മലപ്പുറം: രാത്രി സർവ്വീസ് നടത്തുന്ന അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് ഡ്രൈവറെ ഉപയോഗിച്ച് കഞ്ചാവ് കടത്തിയത് പത്തുതവണ. 80 ലക്ഷംരൂപ വില വരുന്ന മയക്കുമരുന്ന് കടത്തിയ കേസിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിലായി. മലപ്പുറം താനൂർ കെ.പുരം മുളന്തലപ്പാട് രവീന്ദ്രൻ (47)ആണ് പിടിയിലായത്. അന്തർ സംസ്ഥാന ബസ് ഡ്രൈവറാണ് ഇദ്ദേഹം. നേരത്തെ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളുടെ പങ്ക് വ്യക്തമായത്.

ബംഗളുരൂ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം രവീന്ദ്രനെ ഉപയോഗിച്ച് പത്തു തവണ ലഹരി കേരളത്തിലേക്ക് കടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. രാത്രി സർവ്വീസ് നടത്തുന അന്തർ സംസ്ഥാന ബസുകളിൽ പരിശോധന കുറവായതിനാലാണ് ലഹരി കടത്ത് സംഘം ഈ മാർഗം ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. മലപ്പുറം പൊലീസ് മേധാവി എസ്. സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു കൊണ്ടോട്ടി ഡിവൈഎസ്‌പി അഷറഫ്, ഇൻസ്പക്ടർ മനോജ്, നൗഫൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിൽപനക്കായി എത്തിച്ച 80 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി അന്തർസംസ്ഥാന ലഹരി കടത്ത് സംഘത്തിലെ അഞ്ചുപേരെ കഴിഞ്ഞമാസം 27നാണ് പിടികൂടിയത്. കൊണ്ടോട്ടി മൊറയൂർ ഹിൽ ടോപ്പിൽ നിന്നും കാറിൽ കടത്തുകയായിരുന്ന ലഹരി മരുന്നുമായി എറണാംകുളം സ്വദേശികളടക്കം അഞ്ചു പേരെ പിടികൂടിയത്.

വണ്ടൂർ വാണിയമ്പലം കുറ്റിയിൽ സ്വദേശികളായ സംഘത്തലവൻ മാട്ടറ വീട്ടിൽ സജിൻ (40) കാട ബാബു എന്ന മുണ്ടേങ്ങാടൻ സുധീർ ബാബു (41), വലശ്ശേരി മുഹമ്മദ് റാഫി (35) എറണാംകുളം പള്ളുരുത്തി സ്വദേശി വലിയകത്ത് ഫർഹാൻ (22), ഫോർട്ട് കൊച്ചി സ്വദേശി കാവത്തി മനയത്ത് വീട്ടിൽ തൗഫീഖ് (27) എന്നിവരേയാണ് ഡൻസാഫ് ടീമും കൊണ്ടോട്ടി പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്നും 100 ഗ്രാം ഓളം എം.ഡി.എം.എപിടിച്ചെടുത്തു.

മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടികൂടിയിരുന്നു. വണ്ടൂർ വാണിയമ്പലം സ്വദേശിയായ സജിന്റെ നേതൃത്വത്തിലുള്ള വൻ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘമാണ് പിടിയിലായത്. വണ്ടൂരിൽ ഹോം സിറാമിക്സ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് ബാംഗ്ലൂരിൽ നിന്നും ഒരു വർഷത്തോളമായി ലഹരി കടത്തിയിരുന്നത്.

എറണാംകുളം ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ചും ഇവർ ലഹരി വില്പന നടത്തി വരുന്നുണ്ട്. ഇവരെ ചോദ്യം ചെയ്തതിൽ ജില്ലക്കകത്തും പുറത്തുമുള്ള നിരവധി ലഹരിക്കടത്തു സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്‌പി അഷറഫ്, കൊണ്ടോട്ടി സബ് ഇൻസ്പക്ടർ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ ഡൻസാഫ് ടീമാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തി വരുന്നത്.