കണ്ണൂർ : കണ്ണൂരിലെ അമ്യുസ്‌മെന്റ് പാർക്കിൽ നിന്നും 22 വയസുകാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ അസി.പ്രൊഫസർ ഡോ. ഇഫ്തി കർ അഹമ്മദിനെതിരെ കൂടുതൽ പരാതികൾ. കണ്ണൂർ ജില്ലയിലെ വിവിധ ഗവ. കോളേജുകളിൽ ഇയാൾ ജോലി ചെയ്തിരുന്ന കാലത്ത് ലൈംഗിക അതിക്രമത്തിന് ഇരയായ വിവരം ഇപ്പോൾ പുറത്തു വരുന്നത്.

നാണക്കേടു കൊണ്ടു പലരും മറച്ചു വെച്ച കാര്യങ്ങളാണ് ഇപ്പോൾ തുറന്നു പറയുന്നത്. വർഷങ്ങൾക്കു മുൻപെ നടന്ന കാര്യമായതിനാൽ പലർക്കും ഇതു പരാതിയായി നൽകാൻ താൽപര്യമില്ല. വിദ്യാർത്ഥിനികളോട് മാത്രമല്ല സഹ അദ്ധ്യാപികമാരോടും തികച്ചും അമാന്യമായ രീതിയിലാണ് ഇഫ്തിക്കർ പെരുമാറിയിരുന്നത്. തന്നെക്കാൾ പ്രായം കൂടിയ അദ്ധ്യാപികമാരെപ്പോലും വെറുതെ വിട്ടിരുന്നില്ല.

സാരിയുടെ കോന്തല തെറ്റിയെന്ന് പറഞ്ഞു സ്റ്റാഫ് റൂമിൽ നിന്നും സഹ അദ്ധ്യാപികയെ കയറി പിടിച്ച സംഭവവുമുണ്ടായിട്ടുണ്ട്. സഹപ്രവർത്തകരുടെ മുൻപിൽ വച്ചായിരുന്നു ഈ അതിക്രമം. നിലവിളിച്ചു കൊണ്ടു പുറത്തേക്ക് ഓടിയ അദ്ധ്യാപിക മാനക്കേടുക്കൊണ്ടു പിന്നീട് കോളേജിലെക്ക് വന്നില്ല. ഈ വിഷയത്തിൽ ഇടപെട്ട സഹഅദ്ധ്യാപകർ ഇഫ്തിക്കറിനെ കൊണ്ടു പരസ്യമായി മാപ്പു പറയിച്ചു അദ്ധ്യാപികയെ അനുനയിപ്പിച്ചാണ് വീണ്ടും കോളേജിലെത്തിച്ചത്.

ഇതിനിടെ ലൈംഗികാതിക്രമ കേസിൽ കണ്ണൂർ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഡോ.ഇഫ്തിക്കർ അഹ്‌മദിനെ കേന്ദ്ര സർവ്വകലാശാല സസ്‌പെൻഡ് ചെയ്തിട്ടുണ്ട് മറ്റൊരു ലൈംഗികാതിക്രമ കേസിൽ സസ്‌പെൻഷൻ കഴിഞ്ഞ് കഴിഞ്ഞ മൂന്നിനാണ് ഇയാൾ സർവ്വകലാശാലയിൽ തിരിച്ചെത്തിയത്. റിമാൻഡിലായി 48 മണിക്കൂർ കഴിഞ്ഞ സാഹചര്യത്തിലാണ് സസ്‌പെൻഷനെന്ന് വൈസ് ചാൻസലർ ഇൻ ചാർജ് ഡോ കെ.സി ബൈജു ഇറക്കിയ ഉത്തരവിൽ പറഞ്ഞു.

കണ്ണൂരിലെ അമ്യൂസ്‌മെന്റ് പാർക്കിൽ കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് കേസിനാസ്പദമായ സംഭവം. കുടുംബ സമേതം വേനൽ അവധിക്ക് ഉല്ലാസത്തിനെത്തിയ മലപ്പുറം സ്വദേശിനിയായ 22 വയസുകാരിക്ക് നേരെയാണ് അതിക്രമം കാട്ടിയത്. സ്ത്രീകളുടെ അന്തസിന് കളങ്കമേൽപ്പിക്കുന്ന രീതിയിൽ പെരുമാറുക ലൈംഗികാതിക്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. 2023 നവംബർ 13 ന് കേന്ദ്ര സർവ്വകലാശാലയിൽ ക്‌ളാസിനിടെ ബോധരഹിതയായി വീണ വിദ്യാർത്ഥിനിയോട് പ്രഥമശ്രുശ്രൂഷ നൽകുന്നതിനിടെ മോശമായി പെരുമാറിയതിനും ഇയാൾക്കെതിരെ ബേക്കൽ പൊലിസ് സ്റ്റേഷനിൽ കേസുണ്ട്.

ആറുമാസം മുൻപെ നടന്ന സംഭവത്തിൽ ജാമ്യം നേടി പുറത്തിറങ്ങിയപ്പോഴാണ് മറ്റൊരു കേസിൽ കുടുങ്ങിയത്. ഇതിനിടെ സഹ അദ്ധ്യാപകർ മാത്രമല്ല ഇഫ്തിക്കറിനെതിരെ നിരവധി പൂർവ്വ വിദ്യാർത്ഥിനികളും രംഗത്തുവന്നിട്ടുണ്ട്. ഇംഗ്‌ളീഷ് ആൻഡ് കം പാരിറ്റീവ് ലിറ്ററേച്ചർ പൂർവ്വ വിദ്യാർത്ഥിനി സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പിൽ ഇഫ്തിക്കർ സ്ഥിരം ലൈംഗിക വൈകൃതക്കാരനാണെന്ന് ആരോപിക്കുന്നുണ്ട്. ഇന്റേണൽ മാർക്കിന്റെ പേരിൽ ഇയാൾ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുന്നതും മോശമായി പെരുമാറുന്നതും പതിവാണെന്ന് കുറിപ്പിൽ പറയുന്നു.