ചത്. യുവതിക്ക് നഴ്സ് മരുന്നുമാറി കുത്തിവച്ചെന്നും ഇതാണ് മരണകാരണമായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

എന്നാൽ, രോഗി മരിച്ചത് മരുന്നുമാറി കുത്തിവച്ചിട്ടല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മരുന്നുമാറിയില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടെന്നും വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സിന്ധു കുത്തിവയ്‌പെടുത്തു നിമിഷങ്ങൾക്കകം ഭർത്താവിന്റെ മുൻപിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. മരുന്നുമാറി കുത്തിവച്ചതിനെ തുടർന്നാണു മരണമെന്നു ഭർത്താവ് രഘു പരാതിപ്പെട്ടതിനെ തുടർന്നു മെഡിക്കൽ കോളജ് പൊലീസ് നഴ്‌സിനെതിരെ കേസെടുത്തിരുന്നു.

പനി ബാധിച്ച് 26നു രാവിലെ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ സിന്ധുവിനെ അവിടെ നിന്നു റഫർ ചെയ്തതിനെ തുടർന്നാണ് അന്നു വൈകിട്ട് മെഡിക്കൽ കോളജിൽ എത്തിച്ചത്. സിന്ധുവിനു മരുന്നു മാറി നൽകിയെന്നത് കുപ്രചാരണമാണെന്നു മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ വാർഡിലേയ്ക്ക് മാറ്റിയിരുന്നു. 27 ന് രാവിലെ കുത്തിവച്ച മരുന്ന് മാറിപ്പോയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൊടുത്ത മരുന്നല്ല ഇന്നലെ കൊടുത്തത്. നഴ്സിന് പിഴവ് പറ്റിയതാണ്. മരുന്നുകുത്തി വയ്ക്കുന്നതിന് മുൻപ് വരെ രോഗി സാധാരണ നിലയിലായിരുന്നു. കുത്തിവയ്‌പ്പിന് പിന്നാലെ തളർന്നുവീഴുകയായിരുന്നെന്ന് സിന്ധുവിന്റെ കുടുംബം പറയുന്നു.

നഴ്സ് ഫോണിൽ സംസാരിച്ചുകൊണ്ടായിരുന്നു കുത്തിവയ്‌പ്പെടുത്തത്. തുടർന്ന് നിമിഷങ്ങൾക്കകം സിന്ധു കുഴഞ്ഞുവീണു. ശരീരത്തിന്റെ നിറം മാറിയെന്നും വായിൽ നിന്ന് നുരയും പതയും വന്നുവെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.