- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിലും സീരിയലിലും ആദ്യം ലഹരി നിറഞ്ഞു; ടെക്കികളെ വലവിരിച്ചു പിടിച്ചു; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കോവിഡാന്തര മാഫിയാ ഇടപെടൽ; കടത്തിനും കച്ചവടത്തിനും സുശക്തമായ സംവിധാനം; രാജ്യത്തെ ലഹരിയുടെ തലസ്ഥാനമായി അറബിക്കടലിന്റെ റാണി; കൊച്ചിയിൽ കരുതൽ അനിവാര്യതയാകുമ്പോൾ
കൊച്ചി: സിന്തറ്റിക് ലഹരിയുടെ തലസ്ഥാനമായി കൊച്ചി! കഴിഞ്ഞ വർഷത്തെ ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി) കണക്കുകൾ പ്രകാരം ലഹരി കേസുകളുടെ നിരക്കിൽ കൊച്ചി കുതിക്കുകയാണ്. സിനിമയും സീരിയലുമെല്ലാം ലഹരിയിൽ മയങ്ങുമ്പോൾ വിദ്യാർത്ഥികൾ അടക്കമുള്ളവരെ ചതിക്കുഴിയിലേക്ക് ആകർഷിച്ച് കച്ചവടം കൊഴുപ്പിക്കുകയാണ് മാഫിയ. ഇതിനെതിരെ ജാഗ്രത വേണമെന്ന് ഓർമ്മിപ്പുക്കുന്നതാണ് പുറത്തു വരുന്ന കണക്കുകൾ.
നർകോട്ടിക് ഡ്രഗ്‌സ് നിയമ പ്രകാരം എടുക്കുന്ന കേസുകളിൽ കൊച്ചി മൂന്നാമത്. ഒരു ലക്ഷം പേരിൽ 43 ആണ് കൊച്ചിയിലെ ലഹരി കേസുകളുടെ നിരക്ക്. ഇൻഡോർ (65.3), ബെംഗളൂരു (53.5) എന്നീ നഗരങ്ങളാണു കൊച്ചിക്കു മുന്നിലുള്ളത്. രാജ്യത്തെ 19 നഗരങ്ങളുടെ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് എൻസിആർബി റിപ്പോർട്ട്. മൊത്തം ലഹരി കേസുകളുടെ എണ്ണത്തിൽ കൊച്ചി നാലാമതാണ് 2021ൽ രജിസ്റ്റർ ചെയ്തത് 910 കേസുകൾ. മുംബൈ (7089), ബെംഗളൂരു (4555), ഇൻഡോർ (1414) എന്നീ നഗരങ്ങളാണു കൊച്ചിക്കു മുന്നിലുള്ളത്.
പട്ടികയിലെ മറ്റ് സ്ഥലങ്ങളിലെ ജനസംഖ്യ ഏറെ കൂടുതലാണ്. അങ്ങനെ കൂടിയ ജനസംഖ്യയുള്ള മറ്റു നഗരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കൊച്ചിയിൽ ലഹരി ഉപയോഗം കൂടുന്നുവെന്നതിന്റെ സൂചനയാണു കണക്ക്. എന്നാൽ 2019നെ അപേക്ഷിച്ചു ലഹരി കേസുകളുടെ നിരക്ക് 2021ൽ കുറഞ്ഞു. 2019ൽ 2205 ലഹരി കേസുകളാണു കൊച്ചി നഗരത്തിൽ രജിസ്റ്റർ ചെയ്തത്. നിരക്ക് 104.1. അന്നു രാജ്യത്തു കൊച്ചിയിലായിരുന്നു ഉയർന്ന ലഹരി കേസ് നിരക്ക്. അപ്പോഴും കരുതൽ വേണ്ട സാഹചര്യമാണുള്ളത്.
കൊച്ചിയിൽ ഗ്ലാമറിന്റെ ലോകത്താണ് ആദ്യം ലഹരി ശക്തമായ സ്വാധീനമാകുന്നത്. സിനിമയിലും സീരിയലിലും ആദ്യം ലഹരി നിറഞ്ഞു. ഡിജെ പാർട്ടികൾ അടക്കം നടന്നു. പിന്നീട് സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കോവിഡാന്തര മാഫിയാ ഇടപെടൽ കടത്തു. ലഹരി കടത്തിനും കച്ചവടത്തിനും സുശക്തമായ സംവിധാനം അവർ ഉണ്ടാക്കി. വിദ്യാർത്ഥികളെ അടക്കം അതിന് ഉപയോഗിച്ചു. ഐടി മേഖലയിലെ മിടുമിടുക്കരെ ലഹരിക്ക് അടിമയാക്കിയും കച്ചവടം കൊഴുപ്പിച്ചു. അങ്ങനെയാണ് കൊച്ചിയിൽ മാഫിയ പിടിമുറുക്കിയത്.
എൻസിആർബി റിപ്പോർട്ട് പ്രകാരം രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്കിലും കൊച്ചിയാണു മൂന്നാമത്. 2021ലെ കണക്കു പ്രകാരം കൊച്ചിയിൽ ഒരു ലക്ഷം പേരിൽ 1603 കുറ്റകൃത്യങ്ങളാണു നടക്കുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്കിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഡൽഹിയും സൂറത്തുമാണ്; നിരക്ക് യഥാക്രമം 1859ഉം, 1675ഉം. എന്നാൽ, കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കൊച്ചി ഏഴാമതാണ്. ഡൽഹി (3.03 ലക്ഷം), ചെന്നൈ (1.15 ലക്ഷം), അഹമ്മദാബാദ് (96,455) എന്നിവിടങ്ങളിലാണു കൂടുതൽ കുറ്റകൃത്യങ്ങൾ. ഇതിനെല്ലാം കാരണം ലഹരിയാണെന്നതാണ് മറ്റൊരു വസ്തുത. ലഹരിയുടെ അടിമയാണ് ക്രിമിനലുകൾ ഏറെയും.
കൊച്ചിയിൽ 2021ൽ റിപ്പോർട്ട് ചെയ്തത് 33,967 കുറ്റകൃത്യങ്ങൾ. ഇതിൽ ഐപിസി കുറ്റകൃത്യങ്ങൾ 5934, പ്രത്യേകവും പ്രാദേശികവുമായ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള (എസ്എൽഎൽ) കുറ്റകൃത്യങ്ങൾ 28,033. എന്നാൽ, കുറ്റകൃത്യങ്ങൾ കൂടുന്നതല്ല, സംസ്ഥാനത്തു കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതാണ് ഈ വർധനയ്ക്കു കാരണം.
28,033 എസ്എൽഎൽ കേസുകൾ രജിസ്റ്റർ ചെയ്തതിൽ 25,000 എണ്ണത്തോളം മദ്യപിച്ചു വാഹനമോടിച്ചതുൾപ്പെടെയുള്ള കേരള മോട്ടർ വാഹന നിയമ പ്രകാരമുള്ള കുറ്റങ്ങൾക്കാണ്. മറ്റിടങ്ങളിൽ ഇത്തരത്തിൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് അപൂർവമാണെന്നും പൊലീസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ