കൊച്ചി: കേരളം ലഹരി കടത്തിന്റെ താവളമാകുന്നു. സ്‌കൂളുകളെ കേന്ദ്രീകരിച്ചാണ് മാഫിയകളുടെ പ്രവർത്തനം. ഓജോ ബോർഡ് പോലുള്ള തട്ടിപ്പുകളിലൂടെ കുട്ടികളെ ലഹരി മാഫിയയ്ക്ക് അടിമയാക്കുന്ന ഇടപെടൽ. അതിനിടെ ലഹരി മാഫിയ കേരളത്തിൽ വിൽപന നടത്തുന്നതു യഥാർഥ ലഹരിമരുന്നുകളെക്കാൾ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന വ്യാജ രാസപദാർഥങ്ങൾ ആണെന്ന വസ്തുതയും പുറത്തു വരുന്നു. നിരീക്ഷണം കർശനമാക്കിയിട്ടും ലഹരികടത്ത് കുറയുന്നുമില്ല.

സെപ്റ്റംബർ അഞ്ചുമുതൽ എട്ടുവരെ കേരളത്തിൽ പിടികൂടിയത് ഒന്നരക്കിലോ എം.ഡി.എം.എ. ഇത്രയും ദിവസത്തിനുള്ളിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 652 കേസുകളും രജിസ്റ്റർചെയ്തു. കഞ്ചാവ്, എം.ഡി.എം.എ., വായിൽവെക്കുമ്പോൾ ലഹരികിട്ടുന്ന സ്റ്റിക്കർ, ഹാഷിഷ്, സ്പിരിറ്റ് തുടങ്ങിയവ പിടികൂടിയ സംഭവങ്ങളിലാണ് കേസ്. ബ്രൗൺ ഷുഗറും തിരിച്ചെത്തുകയാണ്. അതിഥി തൊഴിലാളികളാണ് ബ്രൗൺ ഷുഗർ കച്ചവടത്തിന് പിന്നിൽ. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ് ബ്രൗൺഷുഗർ കേരളത്തിലെത്തുന്നത്.

ഇതിനിടെയാണ് രാസലഹരിയിലെ വിഷ വസ്തുക്കളും കണ്ടെത്തുന്നത്. പിടികൂടിയ രാസലഹരി പദാർഥങ്ങളുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ), നർകോട്ടിക് കൺട്രോൾ ബ്യൂറോ എന്നിവർ കേരളം അടക്കം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പിടികൂടിയ ലഹരി മരുന്നുകളുടെ രാസപരിശോധന നടത്തിയിരുന്നു കേരളത്തിൽ പിടികൂടിയ കഞ്ചാവിൽ പോലും വ്യാജന്മാരുണ്ടെന്നാണു പരിശോധനാഫലം.

ഇതിനൊപ്പമാണ് വലിയ തോതിൽ ലഹരി കടത്തും പിടിക്കുന്നത്. 775 കിലോഗ്രാം കഞ്ചാവ്, 490 ലിറ്റർ സ്പിരിറ്റ് തുടങ്ങിയവ പിടിച്ചെടുത്തവയിൽപ്പെടുന്നു. ഇതിന്റെ പതിന്മടങ്ങാണ് പിടിക്കപ്പെടാത്തതെന്ന് ലഹരിവേട്ടയ്ക്ക് നിയോഗിക്കപ്പെട്ടവർ പറയുന്നു. വിദ്യാർത്ഥികളടക്കമുള്ള കൗമാരപ്രായക്കാരാണ് ലഹരി ഉപയോഗിക്കുന്നവരിൽ മുൻപന്തിയിലുള്ളത്. ഉപയോഗിച്ചാലും പെട്ടെന്ന് തിരിച്ചറിയില്ലെന്നതുകൊണ്ടാണ് കൗമാരക്കാർ സ്റ്റിക്കർ, എം.ഡി.എം.എ. തുടങ്ങിയവയിലേക്കു തിരിഞ്ഞത്. ഇതെല്ലാം അതീവ ഗരുതര ആരോഗ്യപ്രശ്‌നമുണ്ടാക്കും.

ലഹരി മരുന്ന് ഉപയോഗിക്കുന്ന തുടക്കക്കാരെയാണു മാഫിയ കൂടുതലായി വഞ്ചിക്കുന്നത്. ഗ്രാമിനു 10 രൂപ പോലും വില വരാത്ത രാസപദാർഥങ്ങളാണു ഗുളിക രൂപത്തിലും പൊടിയായും 4000 രൂപയ്ക്കു വരെ വിൽപന നടത്തുന്നത്. ലഹരിയുണ്ടാക്കുന്ന രാസപദാർഥങ്ങളായതിനാൽ ഉപയോഗിക്കുന്നവരിൽ പലരും തട്ടിപ്പ് തിരിച്ചറിയാറില്ല. ബെംഗളൂരു, പഞ്ചാബ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു വ്യാജ രാസലഹരി പദാർഥങ്ങൾ വൻതോതിൽ ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ട്.

സോഡാക്കാരം ഗുളിക രൂപത്തിലാക്കി ഇതിലേക്കു രാസവസ്തുക്കൾ കത്തിച്ച് അതിന്റെ പുക കടത്തിവിട്ടു ലഹരി ഗുളികകൾ ഉൽപാദിപ്പിച്ചു വിൽക്കുന്ന രീതി കേരളത്തിലും സജീവമാണ്. കേരളത്തിലെ യുവാക്കൾക്കിടയിൽ പല പേരുകളിലായി കൂടിയ വിലയ്ക്കു വിൽക്കുന്ന പല രാസപദാർഥങ്ങളും യഥാർഥ ലഹരിമരുന്നുകളല്ല എന്നത് അന്വേഷകർക്കും ബാധ്യതയാണ്. കേസുകൾ പോലും തള്ളിപോകുന്നു.മഹസറിൽ രേഖപ്പെടുത്തുന്ന രാസപദാർഥമാവില്ല വിചാരണ ഘട്ടത്തിൽ കോടതിയിൽ ഹാജരാക്കുന്ന രാസപരിശോധനാ റിപ്പോർട്ടിലുള്ളത് എന്നത് പ്രതികൾക്ക് രക്ഷയായി.

പെട്ടെന്ന് പണമുണ്ടാക്കാമെന്നതിനാൽ കൂടുതൽപേർ ലഹരിക്കടത്തിലേക്കു തിരിയുന്നു. ഉപഭോക്താക്കൾതന്നെ പുതിയ ആളുകളെ കണ്ടെത്തി ചില്ലറവിൽപ്പന നടത്തി പണം കണ്ടെത്തുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലും യാത്രയ്‌ക്കൊപ്പം കടത്തുന്ന ലഹരിവസ്തുക്കൾ അതിർത്തിയിൽ പിടികൂടുക പ്രയാസമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.