ന്യൂഡൽഹി:ഡൽഹിയെ ഞെട്ടിച്ച് വീണ്ടുമൊരു അരുംകൊലയുടെ വിവരങ്ങൾ പരറത്തുവരുന്നു.ശ്രദ്ധ വോൾക്കറിന്റെ ക്രൂരഹത്യക്ക് സമാനമായ രീതിയിൽ ഭർത്താവിനെ ഭാര്യയും മകനും ചേർന്നാണ് കൊലപ്പെടുത്തിയത്.ഭർത്താവിനെ കൊന്നു കഷണങ്ങളാക്കിയ കേസിൽ ഭാര്യയെയും മകനെയും ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.ശ്രദ്ധയുടെ കൊലപാതകത്തിന്റെ അതേ രീതിയിലാണ് ഈ കേസെന്നും പൊലീസ് പറയുന്നു.

മെഹ്‌റോളിയിൽ ശ്രദ്ധയെ അഫ്താബ് പൂനവാല കൊലപ്പെടുത്തി 35 കഷണങ്ങളാക്കി മുറിച്ച് പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. അതുപോലെ, ഇക്കഴിഞ്ഞ ജൂണിൽ പാണ്ഡവ് നഗറിലാണ് ഈ കേസിലെ മൃതദേഹ ഭാഗങ്ങൾ ആദ്യം കണ്ടെത്തിയത്.മൃതദേഹം അഴുകിയതിനാൽ മരിച്ചത് ആരാണെന്നു പൊലീസിനു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ ശ്രദ്ധയുടെ കൊലപാതകം വാർത്തകളിൽ നിറഞ്ഞതോടെ ആ വഴിക്ക് അന്വേഷണം ആരംഭിക്കുകയായിരുന്നു.ഈ അന്വേഷണമാണ് കേസിന്റെ ചുരുളഴിക്കാൻ സഹായകരമായി മാറിയത്.

പൊലീസ് ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിൽ പാണ്ഡവ് നഗറിലെ അഞ്ജൻ ദാസ് എന്നയാളാണു കൊല്ലപ്പെട്ടതെന്നു കണ്ടെത്തി.ഭർത്താവിന് അവിഹിതബന്ധമുണ്ടെന്ന സംശയത്താലാണുഅഞ്ജൻ ദാസിനെ ഭാര്യ പൂനവും മകൻ ദീപക്കും ചേർന്നു കൊലപ്പെടുത്തിയത്.കൊലപ്പെടുത്തിയ ശേഷം ഇരുവരും അഞ്ജനെ 22 കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ചു.തുടർന്ന് ശ്രദ്ധയുടെ കൊലപാതകത്തിൽ അഫ്താബ് ചെയ്തതുപോലെ ഡൽഹിയിലും സമീപത്തുമായി മൃതദേഹ ഭാഗങ്ങൾ വലിച്ചെറിയുകയായിരുന്നു.

ഇവ വലിച്ചെറിഞ്ഞ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ പ്രദേശത്ത് അമ്മയും മകനും പല രാത്രികളിൽ വന്നുപോയെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇരുവരെയും പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു.തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകവിവരം പുറത്തറിയുന്നത്.ഉറക്കഗുളികകൾ നൽകി ബോധംകെടുത്തിയ ശേഷമാണ് അഞ്ജന്റെ ജീവനെടുത്തതെന്നു പ്രതികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.