കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണം മുറുകുമ്പോൾ തന്നെ ഇഡിയും കേരളത്തിൽ കളം തിറഞ്ഞു കളിക്കുന്നു. മുഖ്യമന്ത്രിയുടെ മകളെ വെട്ടിലാക്കുന്ന വിധത്തിലുള്ള നീക്കങ്ങളിലേക്കാണ് ഇഡി നീങ്ങുന്നത്. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിനെ പിന്നിലെ രഹസ്യങ്ങൾ കണ്ടെത്താനുള്ള തിരക്കിട്ട ശ്രമങ്ങാണ് ഇപ്പോൾ ഇഡി നടത്തുന്നത്. ഇതിന്റെ ഭാഗമായി സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയാണ്.

ഇന്നലവെ ഇന്നലെ ഉച്ചയോടെ തുടങ്ങിയ സിഎംആർഎൽ ജീവനക്കാരുടെ ചോദ്യം ചെയ്യൽ ഇന്നലെ രാത്രി വൈകിയും പുലർച്ചെയും തുടരുകയാണ്. ഇന്നും ചോദ്യം ചെയ്യൽ തുടരും. ഇന്നലെ രാത്രി മുഴുവനും ഇവരെ ഇഡി ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇന്നലെ രാവിലെയോടെയാണ് മൂന്ന് സിഎംആർഎൽ പ്രതിനിധികൾ ഇഡിക്ക് മുന്നിൽ ഹാജരായത്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയോടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങളടക്കമുള്ള കാരണങ്ങൾ പറഞ്ഞു അദ്ദേഹം ഹാജരായിരുന്നില്ല.

സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫീസർ, ഐടി മാനേജർ, സീനിയർ ഐടി ഓഫീസർ എന്നിവരാണ് ഇന്നലെ ഹാജരായിരുന്നത്. എന്നാൽ സിഎംആർഎൽ എംഡിയായ ശശിധരൻ കർത്തയുടെ മൊഴിയെടുക്കൽ നിർബന്ധമാണെന്ന നിലപാടിലാണ് ഇഡി. ഇഡി നോട്ടീസിനെതിരെ കർത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധിയുണ്ടായിരുന്നില്ല.

സിഎംആർഎല്ലും എക്‌സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. എക്‌സാലോജിക്കിന് സിഎംആർഎല്ലിൽ നിന്ന് 1.72 കോടി ലഭിച്ചു എന്ന കണ്ടെത്തലായിരുന്നു കേസിന്റെ ആധാരം. ഐടി സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് ഈ പണം നൽകിയത് എന്നാണു വാദം. എന്നാൽ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് പണം നൽകിയത് എന്ന പരാതികളെ തുടർന്ന് കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണം ആരംഭിച്ചു.

ഇതിനു പിന്നാലെയാണ് ഇഡിയും കേസിൽ അന്വേഷണം ആരംഭിച്ചത്. സിഎംആർഎല്ലിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ഈ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെ ഇഡി ചോദ്യം ചെയ്യുക. മുഖ്യമന്ത്രിയുടെ മകൾ അടക്കമുള്ളവരെക്കൂടി വിളിച്ചുവരുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസി.

ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാസപടി വിവാദം മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്തി കൊണ്ട് വന്നിരുന്നു. ഏപ്രിൽ 26ന് കേരളത്തിൽ നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് വിഷയം വലിയ വിവാദമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വോട്ടെടുപ്പിലേക്ക് കേരളം നീങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ മകളെ വിളിച്ചു വരുത്താമെന്നും ഇഡിക്ക് കണക്കു കൂട്ടലുണ്ടെന്ന് സൂചനയുണ്ട്.

കേരളത്തിലെ പ്രതിപക്ഷ കക്ഷിയായ യുഡിഎഫും മുഖ്യമന്ത്രിയുടെ മകളുടെ പങ്ക് ചൂണ്ടിക്കാട്ടി രംഗത്തെത്തി. എന്നാൽ വിഷയത്തിൽ പ്രതികരിച്ച് തിരഞ്ഞെടുപ്പ് സമയത്ത് വിഷയം ചർച്ചയാക്കേണ്ടന്ന നിലപാടിലാണ് സംസ്ഥാന സർക്കാറും സിപിഐഎമ്മും. അതേസമയം സിഎംആർഎൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ തൈക്കണ്ടിയെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ സംഘം ചോദ്യം ചെയ്തിരുന്നില്ല. അതേസമയം എക്‌സാലോജിക്കുമായി സംശയകരമായ ഇടപാടുകൾ നടത്തിയ സ്ഥാപനങ്ങളുടെ മേധാവിമാരെ എസ്എഫ്‌ഐഒ താമസിയാതെ ചോദ്യം ചെയ്യും.

12 സ്ഥാപനങ്ങളിൽ നിന്നും ഇതിനോടകം സാമ്പത്തിക ഇടപാടിന്റെ രേഖകൾ ഉൾപ്പടെ എസ്എഫ്‌ഐഒ ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. എക്‌സാലോജിക്കുമായി ബന്ധമുള്ള എട്ട് സ്ഥാപനങ്ങളുടെ വിവരങ്ങൾ പരാതിക്കാരനായ ഷോൺ ജോർജ് എസ്എഫ്‌ഐഒയ്ക്ക് നേരത്തെ കൈമാറിയിരുന്നു. ഈ സ്ഥാപനങ്ങളിൽ നിന്നും രേഖകൾ ആവശ്യപ്പെട്ടിരുന്നു. സാന്റാമോണിക്ക, ജെഡിടി ഇസ്ലാമിക്, അനന്തപുരി എഡ്യുക്കേഷൻ സൊസൈറ്റി, കാരക്കോണം സിഎസ്‌ഐ മെഡിക്കൽ കോളേജ് ഉൾപ്പടെ പല സ്ഥാപനങ്ങളും ചെറുതും വലുതുമായ തുക എക്‌സാലോജിക്കിന് കൈമാറിയിട്ടുണ്ട്. ഈ തുകയ്ക്ക് സേവനം ലഭിച്ചിട്ടുണ്ടോ എന്നാണ് എസ്എഫ്‌ഐഒ പ്രധാനമായും പരിശോധിക്കുന്നത്.

വിവാദ കരിമണൽ കമ്പനി എക്‌സാലോജിക്കിന് കൈമാറിയ തുക അഴിമതി പണമാണെന്ന് തെളിഞ്ഞാൽ അത് മുഖ്യമന്ത്രിക്കും കുരുക്കാകും. മുഖ്യമന്ത്രിയുടെ പദവി ഉപയോഗിച്ചാണ് വീണ സിഎംആർല്ലിൽ നിന്നും പണം കൈപ്പറ്റിയതെന്നാണ് ആദായ നികുതി വകുപ്പ് ഇടക്കാല തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലായിരുന്നു അന്വേഷണം എസ്എഫ്‌ഐഒയ്ക്ക് കൈമാറിയത്. ആ അന്വേഷണമാണ് ഇപ്പോൽ ഇഡിയിലും എത്തിനിൽക്കുന്നത്.