തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എട്ടു വയസുകാരനെ അച്ഛന്റെ അനുജൻ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ നെയാറ്റിൻകര പൊലീസിൽ പരാതി നൽകി.

''കുടിയെടാ.. ഒന്നും പേടിക്കണ്ട, അച്ചാച്ചൻ എല്ലാം നോക്കിക്കോളാം ധൈര്യമായിട്ട് കുടിക്ക്''- എന്ന് പറയുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പൊതു സ്ഥലത്തുവച്ചു ബിയർ നിർബന്ധിച്ചാണ് കുടിപ്പിച്ചത്. അച്ഛന്റെ അനുജൻ മനുവിനെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.

തിരുവോണ ദിവസം നടന്ന സംഭവത്തിന്റെ വിഡിയോ ശ്രദ്ധയിൽപ്പെട്ട ചൈൽഡ് ലൈൻ പ്രവർത്തകരാണു പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി എടുത്തു. നടന്ന കാര്യങ്ങൾ കുട്ടി പൊലീസിനോടു പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് മനുവിനെതിരെ കേസെടുത്തിരിക്കുന്നത്.

തിരുവോണ ദിവസം വീടിന് സമീപത്തെ തുറസ്സായ സ്ഥലത്ത് വച്ചാണ് മനു സഹോദര പുത്രനെ ബിയർ കുടിപ്പിച്ചത്. ബിവറേജസിൽ ബിയർ വാങ്ങാൻ പോയപ്പോൾ ഇയാൾ കുട്ടിയെ ഒപ്പം കൂട്ടിയിരുന്നു. ആരും ചോദിക്കാൻ ഇല്ലെന്നും ബാക്കി കേസ് താൻ നോക്കിക്കോളാം എന്നും പറഞ്ഞ് ബിയർ കുടിപ്പിക്കുകയായിരുന്നു. എന്നാൽ അതുവഴി പോയ ഒരാൾ കുട്ടി ബിയർ കുടിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തുടർ നടപടി.