ഇലന്തൂർ: ഇലന്തൂർ നരബലി കേസിൽ നിർണയകമാകുക ഫോറൻസിക് തെളിവുകൾ. നാൽപ്പതോളം ഫോറൻസിക് തെളിവുകളാണ് പൊലീസ് കണ്ടെത്തിയത്. രക്തം ശേഖരിച്ച പാത്രം, മനുഷ്യമാംസം പാചകം ചെയ്ത പ്രഷർ കുക്കർ, മൃതദേഹങ്ങൾ വെട്ടിമുറിച്ച അറവുകത്തികൾ , മൃതദേഹ അവശിഷ്ടങ്ങൾ കത്തിച്ചതിന്റെ അവശിഷ്ടങ്ങൾ, റഫ്രിജറേറ്ററിൽ 10 കിലോ നരമാംസം സൂക്ഷിച്ചതിന്റെ തെളിവുകൾ തുടങ്ങിയവയാണ് കണ്ടെത്തിയത്. പ്രതികൾ അറവുകത്തി വാങ്ങിയ സ്ഥലങ്ങളിലടക്കം ഇനി തെളിവെടുപ്പ് വേണ്ടിവരും. ഇന്നലെ കഡാവർ നായകളെ ഉയോഗിച്ചുള്ള പരിശോധനയിൽ കൂടുതൽ മൃതദേഹങ്ങളില്ലെന്ന് ബോധ്യമായിക്കഴിഞ്ഞു. ഇന്നലെ ഏഴര മണിക്കൂറോളമാണ് തെളിവെടുപ്പ് നടന്നത്.

മനുഷ്യമാംസം പ്രതികൾ ഫ്രിഡ്ജിൽ സൂക്ഷിച്ചുവെന്നുമാണ് പ്രതികൾ വ്യക്തമാക്കിയത്. ഫ്രിഡ്ജിനുള്ളിൽ രക്തക്കറ കണ്ടപ്പോൾ എങ്ങനെയാണ് ഇതുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ ചോദിച്ചു. അത് മനുഷ്യമാംസം വെച്ചതിന്റേതാണെന്നായിരുന്നു ലൈലയുടെ മറുപടി. മനുഷ്യമാംസം വേവിക്കാൻ ഉപയോഗിച്ച പാത്രങ്ങളും ലൈലതന്നെ ചൂണ്ടിക്കാണിച്ചു. ഇത് നിങ്ങൾ തിന്നോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു ഷാഫിയുടെ മറുപടി.

കൊലപാതകങ്ങൾ നടന്ന വീടിനുള്ളിൽ കൊച്ചിയിൽ നിന്നുള്ള ഫൊറൻസിക് സംഘവും വിശദ പരിശോധന നടത്തിയപ്പോഴാണ് നിർണായകമായ തെളിവുകൾ കണ്ടെത്തിയത്. മുറികളിലും ഫ്രിഡ്ജിലും രക്തക്കറ കണ്ടെത്തി. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ വീടിന് മുന്നിലെ തിരുമ്മുശാലയിൽനിന്ന് കണ്ടെടുത്തു. നാല് കറിക്കത്തിയും ഒരു വെട്ടുകത്തിയുമാണ് കിട്ടിയത്. ആയുധങ്ങളിൽ പ്രതികളുടേതെന്ന കരുതുന്ന വിരലടയാളങ്ങളും ഉണ്ടായിരുന്നു.

കൊലപാതകം നടത്തിയത് എങ്ങനെയെന്ന് ഡമ്മിയിൽ ഭഗവൽ സിങ് പൊലീസിന് കാണിച്ചു കൊടുത്തു. സ്ത്രീരൂപത്തിലുള്ള ഡമ്മിയാണ് ഉപയോഗിച്ചത്. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിങ്, മൂന്നാം പ്രതിയും ഭഗവൽ സിങ്ങിന്റെ ഭാര്യയുമായ ലൈല എന്നിവരുമായാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലിന് കടവന്ത്ര പൊലീസ് ഇലന്തൂരിലെ കടകംപള്ളിൽ വീട്ടിൽ തെളിവെടുപ്പിനെത്തിയത്.

ഇലന്തൂർ ഇരട്ട നരബലിക്കേസിലെ പ്രതിയായ ലൈല മനുഷ്യമാംസം വേവിച്ചെന്ന് മൊഴിനൽകിയതായി വിവരം. കൊലപാതകം നടന്ന വീട്ടിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. മനുഷ്യമാംസം ഭഗവൽസിങ്ങ് കഴിച്ചില്ലെന്നാണ് വിവരം. ഇത് കഴിക്കാൻ വിസമ്മതിച്ചു. ഇത് അയാളുടെ വായിൽ തിരുകിവെച്ചെങ്കിലും തുപ്പിക്കളഞ്ഞെന്ന് ലൈല പറഞ്ഞതായാണ് വിവരം. വീടിന് പടിഞ്ഞാറുഭാഗത്തെ മുറിയിലുള്ള മേശ പോസ്റ്റുമോർട്ടം ടേബിളിന് സമാനമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. മൃതദേഹങ്ങൾ വെട്ടിമുറിക്കാൻവെച്ച തടിക്കഷണവും കണ്ടെത്തിയിട്ടുണ്ട്.

അതേസമം ഇന്നലെ പ്രതികളുമായി പൊലീസ് ഇലന്തൂരിലേക്കെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചു. ബിജെപി. പ്രവർത്തകർ വാഹനത്തിനടുത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ പൊലീസ് ലാത്തിവീശി. കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായെത്തി. ഡിവൈഎഫ്ഐ. ഇലന്തൂർ മാർക്കറ്റ് ജങ്ഷനിൽ പ്രതിഷേധയോഗം നടത്തി. അതേസമയം ഇരട്ട നരബലി നടന്ന ഇലന്തൂരിൽ തെളിവെടുപ്പിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കൊച്ചിയിൽ നിന്നെത്തിച്ച സ്ത്രീകളെ ബലികൊടുക്കും മുൻപ് പത്തനംതിട്ടയിലെ രണ്ട് സ്ത്രീകളെ കുടുക്കിലാക്കാൻ ശ്രമിച്ചെന്നും വ്യക്തമായി.

റോസ്ലിക്കും പത്മയ്ക്കും മുൻപു 2 പേരെ കൊല്ലാൻ ശ്രമിച്ചതായി പ്രതികൾ പൊലീസിനു മൊഴി നൽകുകായിരുന്നു. പത്തനംതിട്ടയിലെ ലോട്ടറി വിൽപ്പനക്കാരിയും പന്തളത്തെ മറ്റൊരു യുവതിയുമാണ് തലനാരിഴക്ക് ജീവൻ രക്ഷപെട്ടവരുടെ കൂട്ടത്തിലുള്ളത്. ലോട്ടറി വിൽപനക്കാരിയായ പത്തനംതിട്ട ആനപ്പാറ സ്വദേശിയിൽനിന്ന് ലോട്ടറി മൊത്തമായി വാങ്ങിയാണ് ഒരു വർഷം മുൻപു ഷാഫി പരിചയം സ്ഥാപിച്ചത്. തിരുമ്മു കേന്ദ്രത്തിൽ 18,000 രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ടെന്നു പറഞ്ഞ് ഇവരെ ഇലന്തൂരിലെത്തിച്ചു. ആദ്യ ദിവസം 1000 രൂപ നൽകി. രണ്ടാം ദിവസം ഉച്ചയ്ക്കു തിരുമ്മു കഴിഞ്ഞു നിൽക്കുമ്പോൾ ഇവരെ ലൈലയും ഭഗവൽസിങും വീട്ടിലേക്ക് ക്ഷണിച്ചു. അകത്തു കയറിയപ്പോൾ ഇരുവരും ചേർന്ന് ഇവരെ കട്ടിലിലേക്ക് തള്ളിയിട്ടശേഷം കൈ ബന്ധിക്കാൻ തുടങ്ങി.

ലൈലയും ഭഗവൽസിങും കാലുകൾ കെട്ടാൻ തിരിഞ്ഞ തക്കത്തിന് ഇവർ കയ്യിലെ കെട്ടഴിച്ച് കുതറിയോടുകയായിരുന്നു. ഇതിനിടെ ഷാഫി മുഖത്തടിച്ചപ്പോൾ ഇവർ താഴെ വീണെങ്കിലും പുറത്തുകടന്നു. റോഡിലെത്തിയപ്പോൾ ലൈല അനുനയിപ്പിച്ചു തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും യുവതി റോഡിൽതന്നെ നിലയുറപ്പിച്ചു. പരിചയക്കാരനായ ഓട്ടോ ഡ്രൈവറെ വിളിച്ച് അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. വിദേശത്തുള്ള ഈ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പന്തളത്തെ സ്വകാര്യ ഏജൻസി വഴി ലൈല വീട്ടുജോലിക്കെത്തിച്ച യുവതിയാണ് രണ്ടാമത്തെയാൾ. ആ സമയത്താണു വീടിനു മുന്നിൽ മാലിന്യക്കുഴിയെടുക്കുന്നത്. തൊട്ടടുത്ത ദിവസം പ്രതികൾ ലൈംഗികച്ചുവയോടെ സംസാരിച്ചപ്പോൾ അവിടെ നിൽക്കുന്നതു പന്തിയല്ലെന്നു കണ്ട് അവരും രക്ഷപ്പെടുകയായിരുന്നു. ഈ രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണു ഷാഫി റോസ്ലിയെയും പത്മയെയും കുടുക്കിയതെന്നാണു സൂചന.