കൊച്ചി: തീരക്കടലിൽ 200 കിലോഗ്രാം ലഹരിമരുന്നുമായി 6 വിദേശപൗരന്മാരെ നാവികസേന പിടികൂടി നർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കു കൈമാറുമ്പോൾ തെളിയുന്നതുകൊച്ചിയിലെ മാഫിയാ വളർച്ചയ്ക്ക് തെളിവ്. അറസ്റ്റിലായവർ ഇറാൻ, പാക്കിസ്ഥാൻ പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം. പാക്കിസ്ഥാനിൽ നിന്നും ശ്രീലങ്കയിൽ നിന്നും വൻതോതിൽ ലഹരി കേരളത്തിലേക്ക് ഒഴുന്നുണ്ട്. സിനിമാക്കാരും വിദ്യാർത്ഥികളും എല്ലാം ഇതിന്റെ ഇരകളും. വൻ ലാഭം ലക്ഷ്യമിട്ടാണ് ഇത്തരം കടത്ത് നടക്കുന്നത്. നാവിക സേന പട്രോളിങ് കപ്പലിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത ബോട്ട് കൊച്ചി തുറമുഖത്തെ മട്ടാഞ്ചേരി വാർഫിൽ സൂക്ഷിക്കും.

രാസലഹരിക്ക് പിന്നാലെയായിരുന്നു കുറച്ചു നാളായി കേരളം. ഹെറോയിനും ബ്രൗൺഷുഗറും കേരളത്തിൽ നിന്ന് പിൻവലിഞ്ഞു എന്ന് കരുതി. ഈ പ്രതീക്ഷയും മാറുകയാണ്. ഉത്തരേന്ത്യൻ തൊഴിലാളികളെ കണ്ണികളാക്കി ബ്രൗൺ ഷുഗർ കേരളത്തിലേക്ക് എത്തുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ് ഇതെത്തുന്നത്. മ്യാന്മ്യാറിൽ നിന്ന് അസം വഴി സാധനം കേരളത്തിലെത്തുന്നു. ഹെറോയിൻ അഫ്ഗാനിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും. അത് കടൽ മാർഗ്ഗം. ഗുജറാത്ത് തീരത്ത് ഇറക്കിയായിരുന്നു തുടക്കത്തിൽ രാജ്യത്തെ വിതരണം. എന്നാൽ ഗുജറാത്തിൽ ദേശീയ സുരക്ഷാ സേനയടക്കം നിരീക്ഷണം കർശനമാക്കി. ഇതോടെ കടത്ത് കേരളത്തിലേക്കായി.

ഇസ്ലാമിക തീവ്രവാദ സംഘടനകളാണ് കടത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഹവാല ഇടപാടുകൾ തടഞ്ഞതോടെ രാജ്യത്ത് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് ഫണ്ട് വരുന്നത് കുറഞ്ഞു. ഇതോടെയാണ് മയക്കുമരുന്നും മറ്റും കടത്തി ലാഭമുണ്ടാക്കാനുള്ള ശ്രമം ഇത്തരം തീവ്ര ഗ്രൂപ്പുകൾ തുടങ്ങിയത്. പാക്കിസ്ഥാനിലെ തീവ്രവാദ നേതാക്കളുടെ നിരീക്ഷണത്തിലാണ് കടത്ത് നടക്കുന്നത്. കഴിഞ്ഞ ദിവസം പിടികൂടിയവർക്കും ഇത്തരം ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യും.

ഇറാനിൽ രജിസ്റ്റർ ചെയ്ത ബോട്ടും കസ്റ്റഡിയിലെടുത്തു. വിദേശത്തു നിന്ന് ഇന്ത്യയിലെത്തുമ്പോൾ കിലോഗ്രാമിനു 2 കോടി രൂപയിലധികം ലാഭം കിട്ടുന്ന ലഹരിമരുന്നാണു പിടികൂടിയത്. കൃത്യമായ വില നിശ്ചയിക്കാനായി ഇതു രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ തീരത്തു നിന്ന് 1200 നോട്ടിക്കൽ മൈൽ ദൂരെയാണ് ലഹരി കടത്തിയ ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവരുടെ പക്കൽ മതിയായ തിരിച്ചറിയൽ രേഖകളോ മത്സ്യബന്ധന ലൈസൻസ് അടക്കമുള്ള രേഖകളോ ഇല്ല.

പുറംകടലിൽ പിടിയിലായ 200 കിലോ ഹെറോയിനും പ്രതികളെയും എൻസിബി കോസ്റ്റൽ പൊലീസിന് കൈമാറി. ഇറാൻ, പാക് പൗരന്മാരായ ആറ് പേരെയാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോ കൈമാറിയത്. പ്രതികൾ എവിടെ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്നും ഏത് തീരം വഴി കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്നുമാണ് കോസ്റ്റൽ പൊലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മൂന്നാം തവണയാണ് കേരളത്തിന്റെ പുറങ്കടിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് പിടികൂടുന്നത്. രാജ്യാന്തരവിപണിയിൽ 1400 കോടിരൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് കണ്ടെടുത്തത്.

നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പുറംകടലിലൂടെ വിദേശത്തു നിന്ന് ലഹരിവ്യാപകമായി കടത്തുന്നതായി നേരത്തെ തന്നെ വിവരമുണ്ടായിരുന്നു. ഇതിന് അടിവരയിടുന്നതാണ് മയക്കുമരുന്ന് വേട്ട . കോസ്റ്റൽ പൊലീസും അന്വേഷണത്തിൽ സഹകരിച്ചു. കൊച്ചി കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തിച്ച കള്ളക്കടത്ത് സംഘത്തെ നർക്കോട്ടിങ് കൺട്രോൾ ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. ഡിആർഐയും കള്ളക്കടത്തിന്റെ വിവരങ്ങൾ േതടിയിട്ടുണ്ട്. ബോട്ടിൽ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് എവിടേക്ക് കൊണ്ടുപോവുകയായിരുന്നു എന്നത് സംബന്ധിച്ച് ഇനിയും വിവരങ്ങൾ പുറത്തുവരാനുണ്ട്.

സമീപകാലത്തുകൊച്ചിയിൽ നടത്തിയ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ നൽകാൻ എൻ.സി.ബിയോ നേവിയോ തയാറായിട്ടില്ല. കൊച്ചി തീരം വഴി വലിയ രീതിയിൽ ലഹരിക്കടത്ത് നടത്തുന്നുണ്ടെന്ന് എൻ.സി.ബിക്ക് നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കടലിൽ കർശന നിരീക്ഷണവും എൻ.സി.ബിയും നേവിയും ഏർപ്പെടുത്തിയിരുന്നു. ഇതിനിടയ്ക്കാണ് ഇറാനിയൻ ഉരു പിടിയിലായിരിക്കുന്നത്.

നേരത്തേ കൊച്ചി,മുംബൈ തീരങ്ങൾ വഴി ഇറാനിൽ നിന്നും പാക്കിസ്ഥാാനിൽ നിന്നും ലഹരി ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും കടത്തുന്നതായി ദേശീയ അന്വേഷണ ഏജൻസിക്കും നാർക്കോടിക്സ് കൺട്രോൾ ബ്യൂറോയ്ക്കും വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് കർശന നിരീക്ഷണം ഏർപ്പെടുത്തിയത്. രാജ്യത്തു വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെത്തുന്ന ലഹരിയിൽ നല്ലൊരു പങ്കും കടലിലൂടെയാണു കടത്തുന്നതെന്നു വ്യക്തമായതോടെയാണ് ഈ വഴിക്കുള്ള അന്വേഷണങ്ങൾ ഊർജിതപ്പെടുത്തിയത്. ഇതിനിടെയാണു അറബിക്കടലിലൂടെ ഇറാനിയൻ ബോട്ടിൽ ലഹരി കടത്തുന്നതായി വിവരം ലഭിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണു ബോട്ട് പിടിയിലാകുന്നത്.