പെരുമ്പിലാവ് : നവവധു ചികിത്സയിലിരിക്കേ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിൽ കുന്നംകുളം പൊലീസ്. പെരുമ്പിലാവ് കണക്കക്കോളനിയിൽ വട്ടേക്കാട്ട് ലിജിത്തിന്റെ ഭാര്യ ധനിത (38) ആണ് തൃശ്ശൂർ ദയ ആശുപത്രിയിൽ വ്യാഴാഴ്ച വൈകീട്ട് മരിച്ചത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ധനിതയുടെ വയറ്റിൽ രക്തം കട്ടപിടിച്ചെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം. കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തിവരുകയാണെന്നും അതിനുശേഷമേ കൃത്യമായ മരണകാരണം അറിയാനാകൂവെന്നും പൊലീസ് പറഞ്ഞു. ആരോ മനപ്പൂർവ്വം ധനിതയുടെ മരണത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന സംശയം പൊലീസിനുണ്ട്.

രണ്ടാഴ്ച മുൻപാണ് ലിജിത്തും ധനിതയും വിവാഹിതരായത്. വയറുവേദനയെത്തുടർന്ന് ധനിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഭർത്താവ് ലിജിത്തിന് വിദേശത്താണ് ജോലി. ധനിത വാടാനപ്പിള്ളിയിലെ സെൻട്രൽ ലാബിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. മരണത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കും.

ചില സംശയങ്ങളുള്ളതു കൊണ്ടാണ് വയറ്റിൽ രക്തം കട്ടപിടിച്ചതിൽ പൊലീസ് ദുരൂഹത കാണുന്നത്. ശാസ്ത്രീയ ഫലം വന്ന ശേഷം ബന്ധുക്കളെ അടക്കം ചോദ്യം ചെയ്യും. അതിന് ശേഷം മറ്റ് നടപടികളെന്നാണ് പൊലീസ് നൽകുന്ന സൂചന.