തൃശൂർ : തൃശൂർ കേച്ചേരിയിൽ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദിന് നേരെയാണ് ആക്രമണമുണ്ടായത്. കൈയ്ക്കും കാലിനും പരിക്കേറ്റ സൈഫുദിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമത്തിനു പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. കേച്ചേരിയിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഗ്രാമോത്സവം സംഘടിപ്പിച്ചിരുന്നു. ഇവിടെ എസ്ഡിപിഐ പ്രവർത്തകർ വരികയും ആളുകളെ കളിയാക്കിയതായി ആക്ഷേപം ഉയരുകയും ചെയ്തിരുന്നു.

തുടർന്ന് എസ്ഡിപിഐ പ്രവർത്തകരെ ഗ്രാമോത്സവത്തിന്റെ വേദിയിൽ നിന്ന് ഇറക്കി വിട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഗ്രാമോത്സവത്തിന്റെ സംഘാടകരിലൊരാളായ സൈഫുദ്ദീനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചതെന്ന് സിപിഎം പറയുന്നു. സംഘർഷാവസ്ഥ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.