- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്‌ബോൾ കളത്തിലെ പിണക്കത്തിന് ചങ്ങാതിയെ ബോംബ് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ചു; മരിച്ചില്ലെന്ന് മനസിലാക്കി വെട്ടിക്കൊന്നു; പാരിപ്പള്ളിയിലും ചാത്തന്നൂരിലും വൻ കവർച്ച നടത്തിയ എഡ്വിൻ രാജും പാട്രൈ സുരേഷും കൊടും ക്രിമിനലുകൾ; ജയിലിൽ കിടന്നപ്പോൾ ചങ്ങാതിമാരായവർ ശ്രമിച്ചത് ഒരു ദിവസം രണ്ട് ജില്ലകളിൽ കവർച്ച നടത്താൻ; നീക്കമറിഞ്ഞ് കുടുക്കിയത് ചാത്തന്നൂർ പൊലീസിന്റെ ബുദ്ധി
കൊല്ലം: പാരിപ്പള്ളിയിലും ചാത്തന്നൂരിലുമായി വീടുകളിൽ വൻ കവർച്ച നടത്തി പിടിയിലായവർ ജയിലിൽ വച്ചു പരിചയപ്പെട്ടവരെന്ന് ചാത്തന്നൂർ പൊലീസ്. ജയിലിലെ ചങ്ങാത്തത്തിനെ പുറത്തിറങ്ങിയാൽ മോഷ്ടിക്കാനുള്ള മാസ്റ്റർപ്ലാനിനും മോഷ്ടാക്കൾ രൂപം നൽകിയിരുന്നു. മധുര അറപ്പാളയം പുട്ടുതോപ്പ് ചെക്കടി സ്ട്രീറ്റിൽ സുരേഷ് (പട്രൈ സുരേഷ്(35), തൂത്തുക്കുടി മപ്ലൈഊരാണി കാമരാജർ നഗർ വെസ്റ്റിൽ എഡ്വിൻ രാജ് (34) എന്നിവരെയാണ് ചാത്തന്നൂർ പൊലീസ് പിടികൂടി റിമാന്റ് ചെയ്തത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒരു പകൽ കൊണ്ടു പരമാവധി കവർച്ച നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മോഷ്ടാക്കൾ കേരളത്തിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. പണവും സ്വർണവും കവർന്നു കടന്നുകളഞ്ഞ ഇരുവരെയും കെഎസ്ആർടിസി ബസിൽ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് പുളയറ ചെക്പോസ്റ്റിൽ വച്ചു പിടികൂടിയത്. പ്രതികളെ തിരിച്ചറിഞ്ഞ ചാത്തന്നൂർ പൊലീസ് ജില്ലാതിർത്തികളിൽ വലവിരിച്ച് കാത്തിരുന്നു.
കേസിലെ പ്രധാന പ്രതി എഡ്വിൻ രാജ് തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ട കൂടിയാണ്. സ്വന്തമായി ഗുണ്ടാസംഘങ്ങൾ പോലും ഇയാൾക്കുണ്ടെന്നാണ് വിവരം. ചെന്നൈയിൽ ഫുട്ബോൾ കളിക്കുമ്പോഴുണ്ടായ തർക്കത്തിന്റെ വൈരാഗ്യത്തിൽ യുവാവിനെ കൊലപ്പെടുത്താൻ സ്വന്തമായി ബോംബ് നിർമ്മിച്ചു എറിഞ്ഞ ആളാണ് എഡ്വിൻ . പിന്നീട് യുവാവ് മരിക്കാത്തതിനാൽ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായിരുന്നു എഡ്വിൻരാജ് ഈ കേസിൽ സാക്ഷി പറയാൻ ആളില്ലാഞ്ഞതിനാൽ ഇയാളെ കോടതി വിട്ടയച്ചു.
കൊല്ലത്തെ മോഷണത്തിന് ശേഷം തിരുവനന്തപുരത്ത് എത്തി അവിടെ നിന്ന് അര്യങ്കാവ് വഴി മടങ്ങിപ്പോകാനായിരുന്നു മോഷ്ടാക്കളുടെ പ്ലാൻ. ആയുധങ്ങളും കരുതിയിരുന്നു. ബുധനാഴ്ച രാവിലെ ബസിൽ തിരുവനന്തപുരത്ത് എത്തിയ ശേഷം നഗരത്തിൽ നിന്നു ബൈക്ക് മോഷ്ടിച്ചു. പിന്നീട് പാരിപ്പള്ളി ഇന്ദ്രനീലത്തിൽ സുനിൽ കുമാറിന്റെ വീട്ടിൽ നിന്നു സ്വർണാഭരണങ്ങൾ കവർന്നു. കവർന്ന ബൈക്ക് കൂടുതൽ യാത്രയ്ക്ക് അനുയോജ്യമല്ലാത്തതിനാൽ മറ്റൊരു ബൈക്ക് മോഷ്ടിക്കാനാണ് ചാത്തന്നൂർ കനക മന്ദിരത്തിൽ ശ്യാംരാജിന്റെ വീട്ടിൽ എത്തുന്നത്.
വീട്ടിൽ ആളില്ലെന്നു കണ്ടതോടെ കവർച്ച നടത്തി. സുരേഷ് കവർച്ചയ്ക്കായി വീട്ടിൽ കയറുമ്പോൾ എഡ്വിൻ രാജ് പുറത്തു ബൈക്കിൽ കാവൽ നിൽക്കും. വീട്ടുടമ എത്തിയതോടെ ബൈക്ക് മോഷണം പാളി. വേഗത്തിൽ കടന്നുകളയാൻ ശ്രമിച്ചെങ്കിലും കള്ളന്മാരുടെ ഫോട്ടോ വീട്ടുടമ എടുത്തതാണ് മോഷ്ടാക്കളെ കുടുക്കിയത്. ചിത്രം എടുത്തതിനാൽ പിന്നീടുള്ള കവർച്ചകൾ ഒഴിവാക്കി തമിഴ്‌നാട്ടിലേക്കു പോകാൻ തീരുമാനിച്ചു. നെടുങ്ങോലം എംഎൽഎ ജംക്ഷനിൽ ബൈക്ക് ഉപേക്ഷിച്ച ശേഷം ഓട്ടോറിക്ഷയിൽ കൊല്ലത്തേക്കു തിരിച്ചു.
മോഷണം നടത്തുമ്പോൾ സുരേഷ് മഞ്ഞ ടിഷർട്ടാണ് ധരിച്ചിരുന്നത്. ഇതു ഓട്ടോയിൽ ഇരുന്നു മാറി. റെയിൽവേ സ്റ്റേഷനിൽ എത്തി ഭക്ഷണം കഴിച്ച ശേഷം ബസ് സ്റ്റാൻഡിൽ എത്തി തമിഴ്‌നാട്ടിലേക്കു പോകുമ്പോഴാണ് പിടിയിലായത്. മഫ്ടിയിൽ എത്തിയ പൊലീസ് സംഘം ബസ് വളഞ്ഞാണ് മോഷ്ടാക്കളെ കസ്റ്റഡിയിൽ എടുത്തത്. ചാത്തന്നൂർ എസിപി ബി.ഗോപകുമാർ, ഇൻസ്പെക്ടർ വി.ശിവകുമാർ എസ്ഐ ആശ വി.രേഖ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുത്തു. ഉപേക്ഷിച്ച ബൈക്ക് കണ്ടെടുത്തു. ഇതിൽ നിന്ന് വിരൽ അടയാളം ഉൾപ്പെടെ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.