- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറിഞ്ചും ഡ്രിപ്പ് ലായിനിയും പെയിൽ കില്ലറുമടക്കം കോംബോ പാക്ക്; 340 രൂപ വിലയുള്ള 10 ഗുളികക്ക് 2000 രൂപ ഓഫർ; തീവ്ര ലഹരിയുള്ള വേദനസംഹാരികൾ ആവശ്യമെങ്കിൽ കൊറിയറായും എത്തിക്കും; ക്യാൻസറടക്കമുള്ള രോഗങ്ങൾക്കുള്ള മരുന്നുകളുടെ മറവിൽ ലഹരിമാഫിയ കളം നിറയുമ്പോൾ
തിരുവനന്തപുരം:ക്യാൻസറടക്കമുള്ള രോഗങ്ങൾക്ക് നൽകുന്ന വേദനസംഹാരികളുടെ മറവിൽ മെഡിക്കൽ സ്റ്റോറുകൾ വഴി ഓഫർ സെയിലും കോംബോ പാക്കുമായി കളം നിറഞ്ഞ് ലഹരിമാഫിയ.കാൻസർ രോഗികൾക്ക് അതിവേദനയകറ്റാൻ നൽകുന്ന തീവ്ര വേദനസംഹാരി ലഹരിക്കായി ഡ്രിപ്പ് ലായനിയിൽ (നോർമൽ സലൈൻ) ലയിപ്പിച്ച് കുത്തിവെക്കുന്നതിന് ഗുളിക,ഡ്രിപ്പ് ലായനി,സിറിഞ്ച് എന്നിവ ഒന്നിച്ചുള്ളകോംബോ പായ്ക്കാണ് പ്രധാന ഓഫർ.ഇതിനായി ഡോക്ടർമാരുടെ കുറിപ്പടി പോലും ആവശ്യമില്ലാതെയാണ് ഇവ യഥേഷ്ടം മെഡിക്കൽ സ്റ്റോറുകൾ വഴി ലഹരി ഉപയോക്താക്കളുടെ കൈകളിലേക്ക് എത്തിക്കുന്നത്.
ഇത്തരത്തിൽ വിൽപ്പന നടത്തുന്ന മെഡിക്കൽ സ്റ്റോറുകൾ ഡ്രഗ്സ് കൺട്രോൾ, എക്‌സൈസ് വകുപ്പുകൾ കണ്ടെത്തിയതായാണ് വിവരം. ഇവർക്കെതിരെ നിയമനടപടിയും തുടങ്ങിയിട്ടുണ്ട്.ഓങ്കോളജിസ്റ്റുമാരും അസ്ഥിശസ്ത്രക്രിയാവിദഗ്ധരും കുറിച്ചുകൊടുക്കേണ്ട വേദനസംഹാരിയാണ് മെഡിക്കൽ സ്റ്റോറുകൾ വഴി കുറിപ്പടി പോലുമില്ലാതെ നിർബാധം വിറ്റഴിക്കുന്നത്.കൊല്ലം തങ്കശ്ശേരിയിൽ അടുത്തിടെ തുടങ്ങിയ ഒരു മെഡിക്കൽ സ്റ്റോറിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരത്തിലേറെ സിറിഞ്ചുകൾ വിറ്റതായി കണ്ടെത്തി. സാധാരണ ക്ലിനിക്കുകളിലേക്കും ആശുപത്രികളിലേക്കുമാണ് ഇത്രയേറെ സിറിഞ്ചുകൾ ആവശ്യം വരിക.ഇത്തരത്തിൽ നിരവധി കേസുകൾ ശ്രദ്ദയിൽ പെട്ടതോടെയാണ് ഡ്രഗ്സ് കൺട്രോൾ, എക്‌സൈസ് വകുപ്പുകൾ അന്വേഷണം ആരംഭിച്ചത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ കിടപ്പുരോഗികൾക്കുവേണ്ടി വല്ലപ്പോഴും മാത്രം ഉപയോഗിക്കേണ്ടിവരുന്ന ഡ്രിപ്പ് ലായനിയും വളരെക്കുറച്ച് വിൽക്കാറുള്ള വേദനസംഹാരിയും മെഡിക്കൽ സ്റ്റോറുകൾ വഴി വൻതോതിൽ ചെലവാകുന്നതായി കണ്ടെത്തുകയായിരുന്ന. സ്ഥാപനങ്ങളിൽ എക്‌സൈസ് സംഘം നിരീക്ഷിച്ചണം ഏർപ്പെടുത്തിയപ്പോൾ യുവാക്കൾക്ക് കുറിപ്പടിയില്ലാതെ കോംബോ പായ്ക്ക് നൽകുന്നതും ശ്രദ്ധയിൽപ്പെട്ടു.തുടർന്ന് തങ്കശ്ശേരിയിലെ മരുന്നുകട അടപ്പിക്കുകയും ചെയ്തിരുന്നു.അതേ സമയം തന്നെ സമാനസംഭവങ്ങൾ മറ്റു ജില്ലകളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നുള്ളതും വേദനസംഹാരികളെ മറയാക്കിയുള്ള ലഹരിമാഫിയയുടെ പ്രവർത്ത്‌നം സംസ്ഥാനത്ത് സജീവമാണ് എന്നതാണ് വ്യക്തമാക്കുന്നത്.
മെഡിക്കൽ സ്റ്റോറുകൾ വഴി ഈ മരുന്നുകൾ വാങ്ങാൻ കഴിയാത്തവർക്ക് വേറെയുമുണ്ട് ഓഫർ.ഇതേ വേദനസംഹാരിഗുളിക കൊറിയർ, പാഴ്സൽ സർവീസുകൾ വഴി നേരിട്ട് എത്തിക്കാനും മാഫിയകൾ റെഡിയാണ്.340 രൂപ വിലയുള്ള 10 ഗുളികകൾ 2,000 രൂപയ്ക്ക് ഓഫറിട്ടാണ് കൊറിയറായി എത്തിക്കുക.ഇത്തരം കേസുകളും ഡ്രഗ്‌സ് കൺട്രോൾ വിഭാഗവും എക്‌സൈസും ചേർന്ന് കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു.ഗൂഗിൾപേ വഴി മുൻകൂറായി പണം നൽകിയവർക്കാണ് വേദനസംഹാരികൾ മാഫിയകൾ നേരിട്ട് എത്തിക്കുന്നത്.
ടർപ്പന്റനോൾ എന്ന വേദനസംഹാരിയുടെ പ്രത്യേക ബ്രാൻഡാണ് മുംബൈയിൽനിന്ന് പാഴ്സൽ സർവീസുകൾ വഴി കൊണ്ടുവരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.കണ്ടെത്തലിനെ തുടർന്നുള്ള നടപടിയുടെ ഭാഗമായി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്‌മിനിസ്‌ട്രേഷൻ മുംബൈ ചെമ്പൂരിലുള്ള മരുന്ന് മൊത്തവ്യാപാര സ്ഥാപനം പൂട്ടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ