- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യ നയത്തിലെ അഴിമതിയിൽ സിബിഐയുടെ കുരുക്ക്; പിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത് ഇഡിയും; മനീഷ് സിസോദിയക്ക് കുരുക്ക് മുറുകുന്നു; സിബിഐ കേസിലെ മറ്റ് പ്രതികളും അന്വേഷണ പരിധിയിൽ
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയും - ബിജെപിയും തമ്മിൽ പോര് മുറുകുന്നതിനിടെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മനീഷ് സിസോദിയക്കെതിരെ കേസെടുത്തു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി. സിബിഐ കേസിലെ മറ്റ് പ്രതികളെ ഇഡിയും കേസിൽ പ്രതി ചേർത്തിട്ടുണ്ടെന്നാണ് സൂചന. പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയയുടെ അടുപ്പക്കാർ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് സിബിഐ കേസ്.
ഡൽഹി സർക്കാരിന്റെ മദ്യ നയത്തിൽ അഴിമതിയുണ്ടെന്ന ആരോപണത്തെത്തുടർന്ന് എക്‌സൈസ് മന്ത്രി കൂടിയായ സിസോദിയയുടെ വസതിയിൽ സിബിഐ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് ഇഡിയും അദ്ദേഹത്തിനെതിരെ കേസെടുത്തത്.
റെയ്ഡിനു പിന്നാലെ പ്രഥമവിവര റിപ്പോർട്ടിന്റെ പകർപ്പ് സിബിഐ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് റിപ്പോർട്ട് കൈമാറിയത്. ഇതിനു പിന്നാലെയാണ് ഇഡിയും കേസ് രജിസ്റ്റർ ചെയ്തത്.
ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേന അന്വേഷണത്തിന് ഉത്തരവിട്ടതിനെത്തുടർന്ന് വിവാദ മദ്യനയം പിൻവലിച്ചിരുന്നു. സ്വകാര്യ മദ്യലോബിയെ സഹായിക്കാൻ വഴിവിട്ട നീക്കം നടത്തിയെന്നാണ് പ്രധാന ആരോപണം.
മദ്യനയവുമായി ബന്ധപ്പെട്ട പരാതിയിൽ ആരോപണവിധേയരായവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. സിബിഐ ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യൽ. സിസോദിയയുടെ വസതിയടക്കം 31 ഇടങ്ങളിലാണ് വെള്ളിയാഴ്ച സിബിഐ റെയ്ഡ് നടത്തിയത്. ഇതിൽ നിന്നു പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. സിസോദിയ ഉൾപ്പെടെ 15 പേർക്കും അജ്ഞാതരായ മറ്റുള്ളവർക്കുമെതിരെയാണു സിബിഐ കേസെടുത്തിരിക്കുന്നത്.
2021 നവംബറിൽ നടപ്പിലാക്കിയ മദ്യ നയമാണ് കേസിനാധാരം. സിസോദിയയുടെ അടുത്ത കൂട്ടാളികളായ അമിത് അറോറ, ദിനേഷ് അറോറ, അർജുൻ പാണ്ഡെ എന്നിവർ മദ്യ ലൈസൻസികളിൽ നിന്ന് കമ്മീഷൻ വാങ്ങി സർക്കാർ ഉദ്യോഗസ്ഥർക്ക് എത്തിച്ചെന്നും സിബിഐ ആരോപിക്കുന്നുണ്ട്. മനീഷ് സിസോദിയ ഉൾപ്പെടെ പതിനഞ്ച് പേർക്കതിരെയാണ് സിബിഐ കേസെടുത്തത്.
ഡൽഹി ഏക്‌സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും പ്രതികളാണ്. മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായരാണ് കേസിലെ അഞ്ചാം പ്രതി. തെലങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രപിള്ള പതിനാലാം പ്രതിയാണ്.
പുതിയ മദ്യനയത്തിന് പിന്നിൽ വിജയ് നായർ ഉൾപ്പെടെയുള്ള നാല് വ്യവസായികളുടെ ഇടപെടലുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. പല കമ്പനികൾക്കും ലൈസൻസ് കിട്ടാൻ അരുൺ ഇടനില നിന്നെന്നും നാല് കോടി രൂപയോളം ഇടനില നിന്നവർക്ക് കിട്ടിയെന്നും സിബിഐ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ