- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരബലി നടന്നാൽ കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള നിധി കിട്ടുമെന്നു മന്ത്രവാദി കാലടി മാണിക്കമംഗലം ഭാസ്‌കരൻ; ഈറ്റ വെട്ടാൻ പോയി പിരചയപ്പെട്ട രണ്ടാം ഭാര്യയെ ഇരയാക്കിയ ഭർത്താവ്; മകളുടെ പ്രേതബാധ മാറ്റാൻ മകനെ കൊന്ന അച്ഛനും അമ്മയും; 1998ൽ വണ്ണപ്പുറത്തേതും ആഭിചാരത്തിന്റെ കൊല; ഇലന്തൂരിന് മുമ്പും നരബലികൾ; സ്ത്രീകൾ കയറിയ വാഹനം 'ത്രിമൂർത്തികളെ' കുടുക്കിയപ്പോൾ
പത്തനംതിട്ട: ഇലന്തൂരിൽ സ്ത്രീകളെ കൊലപ്പെടുത്തിയത് നരബലിയുടെ ഭാഗമായാണെന്നു പൊലീസും സ്ഥിരീകരിച്ചു കഴിഞ്ഞു. കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്. നാലു സ്ഥലത്തുനിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്. ആദ്യം കണ്ടെത്തിയ മൃതദേഹം 56 കഷണങ്ങളായി മുറിച്ചിരുന്നു. രണ്ടാമത് കണ്ടെത്തിയ മൃതദേഹം 5 കഷണങ്ങളായും മുറിച്ച നിലയിലായിരുന്നു. രണ്ടാമത്തെ മൃതദേഹത്തിനൊപ്പം കുങ്കുമം തേച്ച ബാഗും കല്ലും കണ്ടെടുത്തു. ഇതും നരബലിയുടേയും ആഭിചാരത്തിന്റേയും സൂചനയാണ്.
നരബലി നടന്നത് ജൂൺ എട്ടിനും സെപ്റ്റംബർ 26നുമാണ്. വൈകിട്ട് അഞ്ചിനും ആറിനുമിടയിലാണ് കൃത്യം നടന്നത്. മൂന്നുപേരും ക്രൂരകൃത്യത്തിൽ പങ്കാളികളായി. ഒന്നരവർഷം മുൻപാണ് മുഹമ്മദ് ഷാഫി ദമ്പതികളുമായി ബന്ധം തുടങ്ങിയത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി എൻ എ പരിശോധന നടത്തും. കോട്ടയം മെഡിക്കൽ കോളജിലാണ് പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തുന്നത്. ഫൊറൻസിക് പരിശോധനയും മറ്റും നടത്തും. ഇലന്തൂരിലെ വീടിനു ചുറ്റും പൊലീസ് പരിശോധന നടത്തും. മുഹമ്മദ് ഷാഫിയുടെ മറ്റ് സോഷ്യൽ മീഡിയാ ബന്ദങ്ങളും കണ്ടെത്തും.
വീട്ടിൽനിന്നും ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. വീട്ടിൽ നിരവധി ആയുധങ്ങൾ ഉണ്ട്. ഇതിൽ കൊലയ്ക്ക് ഉപയോഗിച്ചത് ഏതാണെന്നു തിരിച്ചറിയാനുണ്ട്. കൊലപാതകത്തിൽ ഭഗവൽ സിങ്, ലൈല, ഷാഫി എന്നിവർക്കുള്ള പങ്ക് പൊലീസ് കണ്ടെത്തി കഴിഞ്ഞു. സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടുവന്ന വാഹനം കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായതെന്നു ഡിസിപി ശശിധരൻ പറഞ്ഞു. സ്ത്രീകൾ കയറിയത് ഷാഫിയുടെ വാഹനത്തിലാണെന്നു കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാണാതായ സ്ത്രീയെ തേടിയുള്ള അന്വേഷണമാണ് നിർണ്ണായകമായത്. കാലടി സ്വദേശി റോസിലി, പൊന്നുരുന്നി സ്വദേശി പത്മം എന്നിവരാണ് നരബലിയുടെ ഭാഗമായി കൊല്ലപ്പെട്ടത്.
കേരളത്തിലെ ആദ്യത്തേതെന്നു കരുതപ്പെടുന്ന നരബലി നടന്നത് 41 വർഷം മുൻപ് ഇടുക്കിയിലാണ്. കൊന്നത്തടി പഞ്ചായത്തിലെ പനംകുട്ടിയിൽ 1981 ഡിസംബർ 17നായിരുന്നു സംഭവം. കുളമാവ് മുത്തിയുരുണ്ടയാർ തച്ചിലേത്ത് വർഗീസിന്റെ മൂന്നാമത്തെ മകൾ സോഫിയയെയാണു നിധി കിട്ടാൻ വേണ്ടി ഭർത്താവ് പനംകുട്ടി ചുരുളിപ്പറമ്പിൽ മോഹനനും വീട്ടുകാരും ചേർന്നു നരബലി നടത്തി വീട്ടിനുള്ളിൽ കുഴിച്ചിട്ടത്. മോഹനൻ, പിതാവ് കറുപ്പൻ, അമ്മ രാധ, മോഹനന്റെ സഹോദരന്മാരായ ഉണ്ണി, ബാബു, മന്ത്രവാദി കാലടി മാണിക്കമംഗലം ഭാസ്‌കരൻ എന്നിവർ ചേർന്നാണു കൃത്യം നടത്തിയത്.
നരബലി നടന്നാൽ കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള നിധി കിട്ടുമെന്നു മന്ത്രവാദി പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. പ്രതികൾക്കെല്ലാം ജീവപര്യന്തം ശിക്ഷ ലഭിച്ചു. ഉണ്ണി ശിക്ഷ പൂർത്തിയാവും മുൻപു ജയിലിൽ മരിച്ചു. കാട്ടിൽ നിന്ന് ഈറ്റ വെട്ടി പനമ്പും കുട്ടയും നെയ്തു വിൽക്കുന്നവരായിരുന്നു മോഹനനും കുടുംബവും. ആദ്യഭാര്യ ഉപേക്ഷിച്ചുപോയ മോഹനൻ ഈറ്റ വെട്ടാൻ എത്തിയപ്പോഴാണു സോഫിയയെ കണ്ടുമുട്ടിയത്. പിന്നീട് സോഫിയയയെ നരബലി നടത്തി അകത്താകുകയും ചെയ്തു.
സഹോദരിയുടെ പ്രേതബാധ അകറ്റാനായി പതിനഞ്ചുവയസ്സുകാരനെ നരബലി നൽകിയത് 1983 ജൂൺ 29ന് ഇടുക്കി രാമക്കൽമേട്ടിലാണ്. മുണ്ടിയെരുമ ഗവ. ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന റഹ്‌മത്താണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. റഹ്‌മത്തിന്റെ മാതാവ്, പിതാവ്, സഹോദരി എന്നിവരുൾപ്പെടെ 6 പേർക്ക് ഈ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു.
2018ൽ മഹാപ്രളയം നടക്കുന്നതിനു തൊട്ടു മുൻപ് ഓഗസ്റ്റ് 3നാണ് ഇടുക്കിയിലെ വണ്ണപ്പുറത്തിനു സമീപമുള്ള കമ്പകത്താനത്തു കാനാട്ടു വീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആർഷ, അർജുൻ എന്നിവരെ തലയ്ക്കടിച്ചും കുത്തിയും കൊലപ്പെടുത്തിയ വിവരം പുറത്തറിയുന്നത്. മോഷണത്തിനു വേണ്ടിയുള്ള കൊലപാതകമാണെന്നായിരുന്നു പൊലീസിന്റെ ആദ്യസംശയം. ആഭിചാരത്തിന്റെ ഭാഗമായിട്ടായിരുന്നു കൊലപാതകങ്ങളെന്നു പിന്നീടു കണ്ടെത്തി.
ഒരു വർഷത്തിനുശേഷം കുറ്റപത്രം സമർപ്പിച്ചു. പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടിരുന്നു. കേസിലെ ഒന്നാം പ്രതി തേവർകുടിയിൽ അനീഷിനെ കഴിഞ്ഞ വർഷം വീട്ടിനുള്ളിൽ വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ