ഭുവനേശ്വർ:ഒഡീഷയിലെ ഉന്നത രാഷ്ട്രീയക്കരടക്കം പ്രമുഖരെ ഹണിട്രാപ്പിൽ കുടുക്കി അർച്ചന നാഗ് കോടികൾ തട്ടിയെടുത്ത കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. അർച്ചനയുടെ അറസ്റ്റിലേയ്ക്ക് നയിച്ച കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ഇ.ഡി. ആവശ്യപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രതിപക്ഷപാർട്ടികൾ കേസിൽ സിബിഐ. അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ നടപടി.

തന്നെ സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കിയെന്ന് കാണിച്ച് ഒരു യുവതി നൽകിയ പരാതിയിലാണ് ഒഡിഷയിലെ സത്യവിഹാർ സ്വദേശിയായ അർച്ചന നാഗ് ( 25 ) ഒക്ടോബർ ആറിന് പൊലീസ് കസ്റ്റഡിയിലായത്. യുവതിയിൽനിന്ന് രണ്ട് മൊബൈൽഫോണുകളും പെൻഡ്രൈവുകളും ഡയറിയും പൊലീസ് പിടിച്ചെടുത്തിരുന്നു. അർച്ചനയുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തോട് ഇവരുടെ എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്ന് അവശ്യപ്പെട്ടിരുന്നു. ഇ.ഡി. കേസിന്റെ എഫ്.ഐ.ആർ. ആവശ്യപ്പെട്ടതായി ഭുവനേശ്വർ- കട്ടക്ക് കമ്മിഷണർ സൗമേന്ദ്ര പ്രിയദർശനി അറിയിച്ചു.

കേസിലെ സാമ്പത്തിക ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും പൊലീസിന് അന്വേഷിക്കാനാകില്ലെന്ന് കമ്മിഷണർ പറഞ്ഞു. സ്വകാര്യ വ്യക്തികൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ തന്നെ ഇ.ഡിയോ ആദായനികുതി വകുപ്പോ കേസിൽ ഇടപെടേണ്ടിവരും. അർച്ചനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആരാഞ്ഞ് റിസർവ് ബാങ്കിന് നേരത്തെ കത്തെഴുതിയിരുന്നതായും കമ്മിഷണർ സൗമേന്ദ്ര പ്രിയദർശനി കൂട്ടിച്ചേർത്തു. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ അർച്ചനയും ഭർത്താവും 30 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

യുവതിയിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും പെൻഡ്രൈവുകളും ഡയറിയും പൊലീസ് പിടിച്ചെടുത്തിരുന്നു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെയുള്ള പ്രമുഖരമാണ് അർച്ചനയും സംഘവും ഹണി ട്രാപ്പിനായി തിരഞ്ഞെടുക്കുന്നത്. ഉന്നതരായ പലരിൽ നിന്നും അർച്ചന പണം തട്ടിയിട്ടുണ്ട്. ഒരു സിനിമ നിർമ്മാതാവിനെ കുരുക്കിയ ശേഷം പണം കൈക്കലാക്കാനും ഇവർ ശ്രമിച്ചിരുന്നു. ഒരു യുവതിക്കൊപ്പമുള്ള നിർമ്മാതാവിന്റെ ചിത്രം കാണിച്ചാണ് സംഘം പണം തട്ടിയത്.

കേസിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ അന്വേഷണ സംഘം തയ്യാറായിരുന്നില്ല. ഡയറിയിൽ രാഷ്ട്രീയത്തിലെ പ്രമുഖരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ചോർന്ന് കിട്ടിയിരുന്നു. മറ്റ് മേഖലയിലെ പ്രമുഖരുടെ പേരും ഡയറിയിലുണ്ടെന്നായിരുന്നു സൂചന. ഒട്ടേറെ യുവതികൾ ഇവരുടെ സംഘത്തിലുണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു. യുവതികളെ ഉപയോഗിച്ച് ഉന്നതരുമായി സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നെന്നും പൊലീസ് അറിയിച്ചു.

അർച്ചനയുടെ ഭർത്താവ് ജഗബന്ധു ചന്ദ് അടക്കം ഉൾപ്പെട്ട വൻ സംഘമാണ് അർച്ചനയുടെ നേതൃത്വത്തിൽ ഹണിട്രാപ്പ് 'ഓപ്പറേഷനുകൾ' നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ സമൂഹത്തിൽ ഉന്നതരായ പലരിൽനിന്നും അർച്ചനയും സംഘവും പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. ഒഡീഷയിലെ ഒരു സിനിമാ നിർമ്മാതാവിനെ ഹണിട്രാപ്പിൽ കുരുക്കിയ ശേഷം പണം കൈക്കലാക്കാനും ഇവർ ശ്രമിച്ചിരുന്നു.

ഒരു യുവതിക്കൊപ്പമുള്ള നിർമ്മാതാവിന്റെ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിച്ചാണ് പണം തട്ടാൻ ശ്രമിച്ചത്. സ്ത്രീകളുമൊത്തുള്ള ചിത്രം കാണിച്ച് ഒരു ബിസിനസുകാരനെ ബ്ലാക്‌മെയിൽ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ചിത്രം പ്രചരിപ്പിക്കാതിരിക്കാൻ മൂന്ന് കോടി രൂപയാണ് അർച്ചന ആവശ്യപ്പെട്ടത്. എന്നാൽ തുക നൽകാൻ തയ്യാറാകാത്ത വ്യവസായി പൊലീസിൽ പരാതി നൽകുകയായിരുന്നു