- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു
അടൂർ: വഴിയിൽ വച്ച് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് രണ്ടു ബൈക്കിലായെത്തി കാർ അടിച്ചു തകർക്കുകയും യാത്രക്കാരെ ക്രൂരമായി മർദിക്കുകയും ചെയ്ത കേസിലെ പ്രതികളായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള ആറു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. അക്രമം തടയാൻ ശ്രമിച്ച ഹോം ഗാർഡിനെ മർദിച്ചതിന് ഇവർക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് ഒരു കേസ് എടുെത്തങ്കിലും ഇതിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച അടൂർ പൊലീസിന്റെ നടപടി വിവാദത്തിൽ. കേസിൽ സിപിഎം ഉന്നത നേതാവിന്റെ ശിപാർശയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടാണ് അട്ടിമറി നടത്തിയത് എന്ന് ആക്ഷേപം.
കഴിഞ്ഞ 19 ന് വൈകിട്ട് വൈകിട്ട് 4.45 ന് നെല്ലിമൂട്ടിപ്പടി ബൈപ്പാസ് തുടങ്ങുന്ന ഭാഗത്തെ സിഗ്നലിന് സമീപം തടഞ്ഞാണ് ആറംഗ സംഘം കമ്പി വടി കൊണ്ട് കാർ അടിച്ചു തകർത്തത്. കാറിലുണ്ടായിരുന്ന കൊല്ലം പട്ടത്താനം അമ്മൻ നഗർ ഷൈജു മൻസിൽ ഷൈജു (36), കൊട്ടാരക്കര പുത്തൂർ ചരുവിൽ റീസ് (36) എന്നിവരെ ക്രൂരമായി മർദിച്ചു. കാറിന്റെ മുൻവശത്തെയും ഒരു വശത്തെ രണ്ട് ഡോറുകളുടേയും ഗ്ലാസുകൾ തകർക്കുകയുമായിരുന്നു. എതിർക്കാൻ ശ്രമിച്ചപ്പോഴാണ് യാത്രക്കാർക്ക് മർദ്ദനമേറ്റത്. ഇവർ ഈരാറ്റുപേട്ടയ്ക്ക് പോവുകയായിരുന്നു.
പട്ടാപ്പകൽ നടുറോഡിൽ അക്രമം നടക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഹോം ഗാർഡിനെയും പ്രതികൾ മർദിച്ചു. ഇവർക്കെതിരേ ആദ്യം കേസെടുക്കാൻ പൊലീസ് മടിച്ചു. ഹോം ഗാർഡിന്റെ പരാതിയിൽ 353 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പിട്ട് ഒരു കേസും കാർ അടിച്ചു തകർത്തതിന് ജാമ്യമുള്ള വകുപ്പ് ചുമത്തി മറ്റൊരു കേസും എടുത്തു. ഇന്നലെ വൈകിട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ചൂരക്കോട് ചിറ്റാണിമുക്ക് വിഷ്ണു നിവാസിൽ അഭിജിത്ത് ബാലൻ, അജിൻ ഭവനിൽ അജിൻ, മൂലത്തുണ്ടിൽ സുജിത്ത് മോൻ, മഞ്ഞാലി അഖിൽ ഭവനിൽ അജിത്ത് രാജൻ, ആനയടി തോട്ടുവ മനോജ് ഭവനിൽ മഹേഷ് എന്നിവരെയാണ് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത്. കാർ അടിച്ചു തകർത്ത കേസിൽ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹോം ഗാർഡിനെ കൈയേറ്റം ചെയ്തതിന് ജാമ്യമില്ലാ വകുപ്പിട്ട് എടുത്ത കേസിൽ അറസ്റ്റ് ഒഴിവാക്കി പ്രതികളെ വിട്ടയയ്ക്കുകയായിരുന്നു. ഇവിടെയാണ് പൊലീസ്-സിപിഎം ഗൂഢാലോചന നടന്നിരിക്കുന്നത് എന്നാണ് ആക്ഷേപം.
ഡിവൈഎഫ്ഐ നേതാവായ അഭിജിത്ത് ബാലന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. ഇയാൾ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്. ഒരു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇടപെട്ടാണ് ഹോംഗാർഡിന്റെ പരാതിയിൽ എടുത്ത് കേസ് അട്ടിമറിച്ചതെന്ന് പറയുന്നു. പ്രതികളെ ഈ കേസിൽ റിമാൻഡ് ചെയ്താൽ തെരഞ്ഞെടുപ്പിൽ ഇവർക്ക് വോട്ട് ചെയ്യാൻ കഴിയില്ല. ഇതു കണക്കിലെടുത്താണ് ആ കേസിൽ പൊലീസ് നിശബ്ദമായിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം അറസ്റ്റ് ചെയ്യുമെന്നും പറയുന്നു.